ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഈ വഴി ഒന്നു നോക്കിയാലോ?
- ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുള്ളവര്‍ക്കാണ് ഇതുകൊണ്ട് നേട്ടം
- ക്രെഡിറ്റ് സ്‌കോര്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രധാനമാണ്
- പുതിയ വായ്പാ അന്വേഷണങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നത് നല്ലതല്ല
ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലുള്ളവര്‍ക്ക് വിവിധ കാര്‍ഡുകളിലെ ബാലന്‍സ് ഒരു കാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുളള ഓപ്ഷനുണ്ട്. മികച്ച രീതിയില്‍ ഒരു ബാലന്‍സ് ട്രാന്‍സ്ഫര്‍ ഉപയോഗിക്കുകയാണെങ്കില്‍ വായ്പക്കാരന്റെ സിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
എന്താണ് ബാലന്‍സ് ട്രാന്‍സ്ഫര്‍
ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്താണെന്ന് നമുക്ക് മനസ്സിലാക്കാം. ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് ബാലന്‍സ് (ഭാഗികമായോ പൂര്‍ണ്ണമായോ) കൈമാറുന്നതാണിത്. സാധാരണയായി തിരിച്ചടയ്ക്കാനുള്ള തുകയ്ക്ക് കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്നതിന് ഇത് കാരണമാകും. പതിവായതും സമയബന്ധിതവുമായ പേയ്‌മെന്റുകള്‍ അച്ചടക്കമുള്ള സാമ്പത്തിക സ്വഭാവം കാണിക്കുകയും ക്രെഡിറ്റ് സ്‌കോര്‍ ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. സിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ സഹായിക്കുന്നു
ഒരൊറ്റ കടത്തിലേക്ക് ഏകീകരിക്കുക: ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളോ ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകളോ ഉണ്ടെങ്കില്‍, ആ ബാലന്‍സുകള്‍ കുറഞ്ഞ പലിശ നിരക്കുള്ള ഒരൊറ്റ ക്രെഡിറ്റ് കാര്‍ഡിലേക്ക് മാറ്റുന്നത് കടം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും.
ഇത് പേയ്‌മെന്റുകള്‍ കൃത്യസമയത്ത് നടത്താന്‍ സഹായിക്കുകയും വായ്പയുടെ മൊത്തത്തിലുള്ള പലിശ കുറയ്ക്കുകയും ചെയ്യും. ഇത് ക്രെഡിറ്റ് സ്‌കോറിനെ പോസിറ്റീവായി തന്നെ ബാധിക്കും.
പുതിയ കടം ഒഴിവാക്കുക: ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്തുകഴിഞ്ഞാല്‍, ആ ക്രെഡിറ്റ് കാര്‍ഡുകളില്‍ പുതിയ കടം വരുത്തിവെയ്ക്കുന്നത് ഒഴിവാക്കാം. ബാലന്‍സ് ട്രാന്‍സ്ഫറിന് ശേഷം ഉടന്‍ തന്നെ പുതിയ ക്രെഡിറ്റ് അക്കൗണ്ടുകള്‍ തുറക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.
ക്രെഡിറ്റ് ഉപയോഗ അനുപാതം: ക്രെഡിറ്റ് കാര്‍ഡില്‍ അനുവദിച്ചിരിക്കുന്ന മൊത്തം തുകയും വായ്പയടുത്ത തുകയും തമ്മിലുള്ള അനുപാതമാണ് ക്രെഡിറ്റ് ഉപയോഗ അനുപാതം. ഉയര്‍ന്ന വായ്പാ പരിധിയുള്ള ഒരു പുതിയ കാര്‍ഡിലേക്ക് ബാലന്‍സ് കൈമാറുന്നത് ക്രെഡിറ്റ് ഉപയോഗ അനുപാതം കുറയ്ക്കും. ഇത് ക്രെഡിറ്റ് സ്‌കോറിന് പ്രയോജനകരമാണ്. ക്രെഡിറ്റ് ഉപയോഗ അനുപാതം 30 ശതമാനത്തില്‍ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കുക.
ക്രെഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടയ്ക്ക പരിശോധിക്കാം: ബാലന്‍സ് ട്രാന്‍സ്ഫര്‍ നടത്തിയതിനുശേഷം അത് ക്രെഡിറ്റ് സ്‌കോറില്‍ കൃത്യമായി കാണിക്കുന്നുണ്ടോ എന്നറിയാന്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് ഇടയ്ക്കിടയ്‌ക്കൊന്നു പരിശോധിക്കാം. എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അത് ഉടനടി പരിഹരിക്കേണ്ടതുണ്ട്.
ബാലന്‍സ് ട്രാന്‍സ്ഫറിന്റെ നേട്ടങ്ങള്‍
ഉയര്‍ന്ന പലിശനിരക്കുള്ള നിരവധി വായ്പകളുണ്ടെങ്കില്‍ അവയില്‍ നിന്നെല്ലാം ബാലന്‍സ് കുറഞ്ഞ പലിശ നിരക്കുള്ള ഒരൊറ്റ കടത്തിലേക്ക് മാറ്റുന്നത് നിങ്ങള്‍ക്ക് പരിഗണിക്കാം. അതുവഴി നിങ്ങളുടെ കടം കൈകാര്യം ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദവും ലാഭകരവുമാണ്.