മക്കളുടെ പഠനം ആയാസ രഹിതമാക്കാം, 65 ലക്ഷം തരുന്ന ഈ നിക്ഷേപ പദ്ധതികളെ അറിയാം
16.22% റിട്ടേണ്‍ ഉറപ്പുനല്‍കുന്ന ഫണ്ടുകള്‍ ചൈല്‍ഡ് മ്യൂച്ചല്‍ഫണ്ടുകള്‍ ഗൗരവത്തിലെടുക്കാം ഡെബ്റ്റും ഇക്വിറ്റിയുടെയും തോത് നിശ്ചയിക്കാം
ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസം ചെലവേറിയ കാര്യമാണ്. പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് താല്‍പ്പര്യമുള്ള മക്കള്‍ക്ക് മികച്ച കോളജിനും നല്ല കോഴ്‌സുകളുമൊക്കെ തിരഞ്ഞെടുക്കണമെങ്കില്‍ അത്ര തന്നെ പണവും ചെലവാകും. രക്ഷിതാക്കളുടെ നിലവിലുള്ള വരുമാനവും നീക്കിയിരിപ്പുകളും ചിലപ്പോള്‍ മതിയാകാതെ വരും. എന്നാല്‍ വലുതാകും മുമ്പ് തന്നെ ഭാവി ഭദ്രമാക്കാനായി ചില തീരുമാനങ്ങളെടുക്കാവുന്നതാണ്. ഇതിനായി പലവിധ സാമ്പത്തിക പദ്ധതികളും സ്‌കീമുകളുമൊക്കെ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസ് സേവിങ്‌സും ഇന്‍ഷൂറന്‍സ് പോളിസിയുമൊക്കെ ഇതില്‍പ്പെടും. എന്നാല്‍ മികച്ച റിട്ടേണ്‍ ഉറപ്പാക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള മ്യൂച്ചല്‍ഫണ്ടുകളെ കുറിച്ച് ആരും അത്ര കണ്ട് ബോധവാന്മാരല്ല. ദീര്‍ഘകാലത്തില്‍ പല സ്‌കീമുകളെക്കാളും വലിയ വരുമാനം നല്‍കുന്നുണ്ട് ചൈല്‍ഡ് മ്യൂച്ച്വൽ ഫണ്ട്.
പതിനഞ്ചും ഇരുപതും വര്‍ഷക്കാലയളവിലേക്ക് ചെറിയ തുക എസ്‌ഐപിയായി നിക്ഷേപിച്ച് തുടങ്ങിയാല്‍ വലിയ സാമ്പത്തിക ഭാരമാകാതെ കാര്യങ്ങള്‍ നീങ്ങും. പത്തോ ഇരുപതോ വര്‍ഷം തീരുമ്പോള്‍ അവര്‍ക്ക് ആവശ്യം വരുന്ന സമയം പണത്തിനായി നെട്ടോട്ടമോടുകയും വേണ്ട. അത്രയ്ക്ക് വരുമാനമായി ഈ എസ്‌ഐപി വളര്‍ന്നിട്ടുണ്ടാകും. ഇത്തരം സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ പരിധിയില്ല. പല ഫണ്ടുകളും 10 മുതല്‍ 16 ശതമാനം വരെ വാര്‍ഷിക റിട്ടേണ്‍ നല്‍കുന്നുണ്ടെന്ന് ബിപിഎന്‍ ഫിന്‍ക്യാപ് മേധാവി എകെ നിഗം പറയുന്നു. പല ചൈല്‍ഡ് പ്ലാനുകളും നിക്ഷേപകര്‍ക്ക് ഇക്വിറ്റിയിലും ഡെബ്റ്റ് പദ്ധതികളിലും എത്ര നിക്ഷേപിക്കണമെന്ന് തീരുമാനിക്കാന്‍ അവസരം നല്‍കുന്നുണ്ട്.
ചിലര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ റിസ്‌ക് എടുക്കാനുള്ള ധൈര്യം ഉണ്ടായിരിക്കാം. അവര്‍ക്ക് ഇക്വിറ്റി കൂടുതലുള്ള പോര്‍ട്ട്‌ഫോളിയോ തിരഞ്ഞെടുക്കാം. എന്നാല്‍ ചിലര്‍ക്ക് വലിയ നഷ്ടസാധ്യത ഭയമായിരിക്കാം. അവര്‍ക്ക് ഡെബ്റ്റ് നിക്ഷേപം കൂടുതലുള്ള പദ്ധതികള്‍ തിരഞ്ഞെടുക്കാനും ഈ ചൈല്‍ഡ് മ്യൂച്ച്വൽ ഫണ്ട് അനുവദിക്കുന്നു. എന്നാല്‍ ഇത്തരം ഫണ്ടുകള്‍ക്കൊക്കെ നിശ്ചിത സമയം ലോക്ക് ഇന്‍ പിരീഡ് ഉണ്ടായിരിക്കും. അതായത് ഫണ്ട് പിന്‍വലിക്കാനുള്ള മിനിമം സമയം നിശ്ചയിച്ചിരിക്കും. ചില ഫണ്ടുകള്‍ അഞ്ച് വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡായി തീരുമാനിച്ചിട്ടുണ്ടാകുക. എന്നാല്‍ ചില ഫണ്ടുകള്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ മാത്രമാണ് പിന്‍വലിക്കാന്‍ അവസരം നല്‍കുന്നത്. അതുകൊണ്ട് ഇക്കാര്യങ്ങളൊക്കെ പരിശോധിച്ചുവേണം മ്യൂച്ചല്‍ഫണ്ട് തിരഞ്ഞെടുക്കാന്‍.
