കൃത്യമായ ബജറ്റ്, ചെലവുകളിലെ നിയന്ത്രണം; ക്രെഡിറ്റ് കാര്‍ഡ് കയ്യിലുള്ളവര്‍ ഒന്ന് ശ്രദ്ധിക്കൂ
- ക്രെഡിറ്റ് കാര്‍ഡുകളെ ആകര്‍ഷകമാക്കുന്ന ഒന്നാണ് റിവാര്‍ഡ് ആനുകൂല്യങ്ങള്‍
- അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഇങ്ങനെ പണം പിന്‍വലിക്കരുത്
- രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് വിപണി വിഹിതത്തിന്റെ 71 ശതമാനം നാല് പ്രമുഖ ബാങ്കുകളാണ് കൈവശം വച്ചിരിക്കുന്നത്
ഉപയോഗിക്കാനുള്ള എളുപ്പം, ആവശ്യ സമയത്ത് പണം നല്‍കും എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ക്രെഡിറ്റ് കാര്‍ഡിനെ ജനപ്രിയമാക്കുന്നത്. ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് വിപണിയാകട്ടെ അതിവേഗം വളരുകയാണ്. ബാങ്ക്ബസാര്‍ ഇന്ത്യ ക്രെഡിറ്റ് കാര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡി വിപണി അതിവേഗം വളരുകയാണ്. രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് വിപണി വിഹിതത്തിന്റെ 71 ശതമാനം നാല് പ്രമുഖ ബാങ്കുകളാണ് കൈവശം വച്ചിരിക്കുന്നത്. എന്തായാലും പലരുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതനുസരിച്ചാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത്. അതിനായി എന്തൊക്കെ ചെയ്യണമെന്നു നോക്കാം
കൃത്യമായ ബജറ്റ്, ചെലവുകള്‍ ട്രാക്കുചെയ്യാം
ചെലവുകള്‍ ട്രാക്ക് ചെയ്യുന്നതിനും അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കുന്നതിനുമായി ഒരു ബജറ്റ് വേണം. വരുമാനം, ആവശ്യമായ ചെലവുകള്‍, സമ്പാദ്യ ലക്ഷ്യങ്ങള്‍ എന്നിവ അടങ്ങുന്ന ഒരു ബജറ്റാണ് തയ്യാറാക്കേണ്ടത്്. തയ്യാറാക്കിയാല്‍ മാത്രം പോര അതനുസരിച്ച് പ്രവര്‍ത്തിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും വേണം. ഇത് അമിതമായി ചെലവഴിക്കുന്നതില്‍ നിന്ന് തടയും.
പല ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും ഉപഭോക്താക്കളുടെ ഇടപാടുകള്‍ ട്രാക്കുചെയ്യാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളോ മൊബൈല്‍ ആപ്ലിക്കേഷനുകളോ ഉണ്ട്. അമിതമായി ചെലവഴിക്കുന്നത് എന്തിനാണെന്ന് കണ്ടെത്താന്‍ ഇത് സഹായിക്കും. ഇതനനുസരിച്ച് ബജറ്റ് ക്രമീകരിക്കാം.
ക്രെഡിറ്റ് ഉപയോഗ പരിധിയില്‍ (സിയുആര്‍) ഉറച്ചുനില്‍ക്കുക
ക്രെഡിറ്റ് ഉപയോഗ അനുപാതം അല്ലെങ്കില്‍ സിയുആര്‍ എന്നത് ഒരാള്‍ക്ക് ലഭ്യമായ മൊത്തം ക്രെഡിറ്റ് പരിധിയും ഉപയോഗിക്കുന്ന ക്രെഡിറ്റിന്റെ അളവുമാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സിയുആര്‍ 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താനാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. കാര്‍ഡിലെ കുടിശിക കൃത്യസമയത്ത് അടച്ചാല്‍ ക്രെഡിറ്റ് ഉപയോഗവും സിയുആറും വര്‍ധിപ്പിക്കും.
കുടിശ്ശിക പൂര്‍ണ്ണമായി അടയ്ക്കുക
ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ നടത്തുന്നതിന്, സാധാരണയായി രണ്ട് ഓപ്ഷനുകള്‍ ഉണ്ട് - മുഴുവന്‍ കുടിശ്ശിക തുകയും അല്ലെങ്കില്‍ മിനിമം കുടിശ്ശിക തുക (എംഎഡി) അടയ്ക്കുക എന്നതാണ് ഓപ്ഷന്‍. കുടിശ്ശിക പൂര്‍ണ്ണമായി അടയ്ക്കുന്നതാണ് എപ്പോഴും നല്ലത്. ഇത് ആരോഗ്യകരമായ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍, പണത്തിന് ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളില്‍ കുറഞ്ഞ തുക അടച്ച് പേയ്‌മെന്റ് അടയ്ക്കാത്തതിലുള്ള പിഴയില്‍ നിന്നും ഒഴിവാകാം.
ക്യാഷ് അഡ്വാന്‍സ് വേണ്ട
ക്രെഡിറ്റ് കാര്‍ഡിലെ ക്യാഷ് അഡ്വാന്‍സുകള്‍ അതായത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ അവസരമുണ്ട്. ഇതിന് പലപ്പോഴും ഉയര്‍ന്ന ഫീസും പലിശ നിരക്കുകളുമുണ്ട്. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഇങ്ങനെ പണം പിന്‍വലിക്കരുത്. പണം ലഭിക്കാന്‍ ഇതിനേക്കാള്‍ മികച്ച ഓപ്ഷനുണ്ടെങ്കില്‍ അത് ഉപയോഗിക്കുക.
റിവാര്‍ഡുകള്‍ ഉപയോഗിക്കാം
ക്രെഡിറ്റ് കാര്‍ഡുകളെ ആകര്‍ഷകമാക്കുന്ന ഒന്നാണ് റിവാര്‍ഡ് ആനുകൂല്യങ്ങള്‍. ഇത് ക്യാഷ് ബാക്ക്, എയര്‍പോര്‍ട്ട് ലൗഞ്ച് പ്രവേശനം, ചില കടകളില്‍ നിന്നോ, ബ്രാന്‍ഡുകളില്‍ നിന്നോ ഉള്ള വാങ്ങലുകള്‍ക്ക് കിഴിവുകള്‍ എന്നിവയൊക്കെ അനുവദിക്കും. റിവാര്‍ഡ് പ്രോഗ്രാം മനസിലാക്കുകയും ഈ ആനുകൂല്യങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് തന്ത്രപരമായി ഉപയോഗിക്കുകയും ചെയ്യുക. ഉത്സവ സീസണില്‍, പല ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും ഓഫ് ലൈന്‍ റീട്ടെയിലര്‍മാരും ക്രെഡിറ്റ് കാര്‍ഡ് വാങ്ങലുകളില്‍ ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്.
കാര്‍ഡ് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുക
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുവഴി അതിലെ അനധികൃത ഉപയോഗവും തട്ടിപ്പും തടയാനാകും. നിങ്ങളുടെ കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കുകയും വിശ്വസനീയമായ വെബ്‌സൈറ്റുകളിലോ സ്ഥാപനങ്ങളിലോ മാത്രം ഉപയോഗിക്കുകയും വേണം. അനധികൃത ഇടപാടുകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റുകള്‍ പതിവായി പരിശോധിക്കുക. അത്തരം ഇടപാടുകള്‍ ഉണ്ടെങ്കില്‍, അവ ഉടനടി നിങ്ങളുടെ കാര്‍ഡ് ഇഷ്യു ചെയ്തവരെ അറിയിക്കുക.