മികച്ച വരുമാനത്തിന് കൊമേഴ്‌സ്യല്‍ റിയല്‍എസ്‌റ്റേറ്റ്; ഇക്കാര്യങ്ങള്‍ അറിയാം
- റിയല്‍എസ്‌റ്റേറ്റ് ബിസിനസില്‍ ഏറ്റവും ലാഭകരമായ മേഖലയാണ് കൊമേഴ്‌സ്യല്‍ റിയല്‍എസ്റ്റേറ്റ് ബിസിനസ്.
- റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളേക്കാള്‍ വലിയ വിലയാണ് ഈ ആസ്തികള്‍ക്ക്. ലാഭ മാര്‍ജിനും കൂടും.
ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും ആസ്തികളും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനെ കൊമേഴ്‌സ്യല്‍ റിയല്‍എസ്റ്റേറ്റ് ബിസിനസ് എന്ന് വിളിക്കാം. റസിഡന്‍ഷ്യല്‍ മേഖല മാറ്റി നിര്‍ത്തി ഈ വിഭാഗത്തില്‍ മാത്രം പൂര്‍ണമായും ശ്രദ്ധിക്കാന്‍ സാധിക്കുന്നവര്‍ക്ക് വലിയൊരു വിപണിയാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ സാമ്പത്തിക വര്‍ഷം കൊമേഴ്‌സ്യല്‍ റിയല്‍എസ്റ്റേറ്റില്‍ ഒരു കൈ നോക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ താഴെ പറയാം.
ആസ്തികള്‍ എന്തൊക്കെ?
സ്റ്റോറുകള്‍,ഓഫീസ് ബില്‍ഡിങ്ങുകള്‍, ഇന്‍ഡസ്ട്രിയല്‍ യൂനിറ്റുകള്‍,ഹോട്ടലുകള്‍,ഫാക്ടറികള്‍ക്ക് വേണ്ടിയുള്ള സ്ഥലങ്ങള്‍ തുടങ്ങി ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ട കെട്ടിടങ്ങളും ഭൂമിയും ഈ കാറ്റഗറിയിലുള്ള ആസ്തികളാണ്. റസിഡന്‍ഷ്യല്‍ ആസ്തികളേക്കാള്‍ വലിയ ചെലവാണ് ഇത്തരം ആസ്തികള്‍ വാങ്ങാന്‍ വേണ്ടി വരിക. ചുരുക്കിപ്പറഞ്ഞാല്‍ മുതല്‍മുടക്ക് കാര്യമായി വേണം. എന്നാല്‍ ലാഭവും അതുപോലെയാണ്. റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളേക്കാള്‍ വലിയ വിലയാണ് ഈ ആസ്തികള്‍ക്ക്. ലാഭ മാര്‍ജിനും പൊതുവേ കൂടും.
ഇത്തരം ബില്‍ഡിങ്ങുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാടകക്ക് നല്‍കുകയാണെങ്കില്‍ പോലും വലിയ വാടകയാണ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ തുടങ്ങിക്കഴിഞ്ഞാല്‍ ഈ ബിസിനസില്‍ നിന്ന് വലിയ ലാഭം പ്രതീക്ഷിക്കാം. ഇത്തരം ആസ്തികള്‍ വാങ്ങി വില്‍ക്കുന്നതും വാങ്ങിയ ശേഷം വാടകക്ക് നല്‍കുന്നതും ഈ ബിസിനസിന്റെ ഭാഗമാണ്. ഇതില്‍ അനുയോജ്യമായത് ഏതാണെന്ന് തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോകാന്‍. ദീര്‍ഘകാലത്തേക്ക് ഈ മേഖലയില്‍ പണം നിക്ഷേപിക്കുമ്പോള്‍ ഭാവിയില്‍ വരാനിരിക്കുന്ന നികുതി,തേയ്മാനം (ഡിപ്രീഷിയേഷന്‍ സൈക്കിള്‍),ക്യാഷ് ഫ്‌ളോ മാനേജ്‌മെന്റ് എന്നിവയെ കുറിച്ചൊക്കെ ചിന്തിച്ചിരിക്കണം.
