നിങ്ങള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങളുണ്ടോ, 2023ല്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാം

പുതുവര്‍ഷത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ അറിയേണ്ട കാര്യങ്ങള്‍

Update: 2023-01-02 11:23 GMT

ആരോഗ്യ സംരക്ഷണം, യാത്ര, നല്ല ഭക്ഷണം എന്നിങ്ങനെ പുതുവര്‍ഷത്തിലെ തീരുമാനങ്ങള്‍ പലതാകാം. പക്ഷേ, ഇതിനൊക്കെ കീശയില്‍ കാശും വേണം. കയ്യിലിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡോ, മാസം കിട്ടുന്ന ശമ്പളമോ മാത്രമാണ് ഇതിനുള്ള സാമ്പത്തിക സ്രോതസെങ്കില്‍ പണി പാളും. കൃത്യമായ സാമ്പത്തിക ആസൂത്രണം കൂടിയുണ്ടെങ്കില്‍ മാത്രമേ പുതുവര്‍ഷത്തില്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകു.

അതിന് കയ്യിലെത്തുന്ന പണത്തെ കൃത്യമായി കൈകാര്യം ചെയ്യണം. പലിശ നിരക്ക് ഉയര്‍ന്നു കൊണ്ടേയിരിക്കുകയാണ്. പണപ്പെരുപ്പത്തില്‍ വലിയ കുറവൊന്നും സംഭവിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ നിക്ഷേപ കാര്യത്തിലും, സമ്പാദ്യ കാര്യത്തിലും മുന്‍വര്‍ഷം സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാം എന്നതാണ് ആദ്യത്തെ കാര്യം.

ഹ്രസ്വ-ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആരംഭിക്കാം. അതിനായി ഒരു റെക്കറിംഗ് ഡെപ്പോസിറ്റോ, മ്യൂച്വല്‍ ഫണ്ട് എസ്ഐപിയോ ആരംഭിക്കാം. അതിനൊക്കെ മുമ്പ് ധനകാര്യ ലക്ഷ്യങ്ങളുടെ അടിസ്ഥാനം സേവിംഗ്സ് ആയിരിക്കണം. കൃത്യമായ സേവിംഗ്സ് പ്ലാന്‍ തയ്യാറാക്കണം.

ധനകാര്യ ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്യുക:

കൃത്യമായ ധനകാര്യ ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കൃത്യമായി സമ്പാദിക്കാനും സാധിക്കു. കാരണം എത്ര കാലം നിക്ഷേപിക്കണം, എത്ര റിട്ടേണ്‍ ലഭിക്കണം, എത്ര തുക വീതം നിക്ഷേപത്തിനായി മാറ്റി വെയ്ക്കണം, ഏത് നിക്ഷേപ ഓപ്ഷന്‍ തെരഞ്ഞെടുക്കണം എന്നതൊക്കെ ധനകാര്യ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് മാത്രമേ തീരുമാനിക്കാന്‍ സാധിക്കു.

കടം കൃത്യ സമയത്ത് വീട്ടുക:

വായ്പകളോ മറ്റ് സാമ്പത്തിക ബാധ്യതകളോ ഉണ്ടെങ്കില്‍ അവ കൃത്യ സമയത്ത് തിരിച്ചടവ് നടത്തുകയോ വീട്ടുകയോ ചെയ്യണം. ഇല്ലെങ്കില്‍ അത് വലിയ ബാധ്യതയായി മാറുകയും ക്രെഡിറ്റ് സ്‌കോറിനെ വരെ ബാധിക്കുകയും ചെയ്യും. ആവശ്യമില്ലാതെ ബാധ്യതകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാം.

നികുതിയാസൂത്രണം:

സമ്പത്ത് സൃഷ്ടിക്കുന്നതിനൊപ്പം കൃത്യമായ നികുതിയാസൂത്രണം കൂടിയുണ്ടെങ്കിലെ ധനകാര്യ പ്ലാനിംഗിന് പൂര്‍ണത വരു. നികുതി നല്‍കുന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ ഒരു ധനകാര്യ ഉപദേശകന്റെ സഹായം തേടി കൃത്യമായ നികുതിയാസൂത്രണം നടത്തണം. അതിനുശേഷം വേണം സമ്പാദ്യവും, നിക്ഷേപവുമൊക്കെ ആരംഭിക്കാന്‍ ഇല്ലെങ്കില്‍ അവയുടെ പ്രയോജനം ലഭിക്കാതെ വരും.

ഇന്‍ഷുറന്‍സ്:

മൂന്ന് വര്‍ഷം മുന്‍പ് അപ്രതീക്ഷിതമായാണ് കോവിഡ് പടര്‍ന്ന് പിടിച്ചത്. പലര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ചികിത്സകള്‍ വേണ്ടി വന്നു. ചിലര്‍ക്ക് ജീവന്‍ തന്നെ നഷ്ടമായി. തൊഴില്‍ സാഹചര്യങ്ങളും ഇക്കാലത്ത് മോശമായിരുന്നു. സാമ്പത്തികമായി ഞെരുക്കത്തിലേക്ക് വീണ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നവര്‍ക്ക് ചികിത്സയ്ക്കോ, മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കോ സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വന്നില്ല.

കോവിഡ് മാത്രമല്ല ഏത് തരം അപ്രതീക്ഷിത സാഹചര്യങ്ങളിലും ഇന്‍ഷുറന്‍സാണ് സഹായമാകുന്നത്. എടുക്കുന്ന ഇന്‍ഷുറന്‍സ് പോളിസി ആവശ്യത്തിന് കവറേജ് നല്‍കുന്നുണ്ടോയെന്ന് ഉറപ്പാക്കണം.

അടിയന്തര ഫണ്ട് സ്വരൂപിക്കുക:

ഇന്‍ഷുറന്‍സ് എടുത്തു എന്നതുകൊണ്ട് അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാനാകും എന്ന് തെറ്റിധരിക്കരുത്. കാരണം രോഗം, മരണം പോലുള്ള അപ്രതീക്ഷിത സന്ദര്‍ഭങ്ങളിലാണ് ഇന്‍ഷുറന്‍സ് സഹായമാകുന്നത്. തൊഴില്‍ നഷ്ടപ്പെടുകയോ, മറ്റെന്തെങ്കിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ സാമ്പത്തിക പിന്തുണ ലഭിക്കണമെങ്കില്‍ അടിയന്തര ഫണ്ട് സ്വരൂപിച്ചിട്ടുണ്ടാകണം.

അത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലത്തേക്കാകാം. സാമ്പത്തിക പ്രതിസന്ധികാലത്തും ഒഴിവാക്കാനാകാത്ത ചെലവുകള്‍ക്ക് ഈ ഫണ്ട് ഉപയോഗിക്കാം.

തട്ടിപ്പുകളില്‍ പെടാതെ നോക്കാം

പണം കൈകാര്യം ചെയ്യാനും, നിക്ഷേപിക്കാനും മാത്രം അറിഞ്ഞിരുന്നാല്‍ പോര അതിനൊപ്പം പണത്തെ സുരക്ഷിതമായി കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. ഡിജിറ്റല്‍ തട്ടിപ്പുകളുടെ കാലമാണ്. യുപിഐ, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് ഇടപാടുകളാണ് അധികവും. അതിനാല്‍ ഈ സാഹചര്യത്തില്‍ സ്വയം ബോധവത്കരണം നടത്തി ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷ നേടാം.

മറ്റുള്ളവരെ അനുകരിക്കാതിരിക്കുക:

പൊതുവേ കൂട്ടുകാര്‍, ബന്ധുക്കള്‍ എന്ത് ചെയ്യുന്നു അതിനനുസരിച്ച് മുന്നോട്ട് പോകുന്നവരാണ് പലരും. ഓരോരുത്തരുടെയും ആവശ്യങ്ങള്‍, വരുമാനം, ചെലവ് എന്നിവ വ്യത്യസ്തമായിരിക്കും. അതിനാല്‍ സ്വന്തമായി തീരുമാനങ്ങളെടുക്കുക മറ്റുള്ളവരെ അനുകരിക്കാതിരിക്കുക. നിക്ഷേപം നടത്തി നേട്ടമുണ്ടാക്കുക എന്നത് ദീര്‍ഘകാല പ്രക്രിയയാണ്. അതിനായി ക്ഷമയോടെ കാത്തിരിക്കണം.

ഒരിക്കലും വരുമാനം പൂര്‍ണമായും നിക്ഷേപത്തിനായി നീക്കിവെയക്കാനാകില്ല. വരുമാനത്തിന്റെ 10 ശതമാനമെങ്കിലും നിക്ഷേപത്തിനായി മാറ്റിവെയ്ക്കാം. അത്യാവശ്യങ്ങളും, ആവശ്യങ്ങളും വേര്‍തിരിച്ചു വേണം ധനകാര്യ ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്യാന്‍. നല്ല ഭക്ഷണം, യാത്ര ഇതൊന്നും ജീവിതത്തില്‍ ഒഴിവാക്കാനാവില്ല. പക്ഷേ, ഇവയ്ക്കായി ക്രെഡിറ്റ് കാര്‍ഡിനെയാണ് സ്ഥിരമായി ആശ്രയിക്കുന്നതെങ്കില്‍ അത് അത്ര നല്ല ശീലമല്ലെന്ന് ഓര്‍ക്കുക.

Tags:    

Similar News