ഇന്ത്യയില്‍ ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു; എച്ച്ഡിഎഫ്‌സിയുമായി സഹകരിക്കും
- ആപ്പിള്‍ പേ അവതരിപ്പിക്കാന്‍ എന്‍പിസിഐയുമായും ചര്‍ച്ചകള്‍ നടത്തുന്നതായിട്ടാണു സൂചന
- മൊബൈല്‍ ഫോണ്‍ പേയ്‌മെന്റുകളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. ഇത് പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം
- ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാന്‍ ബാങ്കുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ
ഐഫോണ്‍ നിര്‍മാതാക്കളെന്ന നിലയില്‍ പ്രശസ്തരാണ് ആപ്പിള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആപ്പിളിന്റെ ഐഫോണ്‍ ജനകീയവുമാണ്. ഐഫോണിലൂടെ വിപണി കീഴടക്കിയ ആപ്പിള്‍ ഇനി ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.
ഇന്ത്യന്‍ സമ്പദ്‌രംഗത്ത് വര്‍ധിച്ചുവരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ആപ്പിള്‍ കമ്പനി തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും. ആപ്പിള്‍ കാര്‍ഡ് എന്നാണ് ആപ്പിളിന്റെ ക്രെഡിറ്റ് കാര്‍ഡിന്റെ പേര്. എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ചായിരിക്കും ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുക. മൊബൈല്‍ ഫോണ്‍ പേയ്‌മെന്റുകളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. ഇത് പ്രയോജനപ്പെടുത്തുക എന്നതാണ് ആപ്പിളിന്റെ ലക്ഷ്യം.
ഈ വര്‍ഷം ഏപ്രിലില്‍ ആപ്പിളിന്റെ മുംബൈയിലെയും ഡല്‍ഹിയിലെയും സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുന്നതിനായി ഇന്ത്യയിലെത്തിയ ആപ്പിള്‍ സിഇഒ ടിം കുക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഒയും എംഡിയുമായ ശശിധര്‍ ജഗദീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആപ്പിള്‍ പേ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ എന്‍പിസിഐയുമായും ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തുന്നതായിട്ടാണു സൂചന.
ആപ്പിളിന്റെ ക്രെഡിറ്റ് കാര്‍ഡ് എന്‍പിസിഐയുടെ റുപേ എന്ന പ്ലാറ്റ്‌ഫോമുമായി കൂട്ടിയോജിപ്പിക്കാനാണോ അതോ യുപിഐയുമായി സഹകരിക്കാനാണോ ഉദ്ദേശിക്കുന്നത് എന്ന കാര്യം വ്യക്തമല്ല.
റുപേ ക്രെഡിറ്റ് കാര്‍ഡ് ലോഞ്ച് ചെയ്യുന്നതിന്റെ ഗുണം എന്തെന്നുവച്ചാല്‍ അത് യുപിഐയുമായി ബന്ധിപ്പിക്കാന്‍ കഴിയും എന്നതാണ്. യുപിഐ പ്ലാറ്റ്‌ഫോമില്‍ ഒരു മാസം എട്ട് ബില്യനിലധികം ഇടപാടുകള്‍ നടക്കുന്നുണ്ട്.
ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാന്‍ ബാങ്കുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ആപ്പിള്‍ നിലവില്‍ ബാങ്ക് നടത്തുന്നില്ല.
എന്നാല്‍ മൊബൈല്‍ ഫോണുകള്‍ വഴി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്തുകൊണ്ട് തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ പേയ്‌മെന്റുകള്‍ നടത്താന്‍ ഉപഭോക്താക്കളെ യുപിഐ അനുവദിക്കുന്നുണ്ട്. ഇന്ന് മൊബൈല്‍ ഫോണിലൂടെ നടത്തുന്ന പേയ്‌മെന്റുകളുടെ എണ്ണം നിരവധിയാണ്.
തേഡ് പാര്‍ട്ടി പേയ്‌മെന്റ് ആപ്പുകളുടെ സാന്നിധ്യം ഒഴിവാക്കി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്തു കൊണ്ട് യുപിഐ ഇടപാടുകള്‍ നടത്താന്‍ ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുകഎന്നതാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.
ടെക് ഭീമന്മാരായ ഗൂഗിളും, ആപ്പിളും, ആമസോണും, സാംസങും പേയ്‌മെന്റ് മേഖലയിലേക്ക് അവരുടെ സാന്നിധ്യം വിപുലീകരിക്കുകയാണ്. കൂടാതെ സാമ്പത്തിക സേവന മേഖലയില്‍ നിരവധി പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. അതിനായി ഈ കമ്പനികള്‍ പേയ്‌മെന്റ് ആപ്പുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിലൂടെ ഈ മേഖലയില്‍ കാര്യമായ പുരോഗതി കൈവരിക്കാനാണ് ശ്രമിക്കുന്നത്.
ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയാലും ആപ്പിളിന് അതിന്റെ ലോഗോയും ഉപഭോക്താവിന്റെ പേരും കാര്‍ഡിന്റെ മുന്‍വശത്ത് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല. മാത്രമല്ല, കസ്റ്റമറിന്റെയോ ഇടപാടുകളുടെയോ ഡാറ്റ ശേഖരിക്കാനും ആപ്പിളിന് സാധിക്കില്ല.