എഫ്ഡിയിട്ട് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാം
- തിരിച്ചടവ് ശേഷി, തിരിച്ചടവ് ചരിത്രം എന്നിവയൊക്കെ പ്രധാനമാണ്.
- സാധാരണ എഫ്ഡികള്‍ക്കെതിരെ മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കൂ എന്നോര്‍ക്കുക.
- ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ ആദ്യമായി വായ്പ എടുക്കുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായിരിക്കും.
പലരും ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കുന്നത് കയ്യില്‍ കാശില്ലെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ പണം ചെലവഴിക്കാനുള്ള സ്രോതസായിട്ടാണ്. കൂടാതെ, ആവശ്യങ്ങള്‍ നടത്തി പണം പിന്നെ നല്‍കിയാല്‍ മതി, റിവാര്‍ഡ് പോയിന്റുകള്‍, മറ്റ് ഓഫറുകള്‍ എന്നിവയും ക്രെഡിറ്റ് കാര്‍ഡിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്.
ക്രെഡിറ്റ് സ്‌കോര്‍ വില്ലനാകും
ആശിച്ച് മോഹിച്ച് ഒരു ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ ചെല്ലുമ്പോഴാകും വില്ലനായി ക്രെഡിറ്റ് സ്‌കോര്‍ നില്‍ക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്ക് പലപ്പോഴും ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാറില്ല. വായ്പാ തിരിച്ചടവ് മുടങ്ങുകയോ, കൃത്യമായ വരുമാനം അക്കൗണ്ടിലേക്ക് എത്താതിരിക്കുകയോ അങ്ങനെ എന്തെങ്കിലുമൊക്കെയാകും ക്രെഡിറ്റ് സ്‌കോര്‍ കുറയാനുള്ള കാരണം. ക്രെഡിറ്റ് കാര്‍ഡിലൂടെ ബാങ്ക് ഈടില്ലാത്ത വായ്പയാണ് യഥാര്‍ഥത്തില്‍ നല്‍കുന്നത്. അതുകൊണ്ട് നിങ്ങളുടെ തിരിച്ചടവ് ശേഷി, തിരിച്ചടവ് ചരിത്രം എന്നിവയൊക്കെ പ്രധാനമാണ്.
എഫ്ഡിയുണ്ടെങ്കിലോ?
ഇങ്ങനെ ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയാലും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാന്‍ ഉപഭോക്താവിന് ശേഷിയുണ്ടെന്ന് ഉറപ്പു വരുത്താന്‍ ചില ബാങ്കുകള്‍ ഉപഭോക്താക്കളോട് എഫ്ഡി ആരംഭിക്കാന്‍ പറയും. അതിനുശേഷമാണ് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നത്. ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ സുരക്ഷിതമായ ക്രെഡിറ്റ് കാര്‍ഡുകളാണെന്ന് പറയാം. ഇവിടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതിനുശേഷം കുടിശ്ശിക അടയ്ക്കാനുള്ള സമയ പരിധിക്കുള്ളില്‍ ഉപഭോക്താക്കള്‍ അടച്ചു തീര്‍്ത്തില്ലെങ്കില്‍ ബാങ്കിന് ഈ എഫ്ഡിയിലെ പണം അതിനായി ഉപയോഗിക്കാന്‍ കഴിയും.
ആദായനികുതി നിയമപ്രകാരം സെക്ഷന്‍ 80 സിയിലെ നികുതി ലാഭിക്കുന്ന എഫ്ഡികള്‍, ഓട്ടോ-സ്വീപ്പ് സൗകര്യത്തോടെ വരുന്ന ഫ്െളക്‌സി ഡെപ്പോസിറ്റുകള്‍ എന്നിവയ്‌ക്കെതിരെ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാറില്ല. സാധാരണ എഫ്ഡികള്‍ക്കെതിരെ മാത്രമേ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കൂ എന്നോര്‍ക്കുക.
ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താം
സാധാരണ ക്രെഡിറ്റ് കാര്‍ഡ് കിട്ടാത്തവര്‍ എഫ്ഡി പിന്തുണയുള്ള ക്രെഡിറ്റ് കാര്‍ഡാണ് സ്വന്തമാക്കുന്നതെങ്കില്‍ അത്തരം കാര്‍ഡുകള്‍ക്കും റിവാര്‍ഡുകളുടെയും ബ്രാന്‍ഡ് ഓഫറുകളുടെയും ആനുകൂല്യം ലഭിക്കുമെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധരുടെ അഭിപ്രായം. ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ ആദ്യമായി വായ്പ എടുക്കുന്നവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായിരിക്കും. കാരണം കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ അല്ലെങ്കില്‍ ക്രമരഹിതമായ വരുമാനമുള്ളവര്‍ക്ക് അവരുടെ ക്രെഡിറ്റ് ഹിസ്റ്ററിയും ക്രെഡിറ്റ് സ്‌കോറും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. കൂടാതെ, എഫ്ഡിയുടെ പിന്തുണയുള്ളതിനാല്‍, ചില ബാങ്കുകള്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡുകളെക്കാള്‍ ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകളും വാര്‍ഷിക ഫീസും ഈടാക്കിയേക്കാം.
കുറഞ്ഞ വായ്പാ പരിധി
എഫ്ഡി പിന്തുണയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വായ്പാ പരിധി കുറവായിരിക്കുമെന്നോര്‍ക്കണം. ഇത് എഫ്ഡി തുകയുടെ ഒരു നിശ്ചിത ശതമാനമായിരിക്കും. മറുവശത്ത്, സാധാരണ ക്രെഡിറ്റ് കാര്‍ഡുകളുടെ വായ്പാ പരിധി ഒരാളുടെ വരുമാനത്തിന്റെ ഗുണിതമാണ്. ഓരോ ബാങ്കും എഫ്ഡിയായി തെരഞ്ഞെടുക്കുന്നത് വ്യത്യസ്ത തുകയാണ്. അതിനനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് പരിധിയും വ്യത്യാസപ്പെട്ടിരിക്കും.
എഫ്ഡിയിലെ പണം എടുക്കണമെങ്കില്‍
എഫ്ഡിയിലെ തുക പിന്‍വലിക്കണമെങ്കില്‍ അതിനു മുമ്പ് ക്രെഡിറ്റ് കാര്‍ഡ് സറണ്ടര്‍ ചെയ്യുകയും എന്തെങ്കിലും കുടിശികയോ, , പേയ്‌മെന്റുകളോ ഉണ്ടെങ്കില്‍ അത് തീര്‍ക്കുകയും വേണം. ക്രെഡിറ്റ് കാര്‍ഡുകള്‍, വായ്പകള്‍ എന്നിവയിലേക്ക് ആദ്യമായി പ്രവേശിക്കുന്ന ഒരാള്‍ക്ക് മികച്ചത് ഇത്തരം ക്രെഡിറ്റ് കാര്‍ഡുകളായിരിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം.