ഇ-ഇന്‍ഷുറന്‍സ് സൗജന്യമായി തുടങ്ങാം, അതിനുള്ള ലളിതമായ വഴികൾ ഇതാ

    Update: 2024-04-08 15:48 GMT

    ഏപ്രില്‍ ഒന്നു മുതല്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) പോളിസി ഉടമകള്‍ക്ക് വേഗത്തിലും ലളിതമായും പോളിസി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാനും മറ്റുമായി നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി എല്ലാ പോളിസികളും ഡിജിറ്റലായി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോളിസി ഉടമകള്‍ ഇപ്പോള്‍ ഒരു ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് (ഇഐഎ) തുറന്ന് അവരുടെ പോളിസികള്‍ ഡീമെറ്റീരിയലൈസ് ചെയ്യണം. എല്ലാ ലൈഫ്, ഹെല്‍ത്ത്, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികളും ഒരിടത്ത് കൈകാര്യം ചെയ്യാന്‍ ഇത് അനുവദിക്കും.

    എന്താണ് ഇ-ഇന്‍ഷുറന്‍സ്

    പേര് സൂചിപ്പിക്കുന്നത് പോലെ, ഇ-ഇന്‍ഷുറന്‍സ് എന്നാല്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇലക്ട്രോണിക് ഇന്‍ഷുറന്‍സ് പോളിസികള്‍ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് അല്ലെങ്കില്‍ ഇഐഎ എന്നറിയപ്പെടുന്ന ഒരു ഡീമാറ്റ് അക്കൗണ്ടില്‍ സൂക്ഷിക്കും. ഒരു ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് വഴി ഒരാള്‍ക്ക് എല്ലാ ഇന്‍ഷുറന്‍സ് പോളിസികളും ലൈഫ്, ആരോഗ്യം, ജനറല്‍ എന്നിവ കൈകാര്യം ചെയ്യാന്‍ കഴിയും.

    ഇന്‍ഷുറന്‍സ് റെപ്പോസിറ്ററീസ്

    ഡിജിറ്റൈസേഷനിലേക്കുള്ള ഈ മാറ്റത്തെ പിന്തുണയ്ക്കുന്നത് ഇന്‍ഷുറന്‍സ് റെപ്പോസിറ്ററികളാണ്. കാംസ് (സിഎഎംഎസ്), കാര്‍വി, എന്‍എസ്ഡിഎല്‍ എന്നീ ഡാറ്റ ബേസ് മാനേജ്‌മെന്റ്, സെന്‍ട്രല്‍ ഇന്‍ഷുറന്‍സ് റെപ്പോസിറ്ററി എന്നിവയാണ് ഈ സേവനം നല്‍കുന്നത്.

    എങ്ങനെ ഒരു ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് തുറക്കാം

    • റെപ്പോസിറ്ററിയില്‍ നിന്നും ഇഐഎ ഓപ്പണിംഗ് ഫോം ഡൗണ്‍ ലോഡ് ചെയ്യാം
    • ഓപ്പണിംഗ് ഫോം പൂരിപ്പിച്ച് റെപ്പോസിറ്ററിയിലോ ഇന്‍ഷുറന്‍സ് കമ്പനിയിലോ സമര്‍പ്പിക്കാം
    • ഫോമിനൊപ്പം കൈവൈസി രേഖകളും നല്‍കണം
    • ലഭിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ പരിശോധിക്കും
    • നടപടികളെല്ലാം പൂര്‍ത്തിയായാല്‍ ഏഴ് ദിവസത്തിനകം അക്കൗണ്ട് തുറക്കാം

    ആവശ്യമായ രേഖകള്‍

    • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
    • പാന്‍കാര്‍ഡ്
    • ജനനതീയ്യതി തെളിയിക്കുന്ന രേഖ
    • ഐഡന്റിറ്റി തെളിയിക്കുന്ന രേഖ
    • വിലാസം തെളിയിക്കുന്ന രേഖ

    നിലവിലുള്ള പോളിസി എങ്ങനെ ഇഐഎയിലേക്ക് മാറ്റും

    പോളിസി ഉടമയുടെ പേര്, പോളിസി നമ്പര്‍, ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് നമ്പര്‍, ഇന്‍ഷുറന്‍സ് കമ്പനിയുടെ പേര് തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കി പോളിസി ഇഐഎയിലേക്ക് മാറ്റാനുള്ള ഫോം പൂരിപ്പിക്കാം.

    ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ട് തുറക്കുന്ന ഫോമും നിലവിലുള്ള പോളിസി മാറ്റാനുള്ള ഫോമിനൊപ്പം ഇന്‍ഷുറന്‍സ് കമ്പനി ശാഖയിലോ അംഗീകൃത വ്യക്തികള്‍ക്കോ സമര്‍പ്പിക്കാം

    നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇ-ഇന്‍ഷുറന്‍സ് അക്കൗണ്ടിലേക്ക് പോളിസി മാറ്റിയതായി സ്ഥിരീകരിക്കുന്ന എസ്എംഎസ്, ഇമെയില്‍ അറിയിപ്പുകള്‍ ലഭിക്കും.

    ഇഐഎ തുറക്കല്‍ സൗജന്യമാണ്. ഒരു തവണ ഇഐഎയിലേക്ക് മാറിക്കഴിഞ്ഞാല്‍ കടലാസ് രൂപത്തിലുള്ള രേഖകള്‍ക്ക് സാധുതയില്ല.

    Tags:    

    Similar News