ഡീമാറ്റ് അക്കൗണ്ട് എടുത്താല്‍ മതിയോ? ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയേണ്ടേ

  • ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതുപോലെ തന്നെ പ്രധാനമാണ് അത് അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക എന്നത്
  • കൃത്യമായ ഇടവേളകളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക
  • സുരക്ഷിതമായി സൂക്ഷിക്കുക

Update: 2024-03-19 10:46 GMT

ഓഹരികള്‍, ഓഹരിയനുബന്ധ നിക്ഷേപങ്ങള്‍ എന്നിവയിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് അടുത്ത കാലത്തായി കാര്യമായി വര്‍ധിച്ചിട്ടുണ്ട്. അതിനനുസരിച്ച് ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന മോത്തിലാല്‍ ഒസ്വാളിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഫെബ്രുവരിയില്‍ കൂട്ടിച്ചേര്‍ത്തത് 43 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ്. ഇതോടെ ആകെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 14.80 കോടിയായിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. മൊബൈല്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകള്‍, ഓഹരി വിപണിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും വിവരങ്ങളുടെയും ലഭ്യത വേഗത്തിലായത് തുടങ്ങിയതൊക്കെ ഇതിനുള്ള കാരണമാണ്. വെറുതെ ഒരു ഡീമാറ്റ് അക്കൗണ്ട് എടുത്തതുകൊണ്ട് കാര്യമില്ല. അത് കൃത്യമായി കൈകാര്യം ചെയ്യുന്നതിലാണ് വിജയം. അതിനായി എന്തൊക്കെ ചെയ്യണം എന്നൊന്നു നോക്കാം

അപ്‌ഡേറ്റായിരിക്കണം: ഡീമാറ്റ് അക്കൗണ്ട തുറക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അത് ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് തുടങ്ങിയ വവിരങ്ങളും കെവൈസി വിവരങ്ങളുമൊക്കെയാകും. കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിക്കണം. തെറ്റുണ്ടെങ്കില്‍ തിരുത്തണം. ഇനി എപ്പോഴെങ്കിലും മൊബൈല്‍ നമ്പറിലോ, വ്യക്തിഗത വിവരങ്ങളിലോ മാറ്റം വരുത്തിയാല്‍ അവ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകയും വേണം.

ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍: ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ ഓണ്‍ലൈനായി ഉപയോഗിക്കുന്നവര്‍ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സുരക്ഷിതത്വത്തിനായി ഉപയോഗിക്കാം. ഇത് അക്കൗണ്ടിന്റെ സുരക്ഷിതത്വം ഒടിപി വെരിഫിക്കേഷന്‍ പോലുള്ള സേവനങ്ങളിലൂടെ ഒന്നു കൂടി ഉറപ്പിക്കാനുള്ള മാര്‍ഗമാണിത്.

ശക്തമായ പാസ് വേര്‍ഡ്: അക്കൗണ്ടുകളില്‍ ഉപയോഗിക്കുന്ന പാസ് വേര്‍ഡ് എപ്പോഴും ശക്തമായിരിക്കാന്‍ ശ്രദ്ധിക്കണം. അക്കൗണ്ട് ആരെങ്കിലും ലോഗിന്‍ ചെയ്യാല്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഊഹിച്ച് എടുക്കാന്‍ പറ്റുന്നതോ കണ്ടെത്താന്‍ പറ്റുന്നതോ ആയിരിക്കരുത് പാസ് വേര്‍ഡ്.

സ്ഥിരമായി അക്കൗണ്ട് പരിശോധിക്കാം: കൃത്യമായ ഇടവേളകളില്‍ ഡീമാറ്റ് അക്കൗണ്ടുകളുടെ സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കേണ്ടതുണ്ട്. ഇത് ഇടപാടുകള്‍, ഹോള്‍ഡിംഗ്‌സ് എന്നിവ കൃത്യമാണോയെന്ന് മനസിലാക്കാന്‍ സഹായിക്കും. സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാല്‍ അത് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പറിയെ വേഗത്തില്‍ അറിയിക്കാം.

മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ജാഗ്രത: ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ മൂന്നാമതൊരു പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സാഹചര്യങ്ങളില്‍ ജാഗ്രത പാലിക്കണം. വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകള്‍ വിശ്വാസ്യമാണോയെന്ന് ഉറപ്പാക്കണമെന്ന് പറയുന്നത്.

എങ്ങനെ ഡീമാറ്റ് അക്കൗണ്ട തുറക്കാം

ഡീമാറ്റ് അക്കൗണ്ട് തുറക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏതെങ്കിലുമൊരു ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിനെ സമീപിക്കാം. അത് ബാങ്ക്, ബ്രോക്കറേജ് തുടങ്ങിയ സേവനദാതാക്കളാകാം. കെവൈസി വിവരങ്ങള്‍ തുടങ്ങിയ ഡിപി ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കണം. ഇപ്പോള്‍ മിക്ക ഡിപികളും ഡീമാറ്റ് അക്കൗണ്ട് തുറക്കല്‍ സൗജന്യമായാണ് ചെയ്തു തരുന്നത്. എന്നാല്‍, വാര്‍ഷിക മെയിന്റനന്‍സ് ഫീസ് നല്‍കേണ്ടതുണ്ട്. അത് ഓരോ ഡിപിക്കും വ്യത്യസ്തമായിരിക്കും. അക്കൗണ്ട് ഓപ്പണിംഗ് നടപടികള്‍ പൂര്‍ത്തിയായാല്‍ ട്രേഡിംഗ് ഐഡി നമ്പര്‍, ഡീമാറ്റ് അക്കൗണ്ട് നമ്പര്‍ എന്നിവ ലഭിക്കും. അതിനുശേഷം ഇടപാടുകള്‍ ആരംഭിക്കാം.

Tags:    

Similar News