ഇന്ത്യയുടെ സാമ്പത്തിക ഭൂപടം മാറ്റിവരച്ച ഫിനാൻഷ്യൽ ഇൻക്ലൂഷൻ പദ്ധതികൾ
- 1960-കളിൽ ആരംഭിച്ചതാണ് ഇന്ത്യയിലെ സാമ്പത്തിക സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ
- 2005 ൽ RBI ആണ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്
1947-ൽ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത്, രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക സ്ഥിതി വലിയ രീതിയിൽ പ്രതിസന്ധി നേരിട്ടിരുന്നു. പട്ടിണി, ദാരിദ്ര്യം, രോഗങ്ങൾ എന്നിവ പരക്കെ നിലനിന്നു. ഈ സാഹചര്യത്തിൽ, പ്രധാന മന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ ആരംഭിച്ച പദ്ധതികളിൽ ഒന്നാണ് സാമൂഹ്യക്ഷേമ പദ്ധതി ഉത്തരവ് 1947. ഈ ഉത്തരവ് പ്രകാരം, പെൻഷൻ, ആരോഗ്യ അലവൻസ്, തൊഴിലില്ലായ്മ അലവൻസ് എന്നിവ ജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാർ തീരുമാനിക്കുകയും ഇത് ജനങ്ങളുടെ പട്ടിണിയും, ദാരിദ്ര്യവും കുറയ്ക്കാനും, അവരുടെ ജീവിതം മെച്ചപ്പെടുത്താനും വഴി ഒരുക്കി.
ഇന്ദിര ഗാന്ധി, കോൺഗ്രസ് സർക്കാർ നേതൃത്വത്തിൽ 1969 ൽ ലീഡ് ബാങ്ക് സ്കീം,1982 ൽ നബാർഡ്,1983 ൽ സ്വയം സഹായ സംഘ (SHG) സ്കീം കൂടാതെ 1979 ൽ ജനതാദൾ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ മണ്ഡൽ കമ്മീഷൻ മുതലായ പ്രധാന നാഴികക്കല്ലുകൾ എന്ന് പറയാവുന്ന നിരവധി പദ്ധതികൾ നിലവിൽ വന്നു, ഇങ്ങനെ 1960-കളിൽ ആരംഭിച്ചതാണ് ഇന്ത്യയിലെ സാമ്പത്തിക സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ.
ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്ന ആശയം
എന്നാൽ 2005 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന ദുർബല വിഭാഗങ്ങൾക്ക് സാമ്പത്തിക ഉൽപന്നങ്ങളിലേക്കും, സേവനങ്ങളിലേക്കും സുതാര്യമായ പ്രവേശനം ഉറപ്പാക്കുന്ന പദ്ധതികൾ ആണ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ പ്ലാനുകൾ എന്ന് പറയുന്നത്. ഇന്ത്യയിൽ സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) സർക്കാരും ചേർന്ന് ശേഷം നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
2005 ൽ മൻമോഹൻ സിങ്, കോൺഗ്രസ്- സർക്കാർ നേതൃത്വത്തിൽ നോ-ഫ്രിൽസ് അക്കൗണ്ട് സ്കീം കൊണ്ട് വന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യക്തികൾക്ക് ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കുന്നതിന് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മിനിമം ബാലൻസ് ആവശ്യമില്ലാത്തതുമായ ഒരു ലളിതമായ സേവിംഗ്സ് അക്കൗണ്ടാണ് നോ-ഫ്രിൽസ് അക്കൗണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2012-ൽ ഇതിനെ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ) എന്ന് പുനർനാമകരണം ചെയ്തു. കൂടാതെ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യക്തികളിലേക്ക് ബാങ്കിംഗ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിന്നായി 2010 ൽ - ധനകാര്യ ഉൾപ്പെടുത്തൽ സ്കീം മാത്രമല്ല വരുമാനമുള്ള ഭവനങ്ങളിൽ സമ്പാദ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2012 ൽ രാജീവ് ഗാന്ധി സേവിംഗ്സ് എന്നിങ്ങനെ മറ്റനേകം സ്കീമുകൾ പ്രാബല്യത്തിൽ വന്നു.
ജൻ ധൻ യോജന
2014-ൽ ആരംഭിച്ച മോദി സർക്കാരിന്റെ മുഖ്യ പദ്ധതികളിൽ ഒന്നായ സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന. ഇന്ത്യയിലെ ഓരോ വ്യക്തിക്കും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുക എന്നത് തന്നെയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബാങ്കിംഗ് സേവങ്ങൾ ഇല്ലാത്ത കുടുംബങ്ങൾക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ, പണമയയ്ക്കൽ, വായ്പകൾ, ഇൻഷുറൻസ്, പെൻഷനുകൾ തുടങ്ങിയ സാമ്പത്തിക സേവനങ്ങളിലേക്കുള്ള വഴി തുറക്കുകയും സാമ്പത്തിക സാക്ഷരത പ്രാപതമാക്കാൻ സഹായിക്കുക എന്നിവയാണ് പദ്ധിതിയുടെ അജണ്ടകൾ. ജൻ ധൻ യോജന ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളെ നാടകീയമായി മെച്ചപ്പെടുത്തുകയും ആഗോള സാമ്പത്തിക പരിഷ്കാരങ്ങളിൽ ഇന്ത്യയെ ഒരു നേതാവായി ഉയർത്തുകയും ചെയ്തു എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.
