കുടുംബത്തിന്റെ അത്താണി കൊവിഡില്‍ മരിച്ചുപോയോ? 20% സബ്‌സിഡിയുള്ള വായ്പയ്ക്കായി അപേക്ഷിക്കാം

  • കൊവിഡ് മൂലം 18-60 വയസില്‍ മരണമടഞ്ഞ വ്യക്തികളുടെ ആശ്രിതരായ സ്ത്രീകള്‍ക്കാണ് വായ്പ ലഭിക്കുക

Update: 2022-12-27 09:00 GMT

തിരുവനന്തപുരം: ലോകം മൊത്തം നാശം വിതച്ച കൊവിഡ് മഹാമാരി മൂലം അനാഥമായ കുടുംബങ്ങള്‍ ഒരുപാടാണ്. എന്നാല്‍ ഈ കുടുംബങ്ങള്‍ക്ക് സമാശ്വാസമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ (കെഎസ്ബബ്ല്യുഡിസി) സ്വയം തൊഴില്‍ വായ്പാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

മാരകമായ രോഗം ബാധിച്ച് മരിച്ചവരുടെ ആശ്രിതരായ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള 'സ്‌മൈല്‍ ' എന്ന പദ്ധതി ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ കോര്‍പറേഷന്റെയും ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെയും പിന്തുണയോടെയാണ് നടപ്പിലാക്കിയിട്ടുള്ളത്.

ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രയോജനകരമായ ഈ വായ്പക്കായി ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. കൊവിഡ് മൂലം 18-60 വയസില്‍ മരണമടഞ്ഞ വ്യക്തികളുടെ ആശ്രിതരായ സ്ത്രീകള്‍ക്കാണ് വായ്പ ലഭിക്കുക.

ആറ് ശതമാനം പലിശയ്ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പാ തുകയുടെ 20 ശതമാനമോ അല്ലെങ്കില്‍ ഒരു ലക്ഷം രൂപാ വരെയോ സബ്‌സിഡി നല്‍കാന്‍ ഇതിനു കഴിയും. വായ്പയുടെ തിരിച്ചടവ് കാലാവധി 5 വര്‍ഷവും മോറട്ടോറിയം കാലാവധി ഒരു വര്‍ഷവുമാണ്.

വായ്പ ലഭിക്കുന്നവര്‍ കേരളത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. കൂടാതെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുതെന്നും നിര്‍ബന്ധമുണ്ട്. വായ്പക്കായി അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനുമായി www.kswdc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Tags:    

Similar News