45വയസിനുതാഴെ 15ശതമാനം പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നില്ല, കാരണം ?

  • ജീവിതശൈലീരോഗങ്ങളെ അകറ്റി നിര്‍ത്തുക
  • ഇന്ത്യയിലെ ആകെ മരണങ്ങളില്‍ 53 ശതമാനവും സാംക്രമികേതര രോഗങ്ങളലാണ്
  • ഏറ്റവുമധികം പ്രമേഹ രോഗികളുടെ നാടാണ് ഇന്ത്യയെന്ന് കണക്കുകള്‍

Update: 2023-08-27 11:38 GMT

യുവാക്കളിലും മുതിര്‍ന്നവരിലും ജീവിതശൈലീ രോഗങ്ങളുടെ എണ്ണത്തില്‍ നിരന്തരമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഈ രോഗങ്ങളുടെ വ്യാപനം യുവാക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു. ഹൃദ്രോഗം, അനിയന്ത്രിതമായ പ്രമേഹം, വിട്ടുമാറാത്ത കരള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ കാരണം 45വയസിനു താഴെയുള്ളവരില്‍ 15ശതമാനം പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ കഴിയാതെ വരുന്നതായി പോളിസി ബസാറിന്റെ ഡാറ്റ പറയുന്നു.

പോളിസി ബസാര്‍ പങ്കിട്ട ഡാറ്റ അനുസരിച്ച്, ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്ത മുതിര്‍ന്നവരില്‍ 17ശതമാനം പേര്‍ക്ക് അനിയന്ത്രിതമായ പ്രമേഹം ഉണ്ടായിരുന്നു. ഇതോടെ, ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനുള്ള വഴിയിലെ പ്രധാന തടസമായി പ്രമേഹം മാറുന്നു. പ്രമേഹം കൂടാതെ, മുതിര്‍ന്നവരില്‍ 16ശതമാനം പേര്‍ക്ക് ബിപി, കൊളസ്‌ട്രോള്‍, ഹാര്‍ട്ട് ബ്ലോക്ക്, തുടങ്ങിയ രോഗങ്ങള്‍ ഉണ്ട്. വിട്ടുമാറാത്ത കരള്‍ അല്ലെങ്കില്‍ ശ്വാസകോശ രോഗങ്ങള്‍ കാരണം ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കാത്ത മുതിര്‍ന്നവരുടെ ശതമാനം 12-13ശതമാനം ആണ്.

രോഗങ്ങള്‍ നിമിത്തം വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവ്, ഇതിനകം തന്നെ രോഗം ബാധിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെയും ബാധിക്കുന്നു. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ലോകമെമ്പാടും വിട്ടുമാറാത്ത അല്ലെങ്കില്‍ സാംക്രമികേതര രോഗങ്ങള്‍ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മൊത്തം മരണങ്ങളില്‍ 73 ശതമാനവും ഇക്കാരണങ്ങളാലാണ് സംഭവിക്കുന്നത്.

ഇന്ത്യയില്‍, സാംക്രമികേതര രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് 53ശതമാനം ആണ്. ലോകത്ത് ഏറ്റവുമധികം പ്രമേഹരോഗികളുള്ളവരുടെ നാടാണ് ഇന്ത്യയെന്നാണ് മന്ത്രാലയം പറയുന്നത്. ഏകദേശം 77 ദശലക്ഷം ആളുകള്‍ ഈ രോഗവുമായി ജീവിക്കുന്നു. മാത്രമല്ല, 2045 ആകുമ്പോഴേക്കും ഇത് 134 ദശലക്ഷമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രമേഹം മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും ഇന്ത്യക്കാര്‍ വളരെയധികം ഇരയാകുന്നുണ്ട്.

എല്ലാ മരണങ്ങളുടെയും നാലിലൊന്ന് ഹൃദയ സംബന്ധമായ കാരണങ്ങളാലാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണം രാജ്യത്ത് ചെറുപ്രായത്തില്‍ തന്നെ ജീവന്‍ നഷ്ടപ്പെടുന്നതായി മന്ത്രാലയം പറയുന്നു. രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഹൈപ്പര്‍ടെന്‍ഷന്‍ കേസുകളിലും കുത്തനെ വര്‍ധനയുണ്ട്.

Tags:    

Similar News