പെന്‍ഷന്‍ ഉറപ്പാക്കി യുപിഎസ്

  • ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നു
  • ജീവനക്കാരില്‍ സുരക്ഷാബോധം ഉറപ്പാക്കുകയെന്ന ലക്ഷ്യം

Update: 2024-08-25 05:25 GMT

കേന്ദ്ര സര്‍ക്കാരിന്റെ 23 ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, കുറഞ്ഞ പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ യുണിഫൈഡ് പെന്‍ഷന്‍ സ്‌കീം (യുപിഎസ്) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. യുപിഎസ് 2025 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പില്‍ വരും. ജീവനക്കാര്‍ക്കിടയില്‍ ഉദ്യോഗശിഷ്ട ജീവിതത്തെക്കുറിച്ചു സുരക്ഷാബോധം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ യുപിഎസ് അവതരിപ്പിച്ചിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ നാഷണല്‍ പെന്‍ഷന്‍ സ്‌കീമോ ( എന്‍പിഎസ്) പുതിയ യുപിഎസോ ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. നിലവിലുള്ളവര്‍ക്ക് എന്‍പിഎസില്‍നിന്നു യുപിഎസിലേക്കു മാറുകയും ചെയ്യാം.

യുപിഎസ് സവിശേഷതകള്‍

അഷ്വേഡ് പെന്‍ഷന്‍: കുറഞ്ഞത് 25 വര്‍ഷത്തെ സേവനകാലമുള്ളവര്‍ക്ക് അവസാന സേവന വര്‍ഷത്തിലെ 12 മാസം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ലഭിക്കും. സൂപ്പര്‍ ആന്വേഷന്‍ കണക്കാക്കില്ല.

ഇരുപത്തിയഞ്ചു വര്‍ഷത്തില്‍ താഴെ സേവന കാലമുള്ളവര്‍ക്ക് ആനുപാതികമായി പെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍ ലഭിക്കാന്‍ കുറഞ്ഞതു 10 വര്‍ഷത്തെ സേവനകാലം വേണം.

കുടുംബ പെന്‍ഷന്‍: ജോലിക്കാരനു മരണം സംഭവിച്ചാല്‍ കുടുംബത്തിന് പെന്‍ഷന്‍ തുകയുടെ ( മരണത്തിനു തൊട്ടു മുമ്പു ലഭിച്ച പെന്‍ഷന്റെ) 60 ശതമാനത്തിന് അര്‍ഹതയുണ്ടായിരിക്കും. ഇതുവഴി കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.

മിനിമം പെന്‍ഷന്‍: കുറഞ്ഞതു പത്തുവര്‍ഷം സേവനകാലമുള്ളവര്‍ക്കു കുറഞ്ഞതു പ്രതിമാസം 10000 രൂപ പെന്‍ഷന്‍ ഉറപ്പാക്കുന്നു. ഇതുവഴി കുറഞ്ഞ ശമ്പളമുള്ളവര്‍ക്കു സുരക്ഷ ഉറപ്പാക്കുന്നു.

മറ്റു സവിശേഷതകള്‍

ഇന്‍ഫ്ളേഷന്‍ ഇന്‍ഡെക്സേഷന്‍: പണപ്പെരുപ്പത്തിന് ആനുപാതികമായി പെന്‍ഷന്‍ ഉറപ്പാക്കാനായി ഇന്‍ഫ്ളേഷന്‍ ഇന്‍ഡെക്സേഷനു വിധേയമായി പെന്‍ഷന്‍ ഉറപ്പാക്കും.

ഡിയര്‍നെസ് അലവന്‍സ്: ഉപഭോക്തൃ സൂചികയ്ക്ക് അനുസരിച്ച് ഡിഎ അുവദിക്കും. സര്‍വീസിലുള്ളവര്‍ക്കു ഡിഎ കണക്കാക്കുന്നതുപോലെയാണ് പെന്‍ഷന്‍കാര്‍ക്കുമുള്ള ഡിഎ കണക്കാക്കുക.

ലംപ്സം പേമെന്റ്: ഗ്രാറ്റ്വിറ്റിക്കു പുറമേ, റിട്ടയര്‍മെന്റ് സമയത്ത് ലംസം പേമെന്റുകൂടി ലഭിക്കും. റിട്ടയര്‍മെന്റ് തീയതിക്കുമുമ്പുള്ള സര്‍വീസ് കാലത്ത് പൂര്‍ത്തിയാക്കിയ ഓരോ ആറുമസക്കാലത്തും പ്രതിമാസ ശമ്പളത്തിന്റെ (ശമ്പളം + ഡിഎ) പത്തിലൊന്ന് തുക ഇതിനായി മാറ്റി വയ്ക്കും. ഇത് അഷ്വേഡ് പെന്‍ഷനെ ബാധിക്കുകയില്ല.

എംപ്ലോയി കോണ്‍ട്രിബ്യൂഷന്‍: പുതിയ പെന്‍ഷനായി ജീവനക്കാര്‍ അധികതുകയൊന്നും നല്‍കേണ്ടതില്ല. ഇപ്പോള്‍ എന്‍പിഎസിനായി നല്‍കുന്ന തുകതന്നെ നല്‍കിയാല്‍ മതി.

Tags:    

Similar News