ഇന്ത്യക്കാർ പണം ചെലവഴിക്കുന്ന രീതികൾ മാറുന്നു, കൂടുതൽ പണം മുടക്കുന്നത് ഷോപ്പിംഗിന്
- 2024-ൽ ഇന്ത്യൻ കുടുംബങ്ങളിലെ ശരാശരി ചെലവ് 2022-നെ അപേക്ഷിച്ച് 18% വർദ്ധിച്ചു
- ഭക്ഷണേതര വസ്തുക്കളിലെ ചെലവ് പത്ത് മടങ്ങ് വർദ്ധിച്ചിരിക്കുന്നു
- ഇന്ത്യയിൽ ലക്ഷ്വറി കാറുകൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു
ഇന്ത്യക്കാരുടെ പണംചെലവാക്കൽ രീതികളിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. 2022-നെ അപേക്ഷിച്ച് 2024-ൽ ഇന്ത്യൻ കുടുംബങ്ങളിലെ ശരാശരി ചെലവിൽ 18% വർധന ഉണ്ടായതായി മാർക്കറ്റ് ഗവേഷണ സ്ഥാപനമായ കാന്തർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം, വാടക, ഗതാഗതം എന്നിവയിലാണ് ഇന്ത്യക്കാർ കൂടുതൽ പണം ചെലവഴിക്കുന്നത്.
ഇന്ത്യൻ കുടുംബങ്ങളുടെ ഭക്ഷണേതര വസ്തുക്കളിലെ ചെലവ് പത്ത് മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത്. അതെസമയം ഭക്ഷണത്തിനുള്ള ചെലവ് ആറ് മടങ്ങ് മാത്രമാണ് വർദ്ധിച്ചത്. ഫോൺപേ പൾസിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യക്കാരുടെ മാസ ചെലവ് 25%ത്തിലധികവും റീട്ടെയിൽ ഷോപ്പിംഗിനാണ് ചെലവഴിക്കുന്നത്. ഫർണിച്ചർ, വീട്ടുപകരണങ്ങൾ തുടങ്ങിയ ഉപഭോഗവസ്തുക്കളിലെ ചെലവ് 2023-ൽ 7% ആയി ഉയർന്നു.
സ്ത്രീ ഉപഭോക്താക്കൾ പൊതുവേ സ്മാർട്ട്ഫോണുകൾ, വസ്ത്രം, പേർസണൽ കെയർ, ഭക്ഷണം, പലചരക്കുകൾ, പച്ചക്കറികൾ എന്നിവ ഓർഡർ ചെയ്യുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ഉപയോഗിക്കുന്നു. അവർ വാഗ്ദാനം ചെയ്യുന്ന സൗകര്യവും, ഓഫറുകളും, സ്ത്രീ ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഡെലോയിറ്റ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയായി മാറിക്കൊണ്ടിരിക്കുമ്പോൾ, രാജ്യത്തിൻ്റെ ഓൺലൈൻ റീട്ടെയിൽ വിപണി വലുപ്പം 2030 ഓടെ 325 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ദി ഗ്രേറ്റ് ഇന്ത്യൻ വാലറ്റ് പഠന റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ ഹൈദരാബാദാണ് ഏറ്റവും ഉയർന്ന മാസശമ്പളം (₹44,000 ) ഉള്ള നഗരം. 2024-ൽ മെട്രോ നഗരങ്ങളിൽ ശരാശരി മാസശമ്പളം ₹35,000, ടിയർ 1, 2 നഗരങ്ങളിൽ ₹32,000 ആണെന്ന് കണക്കുകൾ കാണിക്കുന്നു. ഇത് 2023-ലെ ₹33,000 (മെട്രോ), ₹30,000 (ടിയർ 1), ₹27,000 (ടിയർ 2) എന്നിവയിൽ നിന്നുള്ള വർധനയാണ്.
അതെസമയം, മിഡിൽ ക്ലാസ് ഉപഭോക്താക്കൾക്കിടയിൽ, വരുമാനം വർദ്ധിച്ചിട്ടും, ചെലവുകൾ കൈകാര്യം ചെയ്യാൻ വായ്പ എടുക്കുന്നത് സാധാരണമായിട്ടുണ്ട്. വായ്പ എടുക്കുന്ന ഉപഭോക്താക്കളുടെ ശതമാനം 9%-ൽ നിന്ന് 12%-ലേക്ക് ഉയർന്നുവെന്ന് കാണാം.
എന്താണ് ഈ ചെലവ് വർദ്ധനവിന് കാരണം?
നഗരപ്രദേശങ്ങളിൽ വരുമാനം കൂടിയതോടെ, ആളുകൾക്ക് കൂടുതൽ ചെലവഴിക്കാൻ കഴിയുന്നു. മാത്രമല്ല ഉയരുന്ന ജീവിതനിലവാരം, ഡിജിറ്റൽ പേയ്‌മെന്റുകളുടെ വ്യാപനം, സോഷ്യൽ മീഡിയയുടെ സ്വാധീനം, ഓൺലൈൻ ഷോപ്പിംഗ്, ഫുഡ് ഡെലിവറി സർവീസ് ഉപയോഗം എന്നിവ സാധാരണമായി മാറിയതും ഉപഭോക്തൃ ചെലവ് വർദ്ധനയ്ക്ക് കാരണമായി.
ഇന്ത്യക്കാർ ഏറ്റവുമധികം പണം ചെലവഴിക്കുന്ന വിഭാഗങ്ങൾ
പലചരക്ക് സാധനങ്ങൾ, റെസ്റ്റോറന്റ് ബില്ലുകൾ എന്നിവയിലാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത്. വീട്, ഓഫീസ് എന്നിവയുടെ വാടകയും ഒരു പ്രധാന ചെലവാണ്. ഗതാഗത ആവശ്യങ്ങൾക്കായി ഇന്ധനം, പൊതുഗതാഗതം, പുതിയ വാഹനം എന്നിവയിലും ചെലവ് ഗണ്യമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന വകയിൽ വിദേശ പഠനം, ഓൺലൈൻ ട്യൂഷൻ എന്നിവയിൽ ചിലവ് വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ, ആരോഗ്യം, സൗന്ദര്യ പരിപാലനങ്ങൾക്കായി ചിലവാക്കുന്നത് കുത്തനെ ഉയർന്നിരിക്കുന്നു. അതേസമയം, ഈ ട്രെൻഡ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ അവസരങ്ങൾ തുറന്നു കൊടുക്കുകയും രാജ്യത്തെ ഒരു ഉപഭോക്തൃ വിപണിയാക്കി മാറ്റുകയും ചെയ്യുന്നു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്നു
ഇന്ത്യക്കാരുടെ ഉപഭോക്തൃ ചെലവിലെ വർദ്ധനവ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഊർജ്ജം പകരുന്നു. ഇത്, പുതിയ ബിസിനസുകൾക്കും ഉൽപ്പന്നങ്ങൾക്കും വളരാൻ അവസരങ്ങൾ സൃഷ്ടിക്കുകയും, കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച ഉൽപ്പന്നങ്ങളും പുതിയ സേവനങ്ങളും വികസിപ്പിക്കാൻ ഒരുക്കപ്പെടുകയും ചെയ്യുന്നു.
സമീപകാല ഡാറ്റ അനുസരിച്ച്, 2025 ഓടെ ഇന്ത്യക്കാർ ഏകദേശം 140-160 ബില്യൺ ഡോളർ ഓൺലൈൻ ഷോപ്പിംഗിനായി ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു, 2030 ഓടെ ഇന്ത്യയിലെ ഓൺലൈൻ റീട്ടെയിൽ വിപണി 325 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് ഇന്ത്യൻ ഉപഭോക്താക്കളുടെ ഓൺലൈൻ ചെലവുകളിലെ ഗണ്യമായ വർദ്ധനവ് കാണിക്കുന്നു. കൂടാതെ ഇന്ത്യക്കാർ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് യാത്രകൾ. ശരാശരി ഇന്ത്യൻ സഞ്ചാരികൾ അന്താരാഷ്‌ട്ര യാത്രകൾക്ക് മുമ്പത്തേതിനെക്കാൾ ഗണ്യമായി കൂടുതൽ ചെലവഴിക്കുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യക്കാർ നിലവിൽ വിദേശ യാത്രകൾക്കായി പ്രതിമാസം ഏകദേശം ₹12,500 കോടി (ഏകദേശം 1.42 ബില്യൺ ഡോളർ) ചെലവഴിക്കുന്നു. വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ 2023-24ൽ മൊത്തം 17 ബില്യൺ ഡോളർ (1,41,800 കോടി രൂപ) ചിലവാക്കിയിട്ടുണ്ട്. മുൻ വർഷത്തെ 13.66 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 24.4 ശതമാനം കൂടുതലാണ്. കൂടാതെ പ്രീമിയം ഉൽപ്പന്നങ്ങളിലേക്കുള്ള മാറ്റം ശ്രേധേയമാണ്, ഇന്ത്യയിൽ ലക്‌ഷറി കാറുകൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇതിനു പുറമേ, വിനോദത്തിനായുള്ള ചെലവും വർധിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ ഇന്ത്യയിലെ വളർന്നു വരുന്ന മിഡിൽ ക്ലാസ് ജനങ്ങളുടെ വർദ്ധിച്ച വരുമാനത്തെയും ഉയർന്ന ജീവിതനിലവാരത്തെയും പ്രതിഫലിപ്പിക്കുന്നു.