മുതിര്‍ന്ന പൗരന്മാര്‍ക്കായി ബന്ധന്‍ ബാങ്കിന്റെ ഇന്‍സ്പയര്‍ പദ്ധതി

  • 500 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.35 ശതമാനം പലിശ
  • ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കും
  • മരുന്ന് വാങ്ങല്‍, ആരോഗ്യ പരിശോധനകള്‍ തുടങ്ങി ആനുകൂല്യങ്ങളും ലഭ്യമാക്കും

Update: 2023-12-20 07:28 GMT

മുതിര്‍ന്ന പൗരന്മാര്‍ക്കായി പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ച് ബന്ധന്‍ ബാങ്ക്. ഇന്‍സ്പയര്‍ (Inspire) എന്ന പേരിലാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിക്കുന്നത്.മികച്ച പലിശ നിരക്ക്, ബാങ്കിംഗ് സേവനങ്ങള്‍ക്ക് മുന്‍ഗണന, ഡോര്‍സ്റ്റെപ് ബാങ്കിംഗ് സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള സേവനങ്ങളാണ് ഇന്‍സ്പയറിലൂടെ ലഭ്യമാക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 500 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.35 ശതമാനമാണ് പലിശ. ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനവും പലിശ ലഭിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് മരുന്ന് വാങ്ങല്‍, ആരോഗ്യ പരിശോധനകള്‍, ചികിത്സകള്‍ എന്നിവയ്ക്കുള്ള ചെലവഴിക്കലിന് എക്‌സ്‌ക്ലൂസീവ് കിഴിവുകള്‍ പോലുള്ള ആനുകൂല്യങ്ങളും ഇന്‍സ്പയര്‍ വഴി ലഭ്യമാക്കും.

ഹെല്‍ത്ത് കെയര്‍ സേവനദാതാക്കളുമായി സഹകരിച്ചാണ് ബാങ്ക് ഇത് നടപ്പിലാക്കുന്നത്. ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യല്‍, മെഡിക്കല്‍ ചെക്കപ്പുകള്‍, ദന്ത പരിചരണം എന്നിവയ്ക്കും ഇളവ് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ബാങ്കിംഗ് സേവനങ്ങള്‍ മികച്ച അനുഭവങ്ങളാക്കുന്നതിനായി ബാങ്ക് ഓഫീസര്‍മാരിലേക്ക് ഫോണ്‍ ബാങ്കിംഗ് വഴി നേരിട്ട് ബന്ധപ്പെടാന്‍ അവസരം തുടങ്ങിയ അധിക സേവനങ്ങള്‍ അവതരിപ്പിക്കാനും ബാങ്കിന് പദ്ധതിയുണ്ട്.

എല്ലാ പ്രായത്തിലുമുള്ളവരുടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഞങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് ബന്ധന്‍ ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് മേധാവി സുജോയ് റോയ് പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്കായി സൂക്ഷ്മമായി രൂപകല്‍പന ചെയ്ത ഈ ആനുകൂല്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കിന്റെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ മുതിര്‍ന്ന പൗരന്മാരുടെ വിശ്വാസം നേടാന്‍ സാധിച്ചു. ഈ പ്രോഗ്രാം അവരോടുള്ള ബഹുമാനത്തിന്റെ അടയാളമാണെന്നും സുജോയ് റോയ് വ്യക്തമാക്കി. നിലവില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശനിരക്കാണ് ബാങ്ക് നല്‍കുന്നത്.

Tags:    

Similar News