യൂസഫലി സിയാലിന്റെ 70 ലക്ഷം ഓഹരികൾ കൂടി വാങ്ങി
- എ ജി എം ൽ ലിസ്റ്റിംഗിനുള്ള ആവശ്യം ശക്തമായി ഉയരും
- സിയാലിന്റെ 4.499 കോടി ഓഹരികളാണ് യൂസഫലിയുടെ കൈവശമുള്ളത്.
കൊച്ചി: ലുലു ഗ്രൂപ്പ് ഉടമയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടി (സിയാല്‍) ന്റെ രണ്ടാമത്തെ വലിയ ഓഹരിയുടമയുമായ എം എ യൂസഫലി 2023 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ 70 ലക്ഷം ഓഹരികള്‍ അധികമായി വാങ്ങിയെന്ന് മൈഫിന്‍പോയിന്റ് ഡോട്ട്‌കോമിന് ലഭിച്ച സിയാല്‍ രേഖകള്‍ വ്യക്തമാക്കുന്നു. സിയാല്‍ ഓഹരികള്‍ ഒരു ഓഹരി വിപണിയിലും ലിസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ എത്ര രൂപയ്ക്കാണ് ഓഹരി കൈമാറ്റമെന്ന് അറിയാന്‍ കഴിയില്ല.
റീട്ടെയില്‍ ഓഹരി ഉടമകള്‍ക്ക് ശരിയായ എക്‌സിറ്റ് റൂട്ട് കണ്ടെത്താനും ഓഹരികള്‍ക്ക് വിപണിക്കനുസരിച്ചുള്ള വില കിട്ടാനും സിയാല്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യണമെന്നത് ഓഹരി ഉടമകളുടെ വളരെക്കാലമായുള്ള ആവശ്യമാണ്.
2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സിയാലിന്റെ 4.499 കോടി ഓഹരികളാണ് യൂസഫലിയുടെ കൈവശമുള്ളത്. കേരള സര്‍ക്കാരിനാണ് സിയാലിലെ ഏറ്റവും വലിയ ഓഹരി പങ്കാളിത്തമുള്ളത്. സര്‍ക്കാരിന്റെ കൈവശം 32.42 ശതമാനം ഓഹരികളാണുള്ളത്. യൂസഫലിയുടെ പക്കല്‍ 11.76 ശതമാനം ഓഹരികളും.
ഇതേ കാലയളവില്‍ സിയാലിലെ മൂന്നാമത്തെ വലിയ ഓഹരിയുടമയായ ജോര്‍ജ് നേരെപറമ്പില്‍ 12 ലക്ഷത്തോളം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 7.31 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനത്തിലേക്ക് താഴ്ന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യൂസഫലി സിയാലിലെ തന്റെ ഓഹരി പങ്കാളിത്തം 1.632 കോടിയില്‍ നിന്നും 2.867 കോടിയിലേക്കും നിലവിലെ 4.499 കോടിയിലേക്കും ഉയര്‍ത്തി. ഇതോടെ 11.46 ശതമാനം ഓഹരി പങ്കാളിത്തവും യൂസഫലിയുടെ കൈവശമായി. പത്ത് വര്‍ഷം മുമ്പ് 7.78 ശതമാനം ഓഹരി പങ്കാളിത്തത്തോടെ സിയാലിലെ നാലാമത്തെ വലിയ ഓഹരിയുടമയായിരുന്നു യൂസഫലി. ജോര്‍ജ് നേരെപറമ്പിലിന്റെ കൈവശം 11.89 ശതമാനവും സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ കൈവശം 8.16 ശതമാനവുമായിരുന്നു ഓഹരികളുണ്ടായിരുന്നത്.
റൈറ്റ് ഇഷ്യു
സിയാലിനു പുറമേ കണ്ണൂര്‍ വിമാനത്താവളത്തിലും കേരളം ആസ്ഥാനമായുള്ള ബാങ്കുകളിലും യൂസഫലിക്ക് ഓഹരി പങ്കാളിത്തമുണ്ട്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ട് ലിമിറ്റഡി (കിയാല്‍) ല്‍ 2022 സാമ്പത്തിക വര്‍ഷം അവസാനം 8.59 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മൂന്നാമത്തെ വലിയ ഓഹരിയുടമയാണ് യൂസഫലി. കിയാലിലെ ഓഹരി പങ്കാളിത്തത്തില്‍ ഒന്നാമത് കേരള സര്‍ക്കാരും രണ്ടാമത് ബിപിസിഎല്ലുമാണ്. ധനലക്ഷ്മി ബാങ്കിലും സിഎസ്ബി ബാങ്കിലും യൂസഫലിയുടെ ഓഹരി പങ്കാളിത്തം 4.99 ശതമാനമാണ്. ഫെഡറല്‍ ബാങ്കിലും സൗത്ത് ഇന്ത്യന്‍ ബാങ്കിലും യഥാക്രമം 4.47 ശതമാനവും 4.32 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.
അതേസമയം, സെപ്റ്റംബര്‍ 26 ന് നടക്കുന്ന എജിഎമ്മില്‍ അംഗീകൃത മൂലധനം നിലവിലെ 400 കോടിയില്‍ നിന്ന് 500 കോടി രൂപയായി ഉയര്‍ത്താന്‍ ഓഹരി ഉടമകളുടെ അനുമതി നേടാനിരിക്കുകയാണ് സിയാല്‍. വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി ഏതാനും മാസങ്ങള്‍ക്കു മുമ്പ് അവകാശ ഓഹരി വില്‍പ്പനയിലൂടെ സിയാല്‍ 478 കോടി രൂപ സമാഹരിച്ചിരുന്നു. ഓഹരി ഒന്നിന് 50 രൂപ (10 രൂപ + 40 രൂപ പ്രീമിയം) വിലയുണ്ടായിരുന്ന റൈറ്റ്‌സ് ഇഷ്യു 1: 4 എന്ന അനുപാതത്തിലായിരുന്നു.