എന്തൊക്കെ ശ്രദ്ധിക്കാം
റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ തുടക്കക്കാര്‍ വളരെ സൂക്ഷിച്ചുവേണം നിക്ഷേപം നടത്താന്‍. സ്വന്തം ഇഷ്ടപ്രകാരം മാത്രം വലിയ തുക മുടക്കി ആദ്യം തന്നെ നിക്ഷേപിക്കരുത്. വിദഗ്ധരുടെ ഉപദേശം തേടുകയും സ്വന്തമായി കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്ത ശേഷം വേണം നിക്ഷേപം നടത്താന്‍.
കൊമേഴ്‌സ്യല്‍ ആസ്തികളില്‍ തന്നെ പ്രത്യേക വിഭാഗം തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഏതെങ്കിലുമൊരു പ്രത്യേക വിഭാഗം തിരഞ്ഞെടുത്ത് നിക്ഷേപക സ്ട്രാറ്റജി ആദ്യമേ ഉണ്ടാക്കുക. അതിന് അനുസരിച്ച് കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുക. ഈ മേഖലയിലെ ഉപഭോക്താക്കള്‍ ഏത് വിധത്തിലുള്ള പ്രോപ്പര്‍ട്ടികളാണ് തിരയുന്നതെന്ന് മനസിലാക്കിയിരിക്കണം.
കൊമേഴ്‌സ്യല്‍ റിയല്‍എസ്റ്റേറ്റ് നിക്ഷേപത്തിന് ഒരുങ്ങുമ്പോള്‍ ഇത്തരം ഇടപാടുകള്‍ എന്ത് മാനദണ്ഡത്തിന് പുറത്താണ് നടത്തുന്നതെന്ന് അറിയണം. കരാറുകള്‍ എങ്ങിനെയായിരിക്കണം,എന്തൊക്കെ നിബന്ധനകളുണ്ടാകാം, എന്തൊക്കെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്നതൊക്കെ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് ഒരു സ്‌ക്വയര്‍ഫീറ്റിന് വിപണിയില്‍ എത്ര വില വരുന്നു,ചെലവുകള്‍ എന്തൊക്കെയാണ്,വാടക വരുമാനം എത്ര, വാടക നിരക്കുകള്‍ എന്നിവയെ കുറിച്ചൊക്കെ ബോധ്യമുണ്ടായിരിക്കണം.
ടീം ഉണ്ടാക്കാം
ഈ മേഖലയിലെ പരിചയസമ്പന്നരായ ബ്രോക്കര്‍മാരുടെ ഒരു ലിസ്റ്റ് നിങ്ങളുടെ പക്കലുണ്ടാകണം. വിലപേശലിലും ഇടപാടിലുമൊക്കെ ഇവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്. റിയല്‍എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധരായ കോണ്‍ട്രാക്ടര്‍മാരെയും കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് കമ്പനി തുടങ്ങിയവരുമായൊക്കെ ബന്ധം ഉണ്ടാക്കുക.
ഒരു കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ എല്ലാ കാര്യങ്ങളും അറിയാവുന്ന ആളുകള്‍ കൂടെയുണ്ടായിരിക്കണം. കൊമേഴ്‌സ്യല്‍ റിയല്‍എസ്റ്റേറ്റ് ബിസിനസ് വലിയ ലാഭം തരുന്ന ഒരു ബിസിനസ് മേഖലയാണ്. നൂറ് ശതമാനം പരിശ്രമിക്കുന്നവര്‍ക്ക് വലിയ സാധ്യതകളാണ് ഈ മേഖല തുറന്നിടുന്നത്. ഒരു ദിവസം ഒരു ഇടപാടെങ്കിലും ക്ലോസ് ചെയ്തിരിക്കണം. ഈ ഒരു ടാര്‍ഗറ്റ് പോയിന്റ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം.