ഏജന്റ്മാരെ ആകർഷിക്കാൻ എല്‍ഐസി; ഇനി ഗ്രാറ്റുവിറ്റി പരിധി 5 ലക്ഷം
- ഏജന്റുമാർക്ക് പുതുക്കല്‍ കമ്മീഷന്‍
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി പരിധി മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഏജന്റ്‌സ്) റെഗുലേഷന്‍സ്, 2017 ഭേദഗതി ചെയ്താണ് വര്‍ധന നടപ്പാക്കിയത്. ഇതോടെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഏജന്റ്‌സ്) റെഗുലേഷന്‍സ് 2023 എന്ന പേരില്‍ ഇത് അറിയപ്പെടുന്നത്. എല്‍ഐസി ഏജന്റുമാരുടെയും ജീവനക്കാരുടെയും പ്രയോജനത്തിനായി ഗ്രാറ്റുവിറ്റി പരിധിയും ഫാമിലി പെന്‍ഷനും വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള ക്ഷേമ നടപടികള്‍ക്ക് സെപ്റ്റംബറില്‍ ധനമന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു.
എല്‍ഐസി ഏജന്റുമാരുടെ തൊഴില്‍ സാഹചര്യങ്ങളിലും ആനുകൂല്യങ്ങളിലും ഗണ്യമായ പുരോഗതി കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് മന്ത്രാലയം ഗ്രാറ്റുവിറ്റി പരിധി ഉയര്‍ത്തിയിരിക്കുന്നത്.
വീണ്ടും നിയമിക്കപ്പെട്ട ഏജന്റുമാർക്ക് പുതുക്കല്‍ കമ്മീഷന്‍ ലഭ്യമാക്കാനും അതുവഴി അവര്‍ക്ക് സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കാനും ഇത് സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
നിലവില്‍, പഴയ ഏജന്‍സിക്ക് കീഴില്‍ പൂര്‍ത്തിയാക്കിയ ഒരു ബിസിനസ്സിന്റെയും പുതുക്കല്‍ കമ്മീഷന് എല്‍ഐസി ഏജന്റുമാര്‍ക്ക് അര്‍ഹതയില്ല.