താരിഫ്; പ്രത്യാഘാതങ്ങളും വലുതായിരിക്കുമെന്ന് പവല്‍
- പണപ്പെരുപ്പം വര്‍ധിക്കുമെന്നും വളര്‍ച്ച മന്ദഗതിയിലാകുമെന്നും ജെറോം പവല്‍
- യുഎസ് ഓഹരി സൂചികകളിലെ കനത്ത ഇടിവ് .യുഎസിന് ക്ഷീണമായി
;

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ പ്രതീക്ഷിച്ചതിലും വലുതെന്നും അതിന്റെ പ്രത്യാഘാതങ്ങളും അതുപോലെയായിരിക്കുമെന്നും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍. ഉയര്‍ന്ന പണപ്പെരുപ്പവും മന്ദഗതിയിലുള്ള വളര്‍ച്ചയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
താരിഫുകള്‍ 2 ശതമാനം പണപ്പെരുപ്പവും പരമാവധി തൊഴിലവസരവും എന്ന ഫെഡറലിന്റെ രണ്ട് മാന്‍ഡേറ്റുകളെയും ദുര്‍ബലപ്പെടുത്തുന്നുവെന്ന് പവല്‍ പറഞ്ഞു.
ട്രംപ് പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചതിനുശേഷം, പ്രധാന യുഎസ് ഓഹരി സൂചികകളില്‍ കനത്ത ഇടിവ് സൃഷ്ടിച്ചു. ആഗോള വിപണികളിലും സമാനമായ സ്ഥിതി ഉണ്ടായി.
നിക്ഷേപകരെയും കമ്പനി എക്‌സിക്യൂട്ടീവുകളെയും വലയം ചെയ്ത അതേ അനിശ്ചിതത്വം ഫെഡിനെയും അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധനനയം തീരുമാനിക്കുന്നതിന് മുമ്പ് കൂടുതല്‍ ഡാറ്റ ആവശ്യമാണ്.
മാര്‍ച്ചില്‍ യുഎസ് സമ്പദ് വ്യവസ്ഥ 228,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.എന്നാല്‍ ഇപ്പോള്‍ വരാനിരിക്കുന്ന മാന്ദ്യത്തെയാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നയപരമായ നിലപാടുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് പരിഗണിക്കുന്നതിന് മുമ്പ് കൂടുതല്‍ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്നും പവല്‍ പറഞ്ഞു.
ട്രംപിന്റെ താരിഫ് പദ്ധതികളുടെ വ്യാപ്തി വ്യക്തമാവുകയും മറ്റ് രാജ്യങ്ങള്‍ പ്രതികരിക്കുകയും ചെയ്യുമ്പോള്‍, സമ്പദ് വ്യവസ്ഥ ദുര്‍ബലമാകാം.വിലകള്‍ ഉയരുന്നതുള്‍പ്പെടെയുള്ള ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടാം.
അമേരിക്കയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം പ്രതികാര തീരുവ ചുമത്താനും, സാങ്കേതിക വ്യവസായത്തിന് നിര്‍ണായകമായ ധാതുക്കളുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ചൈന തീരുമാനിച്ചത് തുടക്കം മാത്രമാണ്. അമേരിക്കയില്‍ വളര്‍ത്തുന്ന കോഴികളുടെ ഇറക്കുമതിയില്‍ പരിധി ഏര്‍പ്പെടുത്താനും ചൈന തീരുമാനിച്ചിട്ടുണ്ട്.
ആഗോള ഓഹരി വിപണികളിലെ ഇടിവ് തുടരുകയാണ്. കോവിഡ് -19 പാന്‍ഡെമിക് ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലേക്കാണ് ഓഹരി വിപണികള്‍ പോകുന്നത്.
'വ്യാപാരത്തെ ചുറ്റിപ്പറ്റിയുള്ള ഗണ്യമായ അനിശ്ചിതത്വം' ഗാര്‍ഹിക, ബിസിനസ്സ് ചെലവുകളെ ബാധിക്കുമെന്ന് ഫെഡ് വൈസ് ചെയര്‍ ഫിലിപ്പ് ജെഫേഴ്‌സണ്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. താരിഫ് പ്രഖ്യാപനത്തിനു മുമ്പുതന്നെ പണപ്പെരുപ്പ സാധ്യതകള്‍ ഉയര്‍ന്നതായും അഭിപ്രായമുണ്ട്.