ഈ പോളിസി വേണ്ടായിരുന്നു എന്നാണോ? എങ്കില്‍ ഫ്രീ ലുക്ക് പീരിയഡില്‍ റദ്ദാക്കാം

  • സാധാരണയായി 15 ദിവസം മുതല്‍ 30 ദിവസം വരെയാണ് ഫ്രീ ലുക്ക് പീരിയഡ്.
  • ഫ്രീ ലുക്ക് പീരിയഡില്‍ പോളിസി റദ്ദാക്കിയില്ലെങ്കില്‍ പോളിസി സറണ്ടര്‍ ചെയ്യാനേ സാധിക്കു.
  • ഓരോ വര്‍ഷവും പോളിസി പുതുക്കുമ്പോള്‍ ഇതിന് അവസരമുണ്ടാകില്ല.

Update: 2023-09-16 08:04 GMT

ഏജന്റ് പറഞ്ഞതു കേട്ടപ്പോള്‍ സംഭവം കൊള്ളമാല്ലോയെന്ന് തോന്നി. അങ്ങനെയാണ് ഈ പോളിസി എടുത്തത്. എന്നിട്ടിപ്പോ പറഞ്ഞതു പോലെയൊന്നുമല്ല കയ്യില്‍ കിട്ടിയ രേഖകള്‍ പറയുന്നത്. ആശിച്ച് മോഹിച്ചൊരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തതാ. ഇങ്ങനയൊക്കെ പരാതി പറയാന്‍ വരട്ടെ. പോളിസി അത്ര മികച്ചതല്ല എന്നു തോന്നുന്നുണ്ടെങ്കില്‍ അതങ്ങ് റദ്ദാക്കണം. അതിനല്ലേ ഫ്രീ ലുക്ക് പീരിയഡ്. അത്രേയുള്ളു കാര്യം. പോളിസി ഉടമകള്‍ക്ക് തന്റെ പോളിസിയെ വിലയിരുത്താനുള്ള രണ്ടാമത്തെ അവസരമാണ് ഫ്രീ ലുക്ക് പീരിയഡ്. ഇക്കാലയളവില്‍ എടുത്ത പോളിസിയെ വിശദമായ പരിശോശോധനയ്ക്കു വിധേയമാക്കാന്‍ പോളിസി ഉടമയ്ക്ക് ലഭിക്കുന്ന സമയമാണിത്.

ഫ്രീ ലുക്ക് പീരിയഡ്

പോളിസി രേഖകള്‍ ഉപഭോക്താവിന്റെ കൈവശം ലഭിച്ചതിനുശേഷമുള്ള നിശ്ചിത കാലയളവിനെയാണ് ഫ്രീ ലുക്ക് പീരിയഡ് എന്ന് പറയുന്നത്. സാധാരണയായി 15 ദിവസം മുതല്‍ 30 ദിവസം വരെയാണ് ഫ്രീ ലുക്ക് പീരിയഡ്. ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികളില്‍ തുടങ്ങിയവയില്‍നിന്നും നേരിട്ടു പോളിസികള്‍ വാങ്ങിച്ചാല്‍ 15 ദിവസമാണ് ഫ്രീ ലുക്ക് പീരിയഡ്.ഓണ്‍ലൈനായോ, ഫോണ്‍ വഴിയോ മറ്റേതെങ്കിലും ഇലക്ട്രോണിക് രീതിയിലോ ആണ് പോളിസി വാങ്ങിച്ചതെങ്കില്‍ 30 ദിവസമാണ് ഫ്രീ ലുക്ക് പീരിയഡ്. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ഫ്രീ ലുക്ക് പീരിയഡ് ഉണ്ട്. പോളിസി എടുക്കുമ്പോള്‍ മാത്രമേ ഇത് ലഭിക്കു. ഓരോ വര്‍ഷവും പോളിസി പുതുക്കുമ്പോള്‍ ഇതിന് അവസരമുണ്ടാകില്ല.

എങ്ങനെ റദ്ദാക്കാം

ഫ്രീ ലുക്ക് പീരിയഡില്‍ പോളിസി റദ്ദാക്കുകയാണെങ്കില്‍ അതിനായി ഇന്‍ഷുറന്‍സ് കമ്പനിക്ക് അപേക്ഷ നല്‍കണം. കമ്പനി അപേക്ഷ സ്വീകരിച്ച് പോളിസി റദ്ദാക്കിയാല്‍ അത് ഉറപ്പാക്കുന്ന അറിയിപ്പ് ഉപഭോക്താവിന് നല്‍കും. അത് ലഭിച്ചുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഫ്രീ ലുക്ക് പീരിയഡില്‍ പോളിസി റദ്ദാക്കിയില്ലെങ്കില്‍ പോളിസി സറണ്ടര്‍ ചെയ്യാനേ സാധിക്കു. പോളിസി സറണ്ടര്‍ ചെയ്യുന്നത് അല്‍പ്പം ചെലവേറിയ കാര്യമാണ്. ഫ്രീ ലുക്ക് പീരിയഡില്‍ പോളിസി റദ്ദാക്കിയാലും പോളിസി എടുക്കാനായി ചെലവഴിച്ച മുഴുവന്‍ തുകയും ലഭിക്കില്ല. അങ്ങനെ കമ്പനി പിടിക്കുന്ന തുകയാണ് സ്റ്റാംപ് ഡ്യൂട്ടി, ഇന്‍ഷുറന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ്, മെഡിക്കല്‍ പരിശോധനകള്‍ക്കുള്ള തുക, റിസ്‌ക് കവറേജിനുള്ള തുക എന്നിവ.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പോളിസി രേഖകള്‍ കയ്യില്‍ കിട്ടിയ ദിവസം മുതല്‍ 15 ദിവസം അല്ലെങ്കില്‍ 30 ദിവസമാണ് ഫ്രീ ലുക്ക് പീരിയഡില്‍ വരുന്നത്. പോളിസി റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ അക്കാര്യം ഇന്‍ഷുറന്‍സ് കമ്പനിയെ നേരിട്ട് അറിയിക്കുക. പോളിസി റദ്ദാക്കുമ്പോള്‍ ചെലവഴിച്ച മുഴുവന്‍ തുകയും ലഭിക്കില്ലെന്ന് ഓര്‍ക്കുക. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികളാണെങ്കില്‍ റദ്ദാക്കുന്ന ദിവസത്തെ നെറ്റ് അസെറ്റ് വാല്യുവാണ് തിരികെ ലഭിക്കുന്നത്.

Tags:    

Similar News