പതഞ്ജലി ഇന്‍ഷുറന്‍സ് രംഗത്തേക്ക്

  • 4500 കോടിയുടേതാണ് ഏറ്റെടുക്കല്‍ ഇടപാട്
  • മാഗ്മ 70-ലധികം ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്നു
  • ഇന്ത്യയില്‍ ജനറല്‍ ഇന്‍ഷുറന്‍സ് പിന്നിലാണ്
;

Update: 2025-03-14 11:27 GMT

ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ഇന്‍ഷുറന്‍സ് രംഗത്തേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി ധരം സത്യപാല്‍ ഗ്രൂപ്പുമായി (ഡിഎസ് ഗ്രൂപ്പ്) ചേര്‍ന്ന് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ (മുമ്പ് മാഗ്മ എച്ച്ഡിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്) ഏറ്റെടുക്കും. 4500 കോടിയുടേതാണ് ഇടപാട്. സനോതി പ്രോപ്പര്‍ട്ടീസിന്റെയും അദാര്‍ പൂനാവാലയുടേയും റൈസിംഗ് സണ്‍ ഹോള്‍ഡിംഗ്‌സിന്റെയും ഉടമസ്ഥതയിലാണ് മാഗ്മ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സനോതി പ്രോപ്പര്‍ട്ടീസിന്റെ ഭൂരിപക്ഷ ഓഹരികള്‍ പൂനാവാലയുടെ പക്കലാണ്.

ഈ ഏറ്റെടുക്കല്‍, പതഞ്ജലിയുടെ വിപുലീകരണത്തെയാണ് അടയാളപ്പെടുത്തുന്നത്. ഓഹരിവാങ്ങള്‍ കരാര്‍ പ്രകാരമാണ് ഇടപാട്.

നിലവില്‍ രാജ്യത്ത് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ 2,00,000 കൗണ്ടറുകളില്‍ ലഭ്യമാണ്. ഗ്രാമീണ വിപണിയില്‍ അടക്കം വലിയ വിതരണ നെറ്റ് വര്‍ക്ക് പതഞ്ജലിക്ക് ഉണ്ട്. ഇതെല്ലാം ഇന്‍ഷുറന്‍സ് മേഖലയില്‍ സഹഗായകമാകുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.100 ശതമാനം എഫ്ഡിഐ തുറന്നതോടെ ഇന്‍ഷുറന്‍സ് മേഖല ആവേശകരമായ നിയന്ത്രണ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് 70-ലധികം ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ ഒരു പോര്‍ട്ട്ഫോളിയോ വാഗ്ദാനം ചെയ്യുന്നു. അവയില്‍ റീട്ടെയില്‍ (മോട്ടോര്‍, ആരോഗ്യം, വ്യക്തിഗത അപകടം, ഹോം ഇന്‍ഷുറന്‍സ്), വാണിജ്യ (ഫയര്‍, എഞ്ചിനീയറിംഗ്, ബാധ്യത, മറൈന്‍ ഇന്‍ഷുറന്‍സ്) വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.

വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ ജനറല്‍ ഇന്‍ഷുറന്‍സ് പിന്നിലാണ്, 2047 ആകുമ്പോഴേക്കും എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്നതാണ് ഐആര്‍ഡിഎഐയുടെ കാഴ്ചപ്പാട്. പതഞ്ജലിയുടെ കടന്നുവരവ് ഈ മേഖലയില്‍ ഏറെ മുന്നേറ്റം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു.

സാമ്പത്തിക മേഖലയിലേക്കുള്ള പതഞ്ജലിയുടെ ആദ്യ കടന്നുവരവാണിത്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കൂടുതല്‍ തുക മേഖലയില്‍ നിക്ഷേപിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്.

Tags:    

Similar News