"ബാങ്ക് ദി അൺ ബാങ്ക്ഡ് ", "സെക്യൂർ ദി അൺ സെക്യൂർഡ് ", "ഫണ്ട് ദി അൺ ഫൻഡഡ്", കൂടാതെ "സെർവ് അൺ സേർവ്ഡ്, അൺ ഡിസെർവേഡ് ഏരിയാസ് " ഇവയാകുന്നു സ്കീമിൻ്റെ പ്രധാന മാർഗ്ഗ നിർദ്ദേശ തത്വങ്ങൾ. ഇന്ത്യയിൽ ബാങ്കിംഗ് വ്യാപനം വർധിപ്പിക്കുന്നതിനും, ജനങ്ങളുടെ സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പിക്കുന്നതിലും പദ്ധതി വിജയിച്ചു എന്ന് ആർ ബി ഐ പറയുന്നു.
ഇന്ത്യയുടെ ജൻ ധൻ യോജന ആഗോളതലത്തിൽ പ്രശംസ നേടുകയും, ലോക ബാങ്ക്, ഡെലോയിറ്റ് എന്നിവർ, ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ പദ്ദതി വിപുലീകരിക്കപ്പെട്ടത് പരാമർശിക്കുകയും ചെയ്തു.
2024 ഓഗസ്റ്റ് 28-ന് ജൻ ധൻ യോജന പദ്ധതിയ്ക്ക് പത്ത് വയസു തികഞ്ഞിരിക്കയാണ്. ഈ അവസരത്തിൽ ജൻ ധൻ യോജന സാമ്പത്തിക മേഖലയിൽ വൻ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുകയാണ് കേന്ദ്ര സർക്കാർ.
പുതിയ 53 കോടി ബാങ്ക് അക്കൗണ്ടുകൾ
പദ്ധതി ആരംഭിച്ചതിന് ശേഷം, ഇത് വരെ 53 കോടിയിലധികം പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട് എന്ന് സർക്കാർ അവകാശപ്പെടുന്നു, ഇതിൽ 55% അക്കൗണ്ടുകൾ സ്ത്രീകളുടെ പേരിലും, 66% റൂറൽ, സെമി അർബൻ ഏരിയകളിലുമാണ്.
ഡിജിറ്റൽ ഇന്ത്യയുടെ വളർച്ച
ജൻ ധൻ യോജനയിലൂടെ ഡിജിറ്റൽ ഇടപാടുകൾ വളരെ വേഗത്തിൽ വർധിച്ചു. 2012-13 സാമ്പത്തിക വർഷത്തിൽ 162 കോടി ഡിജിറ്റൽ ഇടപാടുകൾ ആണ് നടന്നത്, 2023-24-ൽ ഇത് 16,443 കോടി ഇടപാടുകളായി ഉയർന്നു. ഇത് ഡിജിറ്റൽ ഇടപാടുകളിൽ 129X മടങ്ങ് വർധനവാണ് സൂചിപ്പിക്കുന്നത്.
വനിതാ സംരംഭകർക്കരുടെ ശക്തികരണം
മുദ്ര ലോണിന്റെ 68% വനിതാ സംരംഭകർക്കരെ ശക്തിപ്പെടുത്തുകയും, 2014 മുതൽ 7.68 ലക്ഷം കോടി രൂപയുടെ വായ്പകൾ വനിതാ സ്വയം സഹായ സംഘങ്ങൾ ആയ എസ്എച്ച്ജി (SHG ) വനിതകൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ഇത് അവരുടെ വരുമാനം 19% വർധിപ്പിച്ചതായി കണക്കിടുന്നു.
ദാരിദ്ര്യ നിർമ്മാർജനത്തിൽ മുന്നേറ്റം
പി എം ജെ ഡി വൈ പദ്ധതി ഇന്ത്യയുടെ ദാരിദ്ര്യ നിർമ്മാർജനത്തിൽ നിർണായക പങ്കുവഹിച്ചതായും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു , 2013-14 സാമ്പത്തിക വർഷത്തിൽ 29.17% ആയിരുന്ന ദാരിദ്ര്യ നിരക്ക് 2022-23-ൽ 11.28% ആയി കുറഞ്ഞു. കഴിഞ്ഞ 10 വർത്തിനുള്ളിൽ 24.82 കോടി ഇന്ത്യക്കാർ ദാരിദ്രത്തെ അതിജീവിച്ചതായി കണക്കുകൾ പറയുന്നു.
