പൈ, ഫൈ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കാന്‍ യെസ് ബാങ്ക്
- ഡിജിറ്റല്‍ സേവനം മാത്രമുള്ള കാര്‍ഡാണ് യെസ് ബാങ്ക് എഎന്‍ക്യു പൈ ക്രെഡിറ്റ് കാര്‍ഡ്
- കാര്‍ഡുപയോഗിച്ചുള്ള ചെലവഴിക്കലുകള്‍ ഇഎംഐയാക്കാനും കഴിയും
- ജോയിനിംഗ് ഫീസ് ഇല്ല
യെസ് ബാങ്കും ബംഗളൂരു ആസ്ഥാനമായുള്ള ധനകാര്യ സേവന ദാതാവായ എഎന്‍ക്യുവുമായി സഹകരിച്ച് രണ്ട് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു. പൈ, ഫൈ കോ-ബ്രാന്‍ഡഡ് കാര്‍ഡുകള്‍ സവിശേഷമായ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.
ആഭ്യന്തര ഇടപാടുകള്‍ക്കായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) ക്രെഡിറ്റ് നല്‍കുന്ന ഡിജിറ്റല്‍ സേവനം മാത്രമുള്ള കാര്‍ഡാണ് യെസ് ബാങ്ക് എഎന്‍ക്യു പൈ ക്രെഡിറ്റ് കാര്‍ഡ്. ജോയിനിംഗ് അല്ലെങ്കില്‍ വാര്‍ഷിക ഫീസ് ഇല്ലാത്തതിനാല്‍ ഈ കാര്‍ഡ് അധിക ചെലവുകളില്ലാതെ ഉപയോഗിക്കാം. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകളില്‍ ഉപഭോക്താക്കള്‍ക്ക് 8 റിവാര്‍ഡ് പോയിന്റുകള്‍ നേടാനും റൂപേ പ്ലാറ്റിനം സേവനങ്ങള്‍ നേടാനും കഴിയും. കൂടാതെ, കാര്‍ഡുപയോഗിച്ചുള്ള ചെലവഴിക്കലുകള്‍ ഇഎംഐയാക്കാനും കഴിയും.
യെസ് ബാങ്ക് എഎന്‍ക്യു ഫൈ ക്രെഡിറ്റ് കാര്‍ഡ് ആഭ്യന്തരവും അന്തര്‍ദ്ദേശീയവുമായ ചെലവഴിക്കലുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഫിസിക്കല്‍ കാര്‍ഡാണ്. പൈ കാര്‍ഡ് പോലെ ഇതിനും ജോയിനിംഗ് ഫീസ് ഇല്ല. ഇന്ധന സര്‍ചാര്‍ജുകള്‍ക്ക് ഇളവുകള്‍, അന്താരാഷ്ട്ര ലോഞ്ച് ആക്‌സസ് എന്നിവയ്‌ക്കൊപ്പം ഡൈനിംഗ്, യാത്ര എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ ഫൈ കാര്‍ഡ് റിവാര്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത വിഭാഗങ്ങളില്‍ 200 രൂപ ചെലവഴിച്ചാല്‍ 24 റിവാര്‍ഡ് പോയിന്റുകളും 200 രൂപയുടെ മറ്റ് ചെലവുകള്‍ക്ക് 4 റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.