ഡീമാറ്റ് അക്കൗണ്ടിലെ കെവൈസി നടപടിക്രമം എങ്ങനെ പൂര്‍ത്തിയാക്കാം

  • സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും കെവൈസി മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ട്
  • സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ഇടപാടുകാരുടെ സുതാര്യത ഉറപ്പാക്കാനാണിത്
  • സ്ഥാപനങ്ങളില്‍ നേരിട്ടെത്താതെയും കെവൈസി നടപടി പൂര്‍ത്തിയാക്കാം

Update: 2024-04-02 12:20 GMT

ഓഹരി വിപണിയില്‍ നിക്ഷേപം നടത്തണമെങ്കില്‍ ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണ്. ഡീമാറ്റ് എടുക്കല്‍ പോലെ നിര്‍ബന്ധമാണ് നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) വിവരങ്ങളും. അക്കൗണ്ടുടമയുടെ വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനുമായാണ് കെവൈസി മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, നിയമ വിരുദ്ധ ധനസഹായങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂടിയാണ് ഈ നിര്‍ദ്ദേശം. മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും കെവൈസി മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ട്.

എന്താണ് കെവൈസി

നോ യുവര്‍ കസ്റ്റമര്‍ എന്നതാണ് കെവൈസിയുടെ ചുരുക്കപ്പേര്. ബാങ്ക്, ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കുമ്പോഴും കൃത്യമായ ഇടവേളകളിലും ഉപഭോക്താക്കളുടെ ഐഡന്റിറ്റി തിരിച്ചറിയുന്നതിനും ഉറപ്പാക്കുന്നതിനുമാണ് കെവൈസി ഉപയോഗിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉപഭോക്താക്കളെക്കുറിച്ച് സമഗ്രമായ ഒരു ധാരണയുണ്ടാകാന്‍ ഇത് സഹായിക്കും.

ഡീമാറ്റിന് കെവൈസി നിര്‍ബന്ധം

ഡീമാറ്റ് അക്കൗണ്ട് തുറക്കുമ്പോള്‍ കെവൈസി നിര്‍ബന്ധമാണ്. ഉപഭോക്താവിന്റെ വിലാസം, പേര്, തിരിച്ചറിയല്‍ എന്നിവയ്ക്കാവശ്യമായ രേഖകള്‍ അക്കൗണ്ട് തുറക്കുമ്പോള്‍ സെബിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഇടനിലക്കാരും നിര്‍ബന്ധമായും ഉപഭോക്താക്കളില്‍ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതുണ്ട്. അജ്ഞാത അക്കൗണ്ടുകള്‍, സാങ്കല്‍പ്പിക പേരുകള്‍, വെളിപ്പെടുത്താത്തതോ, സ്ഥിരീകരിക്കാത്തതോ ആയ അക്കൗണ്ടുകള്‍ എന്നിവ തുറക്കുന്നതിന് വിലക്കുണ്ട്. ആധാര്‍, വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയവയാണ് കെവൈസി രേഖകളില്‍ ഉള്‍പ്പെടുന്നത്. 2023 ലെ സെബിയുടെ കെവൈസി സംബന്ധിച്ച മാസ്റ്റര്‍ സര്‍ക്കുലര്‍ അനുസരിച്ച് സെബിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഇടനിലക്കാരും ഒരേ കെവൈസി ഫോമും അനുബന്ധ രേഖകളുമാണ് ഉപയോഗിക്കേണ്ടത്.

കെവൈസി നടപടി ക്രമങ്ങള്‍ എങ്ങനെ?

ഉപഭോക്താവ് നേരിട്ടെത്തി: ഉപഭോക്താവിന് ഡീമാറ്റ് അക്കൗണ്ട തുറക്കുന്ന സ്ഥാപനത്തിന്റെ ശാഖയില്‍ നേരിട്ടെത്തി രേഖകള്‍ നല്‍കി കെവൈസി നടപടി പൂര്‍ത്തിയാക്കാം.

വീഡിയോ കെവൈസി: ഇപ്പോള്‍ മിക്ക സ്ഥാപനങ്ങളും വീഡിയോ കെവൈസി അുവദിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് സ്ഥാപനം സന്ദര്‍ശിക്കാതെ എവിടെയിരുന്നു കെവൈസി നടപടി പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. രേഖകള്‍ വീഡിയോ വഴി സ്ഥാപനത്തിന്റെ പ്രതിനിധിക്ക് നല്‍കിയാല്‍ മതി.

ഡിജിറ്റല്‍ കെവൈസി: ചില സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ കെവൈസി ഓപ്ഷനുകളും നല്‍കുന്നുണ്ട്. കെവൈസി വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അപേക്ഷകര്‍ അവരുടെ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളോ ചിത്രങ്ങളോ ഒരു സുരക്ഷിത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അപ് ലേഡ് ചെയ്താല്‍ മതി. ഓട്ടോമേറ്റഡ് സിസ്റ്റങ്ങളോ മാനുവല്‍ പരിശോധനകളോ ഉപയോഗിച്ച് സ്ഥാപനം രേഖകളുടെ ആധികാരികത ഇലക്ട്രോണിക് രീതിയില്‍ പരിശോധിക്കും.

Tags:    

Similar News