ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്തെ മത്സരം കനക്കുന്നു; ഏഴാമത്തെ കമ്പനിയായി ഗാലക്‌സി

  • സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സിന്റെ ചെയര്‍മാനായിരുന്ന വി ജഗന്നാഥനാണ് ഗാലക്‌സിയെ പ്രമോട്ട് ചെയ്യുന്നത്.
  • കെയര്‍ ഹെല്‍ത്ത്, ആദിത്യ ബിര്‍ള ഹെല്‍ത്ത്, നിവ ബൂപ്പ, സ്റ്റാര്‍ ഹെല്‍ത്ത്, മണിപ്പാല്‍ സിഗ്‌ന എന്നിവയാണ് ഈ മേഖലയിലെ മറ്റ് സ്വതന്ത്ര കമ്പനികള്‍
  • നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഒരു ലക്ഷം കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2024-03-26 10:58 GMT

ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ മത്സരം കനക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനി രംഗത്തേക്ക് പുതിയൊരു കമ്പനി കൂടി എത്തിയിരിക്കുകയാണ്. ഗാലക്‌സി ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സിനാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) തീരുമാനിച്ചിട്ടുള്ളത്. ചെന്നൈ ആസ്ഥാനമായുള്ള ടിവിഎസ് ഗ്രൂപ്പിന്റേതാണ് ഈ ആരോഗ്യ ഇന്‍ഷുറന്‍സ് ബിസിനസ്.

സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സിന്റെ ചെയര്‍മാനായിരുന്ന വി ജഗന്നാഥനാണ് ഗാലക്‌സിയെ പ്രമോട്ട് ചെയ്യുന്നത്.ജഗന്നാഥന്റെ ഭാര്യയും മകനും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത അന്താരാഷ്ട്ര സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ.സായ് സതീഷും കമ്പനിയുടെ ഭൂരിഭാഗം ഓഹരി ഉടമകളായ ടിവിഎസ് ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഗാലക്‌സി ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ്.

ബംഗളൂരു ആസ്ഥാനമായുള്ള പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ദേവി ഷെട്ടി പ്രോത്സാഹിപ്പിക്കുന്ന നാരായണ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലിമിറ്റഡിനാ (നാരായണ വണ്‍ ഹെല്‍ത്ത്) ണ് ഐആര്‍ഡിഎഐ ഇതിനു മുമ്പ് ലൈസന്‍സ് നല്‍കിയത്.  കെയര്‍ ഹെല്‍ത്ത്, ആദിത്യ ബിര്‍ള ഹെല്‍ത്ത്, നിവ ബൂപ്പ, സ്റ്റാര്‍ ഹെല്‍ത്ത്, മണിപ്പാല്‍ സിഗ്‌ന എന്നിവയാണ് ഈ മേഖലയിലെ മറ്റ് സ്വതന്ത്ര കമ്പനികള്‍.

ഗാലക്‌സി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് തുടക്കം മുതല്‍ രാജ്യത്തെങ്ങും സാന്നിധ്യവും ഉപഭോക്താക്കള്‍ക്കായി നിരവധി നൂതന ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളും ഉണ്ടായിരിക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനി വ്യക്തമാക്കിയിരുന്നു. കോവിഡിന് ശേഷം ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഒരു ലക്ഷം കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 90,667 കോടി രൂപയില്‍ നിന്ന് ശ്രദ്ധേയമായ വര്‍ധനയാണ്. 2023-24 വര്‍ഷത്തിലെ ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഇതിനകം 98,716 കോടി രൂപയിലെത്തിയിരുന്നു.

Tags:    

Similar News