എല്‍ഐസിയുടെ ക്ലെയിം ചെയ്യപ്പെടാത്ത മെച്യൂരിറ്റി തുക 880 കോടിയിലധികം
- 3,72,282 പോളിസി ഉടമകള്‍ മെച്യൂരിറ്റി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്തിട്ടില്ല
- കഴിഞ്ഞ വര്‍ഷം, 3,73,329 പോളിസി ഉടമകളുടെ 815 കോടി രൂപയുടെ തുക ക്ലെയിം ചെയ്യപ്പെട്ടില്ല
- പോളിസി ഉടമയുടെ മരണത്തെത്തുടര്‍ന്നും പണം ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നു
2024 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ ക്ലെയിം ചെയ്യപ്പെടാത്ത മച്യുരിറ്റി തുക 880.93 കോടി രൂപ. 2024 സാമ്പത്തിക വര്‍ഷത്തില്‍ 3,72,282 പോളിസി ഉടമകള്‍ മെച്യൂരിറ്റി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം, 3,73,329 പോളിസി ഉടമകളുടെ 815.04 കോടി രൂപയുടെ തുക ക്ലെയിം ചെയ്യപ്പെടാതെ കിടക്കുകയായിരുന്നു. 2023-24 കാലയളവില്‍ പോളിസി ഉടമയുടെ മരണത്തെത്തുടര്‍ന്ന് 14 ലക്ഷം രൂപ വിലമതിക്കുന്ന 10 കേസുകള്‍ ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നതായും അദ്ദേഹം പറഞ്ഞു.
പോളിസി ഉടമകള്‍ക്ക് അവരുടെ കുടിശ്ശിക തുക ക്ലെയിം ചെയ്യുന്നതിനായി റേഡിയോ ജിംഗിളുകള്‍ കൂടാതെ പ്രിന്റ് മീഡിയയും ഡിജിറ്റല്‍ മീഡിയ പരസ്യങ്ങളും ഉള്‍പ്പെടെ നിരവധി നടപടികള്‍ എല്‍ഐസി നടത്തുന്നുണ്ട്.
ക്ലെയിം ചെയ്യപ്പെടാത്ത അക്കൗണ്ടുകളിലുള്ള കുടിശ്ശിക തുകകള്‍ അഭ്യര്‍ത്ഥന ലഭിച്ചതിന് ശേഷം ബന്ധപ്പെട്ട പോളിസി ഉടമകള്‍ക്കോ അവകാശികള്‍ക്കോ അനുകൂലമായി തീര്‍പ്പാക്കപ്പെടുന്നു, അദ്ദേഹം പറഞ്ഞു.
റിമൈന്‍ഡര്‍ ലെറ്ററുകള്‍ സാധാരണ/സ്പീഡ് പോസ്റ്റിലൂടെയും ഇമെയില്‍ വഴിയും മൊബൈല്‍ നമ്പറുകള്‍ ലഭ്യമാകുന്നിടത്ത് എസ്എംഎസും അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോള്‍ ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയ ലളിതമാക്കിയിരിക്കുന്നു.ക്ലെയിം തീര്‍പ്പാക്കുന്നതിന് സാധുവായ NEFT മാത്രമേ ആവശ്യമുള്ളൂ.ആവശ്യകതകള്‍ പാലിക്കുന്നതിനും തുകകള്‍ ക്ലെയിം ചെയ്യുന്നതിനും ഏജന്റുമാര്‍ വഴിയും ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ മുഖേനയും പോളിസി ഉടമകളുമായി തുടര്‍ച്ചയായ ഫോളോ-അപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.