വിലക്കയറ്റത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ആർ ബി ഐ ഗവർണർ

പ്രത്യാഘാതങ്ങള്‍ക്ക് ഇന്ത്യ ഇരയാകു൦

Update: 2023-11-09 09:29 GMT

പണപ്പെരുപ്പത്തില്‍ അല്‍പ്പം കുറവു വന്നെങ്കിലും ഭക്ഷ്യ വിലക്കയറ്റം ആവര്‍ത്തിക്കുകയും അത് അതിരു കടക്കുകയും അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ഇന്ത്യ ഇരയാകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

ഈ ഒരു സാഹചര്യത്തില്‍ പണനയം എപ്പോഴും വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം തന്നെ ആര്‍ബിഐയുടെ പണപ്പെരുപ്പ ലക്ഷ്യത്തിലേക്ക് എത്താനായി സജീവമായി ഇടപെടുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം ജപ്പാനിലെ ഒരു ചടങ്ങില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു.

പച്ചക്കറി വിലയിലുണ്ടായ കുറവ് രാജ്യത്തെ ചില്ലറ വിലക്കയറ്റം സെപ്റ്റംബറില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.02 ശതമാനത്തിലേക്ക് എത്തിയിരുന്നു. പക്ഷേ, ആര്‍ബിഐയുടെ ലക്ഷ്യമായ നാല് ശതമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല.

കഴിഞ്ഞ നാല് പണനയ അവലോകനങ്ങളിലും ആര്‍ബിഐ പോളിസി നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.4 ശതമാനത്തിലേക്ക് എത്തുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പ്രതീക്ഷ. മുന്‍ വര്‍ഷം ഇത് 6.7 ശതമാനമായിരുന്നു.

പണപ്പെരുപ്പതിതനെതിരെ ആര്‍ബിഐ ജാഗ്രതയിലാണെന്നും ആര്‍ബിഐ ലക്ഷ്യത്തിലേക്ക് പണപ്പെരുപ്പത്തെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും ഒക്‌ടോബര്‍ ആദ്യം ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഒക്ടോബറിലെ പണപ്പെരുപ്പ കണക്കുകള്‍ ഈ മാസം 13 ന് വരും. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ വെല്ലുവിളികളുടെ ഒരു നിര തന്നെയാണ് സൃഷ്ടിച്ചത്. പ്രശ്‌നങ്ങളെ നേരിടാന്‍ കേന്ദ്ര ബാങ്ക് വിദേശ നാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ വളര്‍ച്ച കൃത്യമായ ട്രാക്കിലാണ്. ബാങ്കുകളുടെയും കോര്‍പറേറ്റുകളുടെയും ബാലന്‍സ് ഷീറ്റുകള്‍ ആരോഗ്യകരമായതിനാല്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

അതിര്‍ത്തി കടന്നുള്ള പേയ്‌മെന്റുകള്‍ കൂടുതല്‍ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാക്കുന്നതിന് ഇന്ത്യയുടെയും ജപ്പാന്റെയും അതിവേഗ പേയ്‌മെന്റ് സംവിധാനങ്ങളുടെ ബന്ധം ഗുണം ചെയ്യുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Tags:    

Similar News