പണം പോകുന്ന 11 വഴികള്‍
- അറിഞ്ഞു ചെലവാക്കാം
- ചെലവ് ചുരുക്കല്‍ മോശം കാര്യമൊന്നുമല്ല
- ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ മാത്രം നല്ലതെന്ന് ചിന്തിക്കേണ്ട
കൃത്യമായി ബജറ്റ് തയ്യാറാക്കും പക്ഷേ, ഓരോ മാസവും ഇത് പാലിക്കല്‍ വല്യ ബുദ്ധിമുട്ടാണ്. ശമ്പളം വരുന്നതെ ഓര്‍മ്മയുള്ളു പിന്നെ പണം പോകുന്ന വഴി അറിയില്ല. ഇതൊക്കെയണ് പലരുടെയും പ്രശ്‌നം. പണം പോകുന്ന വഴി അറിയണമെങ്കില്‍ ചില ശീലങ്ങളെയൊന്നു പരിശോധിക്കണം. എങ്കിലെ പണം പോകുന്ന വഴി അറിയൂ. താഴെ പറയുന്ന ശീലങ്ങളുണ്ടോയൊന്നു പരിശോധിച്ചാലോ.
ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ മാത്രമേ വാങ്ങൂ
ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചേ ശീലമുള്ളൂ എന്നു പറയുന്ന പലരുമുണ്ട്. അതില്‍ തെറ്റൊന്നുമില്ല. വാങ്ങും മുമ്പ് സാമ്പത്തിക സ്ഥിതികൂടി മനസിലാക്കണം എന്നു മാത്രം. കടം വാങ്ങി ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ വാങ്ങുന്നതിലും നല്ലത് മികച്ച ഗുണമേന്മയുള്ള സ്വന്തം പോക്കറ്റിന് താങ്ങാനാകുന്ന ഉത്പന്നങ്ങള്‍ വാങ്ങുന്നതാണ്.
ക്രെഡിറ്റ് കാര്‍ഡ് ബില്ല് കൃത്യ സമയത്ത് അടയ്ക്കാതിരിക്കുക
എല്ലാ മാസവും അഞ്ചാം തീയതിയാണ് ക്രെഡിറ്റ് കാര്‍ഡ് ബില്ല് അടയ്‌ക്കേണ്ടത് പക്ഷേ, 10ാം തീയതിയെ അടയ്ക്കൂ. ഏറിപ്പോയാല്‍ ഒരു 1000 രൂപ കൂടുതല്‍ കൊടുക്കേണ്ടി വന്നേക്കാം എങ്കിലും സാരമില്ല എന്നു ചിന്തിക്കുന്നവരാണോ? എന്തിനാണ് എല്ലാ മാസവും 1000 രൂപ വെറുതെ കളയുന്നത്. കൃത്യസമയത്ത് ബില്ലടച്ചാല്‍ പിഴയായി വരുന്ന പണം സേവ് ചെയ്യാമല്ലോ.
അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ല, എടിഎം ഉപയോഗം കൂടുതല്‍
ബാങ്ക് വഴി ഇടപാടുകള്‍ നടത്തുന്നവര്‍ പണം പാഴാക്കുന്ന വഴിയാണിത്. എല്ലാ മസവും മിനിമം ബാലന്‍സ് സൂക്ഷിക്കാതിരിക്കും. ഇതുവഴി പിഴയായി നല്ലൊരു തുക നല്‍കേണ്ടി വരും. സീറോ ബാലന്‍സ് അക്കൗണ്ട് ഓപ്ഷനുകളുണ്ടോയെന്ന് അതത് ബാങ്കില്‍ അന്വേഷിച്ച് ഇത്തരം അക്കൗണ്ടുകള്‍ തുറന്നാല്‍ പിഴയായി നല്‍കുന്ന തുക കുറയ്ക്കാം. ഓരോ മാസവും സൗജന്യ എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ പരിധി വെയ്ക്കാറുണ്ട് ഈ പരിധി അറിഞ്ഞ് ഇടപാടുകള്‍ നടത്തിയാല്‍ അങ്ങനെ വരുന്ന പിഴകളും കുറയ്ക്കാം.
കുപ്പി വെള്ളം മാത്രം ശീലം
യാത്ര പോകുമ്പോഴും മറ്റും കുപ്പി വെള്ളത്തെ മാത്രമാണോ ആശ്രയിക്കാറ്. അതും പണം പാഴാകുന്ന വഴിയാണേ. ഒരു ബോട്ടില്‍ വെള്ളത്തിന് 20 രൂപ നല്‍കണം. ഈ ചൂടുകാലത്ത് ഒരു കുപ്പിയൊന്നും തികയില്ലെന്നു കൂടി ഓര്‍ക്കണം. കയ്യില്‍ ഒരു ബോട്ടിലില്‍ ആവശ്യത്തിന് വെള്ളം കരുതാം. ഇത് ആരോഗ്യം സംരക്ഷിക്കാനും ഉപകരിക്കും. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ കുപ്പി വെള്ളത്തെ ആശ്രയിക്കാം. പക്ഷേ, ദൈനംദിന യാത്ര, ആസൂത്രണം ചെയ്തുള്ള യാത്ര ഈ സാഹചര്യങ്ങളിലാണ് ഇത് ഒഴിവാക്കേണ്ടത്.
ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണമില്ലേ
ഫോണ്‍ റീച്ചാര്‍ജിംഗ് ഇപ്പോള്‍ ഡേറ്റയും കോളും ഉള്‍പ്പെടുന്നതാണ്. പലര്‍ക്കും പ്രതിദിനം ലഭിക്കുന്ന 1.5, രണ്ട് ജിബി ഡേറ്റയൊന്നും പോരാതെ വരും. ഡേറ്റ തീരുമ്പോള്‍ 25 രൂപ, 19 രൂപ എന്നിങ്ങനെയുള്ള അധിക റീച്ചാര്‍ജുകള്‍ ചെയ്യേണ്ടി വരും. ഇത് അധിക ചെലവാണെന്നോര്‍ക്കുക. ആദ്യം റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ആവശ്യത്തിനനുസരിച്ച് റീച്ചാര്‍ജ് ചെയ്യാം. അല്ലെങ്കില്‍ ഡേറ്റ ഉപയോഗം കുറയ്ക്കാം.
ഷോപ്പിംഗ് ലിസ്റ്റ് തയ്യാറാക്കാം
സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുമ്പോള്‍ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാം. അവ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കാം. കണ്ണില്‍ കാണുന്നതും കയ്യില്‍ കിട്ടുന്നതും വാങ്ങുന്ന ശീലമുണ്ടെങ്കില്‍ ഇതുവഴി ഒഴിവാക്കാം. ഒരു മാസത്തേക്കുള്ള സാധനങ്ങള്‍ ഒരുമിച്ച് വാങ്ങുന്നത് ഇടയ്ക്കിടയ്ക്കുള്ള ഷോപ്പിംഗിനെ കുറയ്ക്കും.
സിഗരറ്റില്ലാതെ പറ്റില്ലേ
സിഗരറ്റ്, മാദ്യം തുടങ്ങിയ ശീലങ്ങളുണ്ടെങ്കില്‍ പതിയെ പതിയെ അത് കുറച്ചു കൊണ്ടുവരാം. ഓരോ ദിവസവും അതിനായി ചെലവാക്കിയിരുന്ന തുക മാറ്റിവെച്ച് ഒരു മാസം കഴിയുമ്പോള്‍ എത്രയുണ്ടെന്ന് നോക്കാം. അത് നിക്ഷേപത്തിലേക്ക് നീക്കിവെയ്ക്കാം.
ബില്ലുകള്‍ കുറയ്ക്കാം
കറന്റ്, വെള്ളം എന്നിവ സൂക്ഷിച്ചുപയോഗിക്കണം എന്നറിയാം. ഒന്നൂടെ സൂക്ഷിച്ചാല്‍ ഒന്നൂടെ ലാഭിക്കാം എന്നോര്‍ക്കുക.
കാത്തിരുന്നു വാങ്ങാം
എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ വാങ്ങണമെന്നു തോന്നി അപ്പോള്‍ വാങ്ങി എന്നു പറയാതെ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍, കടകള്‍ എന്നിവയിലെ വില താരതമ്യം ചെയ്യാം. ഓഫര്‍ സീസണ്‍ വരുന്നുണ്ടെങ്കില്‍ അതിനായി കാത്തിരിക്കാം.
ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ മാത്രം സബ്‌സ്‌ക്രൈബ് ചെയ്യാം
സിനിമ, വെബ്‌സീരിസ്, പാട്ടുകള്‍, ഷോപ്പിംഗ് എന്നിവയ്ക്കായി നിരവധി പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമാണ്. അതില്‍ പലതും ഒരു വര്‍ഷം , ഒരു മാസം എന്നിങ്ങനെ സബസ്‌ക്രൈബ് ചെയ്യണം. സബസ്‌ക്രിപ്ഷന്‍ തീരുമ്പോള്‍ ഓട്ടോമാറ്റിക്കായി സബസ്‌ക്രപിഷന്‍ പുതുക്കുന്ന പ്ലാറ്റ്‌ഫോമുകളുമുണ്ട്. അത്തരം പ്ലാറ്റ്‌ഫോമുകള്‍ ആവശ്യമുള്ളവയാണോ എന്നുറപ്പാക്കി മാത്രം സബ്‌സ്‌ക്രൈബ് ചെയ്യാം. ആവശ്യമില്ലാത്തവ ഉപേക്ഷിക്കാം.
പുറത്തു നിന്നുള്ള ഭക്ഷണം
പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കല്‍ ശീലമാണെങ്കില്‍ അത് കീശ കാലിയാക്കുന്ന ശീലം കൂടിയാണെന്നോര്‍ക്കണം. ഒരാഴ്ച്ച പുറത്തു നിന്നുള്ള ഭക്ഷണം കുറച്ച് സ്വയം പാകം ചെയ്ത് കഴിച്ചാല്‍ വ്യത്യാസം അറിയാന്‍ കഴിയും. സ്വയം സന്തോഷിപ്പിക്കാന്‍ ഇടയ്‌ക്കൊക്കെ കഴിക്കുന്നതില്‍ തെറ്റില്ല.