നികുതിയാസൂത്രണം മുതല്‍ ആധാര്‍ അപ്‌ഡേഷന്‍ വരെ മാര്‍ച്ച് 31 ന് മുമ്പ് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍

  • അവസാന ഓട്ടപ്പാച്ചില്‍ ഒഴിവാക്കാനായി എത്രയും വേഗം ഇക്കാര്യങ്ങള്‍ ചെയ്തു തീര്‍ത്തോളൂ.
  • സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതിയാണിത്.
  • പുതിയ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കുന്നതില്‍ നിന്ന് സെന്‍ട്രല്‍ ബാങ്ക് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ വിലക്കിയിരുന്നു.

Update: 2024-02-29 13:09 GMT

മാര്‍ച്ച് 31 ഓടോ നടപ്പ് സാമ്പത്തിക വര്‍ഷം യാത്ര പറയും. അതിനു മുമ്പ് ചെയ്തു തീര്‍ക്കേണ്ട കുറേ കാര്യങ്ങളുണ്ട്. കാരണം അവ ചെയ്തു തീര്‍ത്തില്ലെങ്കില്‍ നിങ്ങളുടെ ദൈനം ദിന സാമ്പത്തിക ഇടപാടുകളാണ് താളം തെറ്റുക. നികുതിദായകരും നിക്ഷേപകരുമൊക്കെ അവസാന ഓട്ടപ്പാച്ചില്‍ ഒഴിവാക്കാനായി എത്രയും വേഗം ഇക്കാര്യങ്ങള്‍ ചെയ്തു തീര്‍ത്തോളൂ.

ആധാര്‍

ആധാര്‍ ഉടമകളെ സംബന്ധിച്ച് പ്രത്യേകിച്ച് ഇതുവരെ ആധാര്‍ അപ്‌ഡേഷന്‍ ചെയ്യാത്തവര്‍ക്ക് നിര്‍ണ്ണായകമാണ് മാര്‍ച് 14. മൈആധാര്‍ (myAdhaar) വെബ്‌സൈറ്റ് ഉപയോഗിച്ച് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതിയാണിത്. അതിനുശേഷം ഐഡന്റിറ്റി, അഡ്രസ് എന്നിവയ്ക്കുള്ള തെളിവായ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പണം നല്‍കേണ്ടി വരും.

നികുതി ലാഭിക്കാന്‍ നിക്ഷേപിക്കാം

ആദായ നികുതി നല്‍കുന്നവര്‍ നികുതിയിളവിനായി നിക്ഷേപം നടത്തുന്നുണ്ടെങ്കില്‍ അത് ചെയ്യാനുള്ള സമയ പരിധിയും മാര്‍ച്ച് 31 ന് അവസാനിക്കും. 2023 ഏപ്രില്‍ ഒന്നു മുതല്‍ ആദായനികുതി നിയന്ത്രണങ്ങളില്‍ പുതിയ നികുതി വ്യവസ്ഥ മാറ്റം വന്നിട്ടുണ്ടെന്ന് ഓര്‍മ്മിക്കുക. പുതിയ നികുതി സമ്പ്രദായം 2023-2024 വര്‍ഷത്തില്‍ ഡിഫോള്‍ട്ട് ആണ്. അതിനാല്‍, 2023 ഏപ്രിലിന് മുമ്പ് ജീവനക്കാരന്‍ ഒരു നികുതി വ്യവസ്ഥ തിരഞ്ഞെടുത്തിട്ടില്ലെങ്കില്‍ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബുകള്‍ക്ക് അനുസൃതമായി തൊഴിലുടമ ടിഡിഎസ് കുറയ്ക്കും.

പേടിഎം

പേടിഎം പേയ്‌മെന്റ് ബാങ്കുമായി ബന്ധപ്പെട്ട ചില സേവനങ്ങളുടെ സമയപരിധി നീട്ടിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചിരുന്നു. ആ പരിധി മാര്‍ച്ച് 15 ന് അവസാനിക്കും. 2024 ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കുന്നതില്‍ നിന്ന് സെന്‍ട്രല്‍ ബാങ്ക് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ വിലക്കിയിരുന്നു. സമയപരിധി പിന്നീട് 15 ദിവസത്തേക്ക് അതായത് 2024 മാര്‍ച്ച് 15 വരെ നീട്ടുകയായിരുന്നു.

മാര്‍ച്ച് 15 ന് ശേഷം ക്യാഷ്ബാക്കുകളും റീഫണ്ടുകളും ഒഴികെ കൂടുതല്‍ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ്-അപ്പുകളോ അനുവദിക്കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

എസ്ബിഐ അമൃത്കലാശ് സ്‌പെഷ്യല്‍ എഫ്ഡി

എസ്ബിഐയിലെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐ അമൃത് കലാശ് എഫ്ഡി. ഇത് 400 ദിവസത്തെ കാലാവധിയുള്ള നിക്ഷേപമാണ്. പലിശ നിരക്ക് 7.1 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.6 ശതമാനം പലിശ ലഭിക്കും. പദ്ധതിയില്‍ അംഗമാകാനുള്ള സമയപരിധി മാര്‍ച്ച് 31 ന് അവസാനിക്കും.

എസ്ബിഐ വികെയര്‍ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനത്താളം പലിശ നിരക്ക് നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണിത്. ഇതിന്റെ കാലാവധിയും മാര്‍ച്ച് 31 ന് അവസാനിക്കും.

എസ്ബിഐ ഹോം ലോണ്‍ പലിശ നിരക്കിലെ ഇളവ്

എസ്ബിഐ ഭവന വായ്പയ്ക്കുള്ള പ്രത്യേക ഇളവ് മാര്‍ച്ച് 31 ന് അവസാനിക്കും. ഫ്‌ളെക്‌സി പേ, എന്‍ആര്‍ഐ, ശമ്പള രഹിത വിഭാഗം, പ്രിവിലേജ്, അപോണ്‍ ഘര്‍ എന്നീ വിഭാഗത്തിലുള്ള ഭവന വായ്പാ ഉപഭോക്താക്കള്‍ക്കെല്ലാം പലിശയില്‍ ഇളവ് ലഭിക്കും. സിബില്‍ സ്‌കോര്‍ അനുസരിച്ചാണ് ഓരോരുത്തര്‍ക്കും ഇളവ് അനുവദിക്കുന്നത്.

ഐഡിബിഐ ബാങ്ക് ഉത്സവ് കോളബിള്‍ എഫ്ഡി

കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള എഫ്ഡിയാണ് ഐഡിബിഐ ബാങ്കിന്റെ ഉത്സവ് കോളബിള്‍ എഫ്ഡി. വിവിധ കായളവുകളായ 300, 375, 444 ദിവസങ്ങളിലേക്കാണ് നിക്ഷേപം. പലിശ നിരക്ക് ഈ കാലയളവില്‍ യഥാക്രമം 7.05 ശതമാനം, 7.1 ശതമാനം, 7.25 ശതമാനം എന്നിങ്ങനെയാണ്. മാര്‍ച്ച് 31 ആണ് ഈ എഫ്ഡിയില്‍ നിക്ഷേപിക്കാനുള്ള സമയ പരിധിയും.

Tags:    

Similar News