മികച്ച വരുമാനം നല്‍കുന്ന ചില ചൈല്‍ഡ് മ്യൂച്ചല്‍ഫണ്ടുകള്‍ താഴെ പറയുന്നു
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ചൈല്‍ഡ്‌കെയര്‍ ഫണ്ട്
12 വര്‍ഷം മുമ്പാണ് ഈ സ്‌കീം കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. അന്ന് മുതല്‍ 15.502 % ആണ് റിട്ടേണ്‍ നല്‍കുന്നത്.
834 കോടിയുടെ ആസ്തികളാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്. 2.40% ആണ് ചെലവ് അനുപാതം.
ഈ ഫണ്ടില്‍ 15 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം (ലംപ്‌സം ഇന്‍വെസ്റ്റ്‌മെന്റ്) നടത്തിയവര്‍ക്ക് അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കും. എന്നാല്‍ എല്ലാ മാസവും അയ്യായിരം രൂപാ വീതം എസ്‌ഐപിയായി 15 വര്‍ഷം മുമ്പ് നിക്ഷേപിച്ച് തുടങ്ങിയവര്‍ക്ക് ഇപ്പോള്‍ 24.50 ലക്ഷം രൂപയാണ് ലഭിക്കുക.
അതുപോലെ 20 വര്‍ഷത്തേക്ക് ഒരു ലക്ഷം നിക്ഷേപിച്ചവർ് നടത്തിയവര്‍ക്ക് 17.5 ലക്ഷം രൂപ കിട്ടും. 20 വര്‍ഷത്തേക്ക് 5000 രൂപാ തോതില്‍ എസ്‌ഐപിയായി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ 65 ലക്ഷം രൂപ തിരിച്ചുകിട്ടും.
എച്ച്ഡിഎഫ്‌സി ചില്‍ഡ്രണ്‍സ് ഗിഫ്റ്റ് ഫണ്ട്
2001 മാര്‍ച്ചില്‍ പുറത്തിറക്കിയ ഈ ചൈല്‍ഡ് മ്യൂച്ചല്‍ഫണ്ട് സ്‌കീം അന്ന് 16.22% ആണ് റിട്ടേണ്‍ നല്‍കിയത്. 5204 കോടിയുടെ ആസ്തിയുള്ള ഈ ഫണ്ട് മികച്ച വരുമാനമാണ് നിക്ഷേപകര്‍ക്ക് ഇതുവരെ നല്‍കിയത്. ചെലവ് അനുപാതം നോക്കിയാലും കുറവാണ്. 1.88% ആണ് ഫണ്ട് ഹൗസുകള്‍ ചെലവ് ഇനത്തിലേക്ക് ഈടാക്കുന്നുള്ളൂ. 20 വര്‍ഷത്തേക്ക് ഈ ഫണ്ടില്‍ ചേര്‍ന്നവര്‍ അയ്യായിരം രൂപയാണ് പ്രതിമാസ എസ്‌ഐപിയായി അടക്കുന്നതെങ്കില്‍ മെച്യൂരിറ്റി കാലയളവില്‍ 70 ലക്ഷം രൂപ മടക്കിക്കിട്ടാം. ഇതേകാലയളവിലേക്ക് ഒരു ലക്ഷം രൂപ മൊത്തമായി അടച്ച് നിക്ഷേപം തുടങ്ങിയവര്‍ക്ക് 20.62 ലക്ഷം രൂപയാണ് കിട്ടുക. എസ്‌ഐപി 15 വര്‍ഷത്തേക്കാണ് 5000 രൂപാ വീതം അടച്ചതെങ്കില്‍ 31 ലക്ഷം രൂപ നേടാം.
ടാറ്റാ യങ് സിറ്റിസണ്‍ ഫണ്ട്
ഈ ചൈല്‍ഡ് മ്യൂച്ചല്‍ഫണ്ട് തുടങ്ങിയിട്ട് 28 വര്‍ഷമായി. അന്ന് മുതല്‍ മികച്ച വരുമാനമാണ് ഈ ഫണ്ട് നല്‍കുന്നത്. 12.85% ആണ് തുടങ്ങിയ സമയം നല്‍കിയ വാര്‍ഷിക റിട്ടേണ്‍. 15 വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ ലംപ്‌സം നിക്ഷേപം നടത്തി സ്‌കീമില്‍ ചേര്‍ന്നവര്‍ക്ക് 4.50 ലക്ഷം രൂപ ലഭിച്ചിരിക്കും. എന്നാല്‍ എസ്‌ഐപി വഴി വെറും 5000 രൂപ പ്രതിമാസ നിക്ഷേപം നടത്തിയവര്‍ക്ക് 23 ലക്ഷം രൂപയാണ് പിന്‍വലിക്കാന്‍ സാധിക്കുക. ഇത് 20 വര്‍ഷത്തേക്കാണെങ്കില്‍ 47 ലക്ഷം രൂപയാണ് സമ്പാദ്യമായി ലഭിച്ചിരിക്കുക. ടാറ്റാ യങ് സിറ്റിസണ്‍സ് ഫണ്ടില്‍ 255 കോടി രൂപയാണ് ഇപ്പോഴുള്ള ആസ്തി. ചെലവ് അനുപാതം 2.59% ആണ്.