36.14 കോടി റുപേ ഡെബിറ്റ് കാർഡുകൾ
ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് റുപേ കാർഡുകൾക്കൊപ്പം ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കവർ നൽകുകയും, 2018-ന് ശേഷം തുറന്ന അക്കൗണ്ടുകൾക്ക് ഇത് രണ്ട് ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. ഇത് വരെ 36.14 കോടി റുപേ ഡെബിറ്റ് കാർഡുകൾ ആണ് വിതരണം ചെയ്തിട്ടുള്ളത്.
കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത്, 20 കോടി സ്ത്രീകളുടെ ജൻ ധൻ അക്കൗണ്ടുകളിലേക്ക് മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപ വീതം ആകെ നിക്ഷേപിച്ചത് 30,000 കോടി രൂപയാണ്.
കൂടാതെ പ്രധാന മന്ത്രി ഗരിബ് കല്യാൺ യോജന, പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി, ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ്, ആയുഷ്മാൻ ഭാരത് യോജന, പ്രധാന മന്ത്രി ഉജ്ജ്വല യോജന, പ്രധാന മന്ത്രി ഫസൽ ബീമ യോജന എന്നിവയുടെ വിതരണം ജൻ ധൻ യോജന പദ്ധതി വഴി ലളിതമാക്കപ്പെട്ടു.
ജൻ ധൻ യോജന അക്കൗണ്ട് എങ്ങനെ തുറക്കാം?
ഇനി ജൻ ധൻ യോജന ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം, ജൻ ധൻ യോജന പദ്ധതിയിൽ, ബാങ്കുകൾ സീറോ ബാലൻസ് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സൗകര്യം നൽകുന്നു. ഈ അക്കൗണ്ടുകൾ വഴി, മേൽ പറഞ്ഞ വിവിധ സർക്ക്ക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാം.
ജനധൻ യോജനയുടെ കീഴിൽ സീറോ ബാലൻസുള്ള ഒരു ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്നതിന് ഉള്ള വ്യവസ്ഥകൾ ഇനി പറയുന്നവയാണ് ഒന്ന് നിങ്ങൾ ഇന്ത്യൻ പൗരനായിരിക്കണം, രണ്ട് നിങ്ങൾക്ക് മറ്റ് ബാങ്ക് അക്കൗണ്ട് ഉണ്ടാകരുത്, 10 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് അക്കൗണ്ട് തുടങ്ങാം.
ജനധൻ അക്കൗണ്ട് തുറക്കുന്നതിനായി നിങ്ങളുടെ അടുത്തുള്ള ബാങ്ക് സന്ദർശിച്ച്, ജനധൻ യോജന അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് നൽകി, ആധാർ കാർഡ്, പാൻ കാർഡ് മുതലായ KYC ഡോക്യുമെന്റുകൾ സമർപ്പിച്ച് നിങ്ങളുടെ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാം. സീറോ ബാലൻസ് അക്കൗണ്ട് തുറക്കുന്നതിന് യാതൊരു ചാർജും ഈടാകുന്നില്ല. നിങ്ങളുടെ അക്കൗണ്ടിന് സൗജന്യമായി രൂപേ ATM കാർഡ് ലഭിക്കും. ഇൻഷുറൻസ് ആനുകൂല്യങ്ങൾ, ഓവർഡ്രാഫ്റ്റ് സൗകര്യം, ATM ഉപയോഗം, മൊബൈൽ ബാങ്കിംഗ് കൂടാതെ ചെറുകിട വായ്പ സൗകര്യം, സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ എന്നിവ ജൻ ധൻ അക്കൗണ്ട് വഴി ലഭ്യമാക്കാം.
നിലവിലുള്ള ബാങ്ക് അക്കൗണ്ടിൽ ജൻ ധൻ യോജന ആനുകൂല്യങ്ങൾ നേടാം
ജൻ ധൻ യോജന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു വ്യക്തിക്ക് തന്റെ നിലവിലെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പ്രധാനമന്ത്രി ജൻ ധൻ യോജനയിലേക്ക് മാറ്റാവുന്നതാണ്. പഴയ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ, ബാങ്കിൽ നിന്ന് ഒരു റുപേ കാർഡ് അപേക്ഷിക്കേണ്ടതുണ്ട്. 5000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം ജൻ ധൻ അക്കൗണ്ട് വഴി നേടാവുന്നതാണ്.
കേരളത്തിൽ 63.93 ദശലക്ഷം ആളുകൾ ജൻധൻ അക്കൗണ്ട് തുറന്നിട്ടുണ്ട്. ശരാശരി അക്കൗണ്ട് ബാലൻസ് 4,431 രൂപ വെച്ച് 2,828.30 കോടി രൂപയാണ് ഈ അക്കൗണ്ടുകളിൽ ബാലൻസ് ഉള്ളത്. കൂടാതെ സംസ്ഥാനത്തെ 35 ലക്ഷത്തിലധികം പേർക്ക് ജൻ ധൻ റൂപേ കാർഡുണ്ട്.