വ്യാപാരയുദ്ധത്തില്‍ ആരും ജയിക്കില്ലെന്ന് ചൈന

  • ട്രംപിന്റെ പ്രഖ്യാപനത്തിന് ചൈനീസ് എംബസിയുടെ മറുപടി
  • ചൈനയില്‍നിന്നും അനധികൃത മയക്കുമരുന്നിന്റെ കടത്ത് തടയാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായി ബെയ്ജിംഗ്
  • ഫെന്റനൈല്‍ അമേരിക്കയിലേക്ക് കടത്താന്‍ ചൈന ബോധപൂര്‍വം അനുവദിക്കുന്നു എന്നത് അടിസ്ഥാനരഹിതം
;

Update: 2024-11-26 07:17 GMT
china says no one wins in trade war
  • whatsapp icon

യുഎസും ചൈനയും വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതില്‍ ആരും വിജയം കാണില്ലെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി. ജനുവരി 20 ന് അധികാരമേറ്റാല്‍ എല്ലാ ചൈനീസ് ഇറക്കുമതികള്‍ക്കും 10% അധിക ചുങ്കം ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനീസ് എംബസിയുടെ പ്രതികരണം.

''ചൈനയ്ക്കെതിരായ യുഎസ് താരിഫ് വിഷയത്തില്‍, ചൈന-യുഎസ് സാമ്പത്തിക, വ്യാപാര സഹകരണം പരസ്പര പ്രയോജനകരമാണെന്ന് ചൈന വിശ്വസിക്കുന്നു,'' ചൈനീസ് എംബസി വക്താവ് ലിയു പെന്‍ഗ്യു പ്രസ്താവനയില്‍ പറഞ്ഞു.

''വ്യാപാര യുദ്ധത്തിലോ താരിഫ് യുദ്ധത്തിലോ ആരും വിജയിക്കില്ല,'' ലിയു പറഞ്ഞു.

അതേസമയം അമേരിക്കയിലേക്കുള്ള അനധികൃത മയക്കുമരുന്ന്, പ്രത്യേകിച്ച് ഫെന്റനൈലിന്റെ ഒഴുക്ക് ചൈന തടയുന്നത് വരെ തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.

പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ കഴിഞ്ഞ വര്‍ഷം ധാരണയിലെത്തിയതിന് ശേഷമാണ് മയക്കുമരുന്ന് കടത്ത് തടയാന്‍ ചൈന നടപടികള്‍ സ്വീകരിച്ചതെന്ന് ലിയു പ്രസ്താവനയില്‍ പറഞ്ഞു.

'മയക്കുമരുന്നുകള്‍ക്കെതിരായി യുഎസുമായി ബന്ധപ്പെട്ട നിയമ നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച പുരോഗതി ചൈന യുഎസിനെ അറിയിച്ചിട്ടുണ്ട്,' ലിയു പറഞ്ഞു.

'ഫെന്റനൈല്‍ അമേരിക്കയിലേക്ക് കടത്താന്‍ ചൈന ബോധപൂര്‍വം അനുവദിക്കുന്നു എന്ന ആശയം വസ്തുതകള്‍ക്കും യാഥാര്‍ത്ഥ്യത്തിനും വിരുദ്ധമാണെന്ന് ഇവയെല്ലാം തെളിയിക്കുന്നു,' ലിയു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഷിയും ബൈഡനും സംയുക്ത ശ്രമങ്ങള്‍ പുനരാരംഭിക്കാന്‍ സമ്മതിച്ചതിന് ശേഷം, മാരകമായ ഫെന്റനൈല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അനധികൃത കടത്ത് അവസാനിപ്പിക്കുന്നതിനുള്ള സഹകരണത്തില്‍ വര്‍ദ്ധിച്ചുവരുന്ന പുരോഗതി ഉണ്ടായിട്ടുണ്ട്.

ജൂണില്‍, മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചൈനയിലെ ഉന്നത പ്രോസിക്യൂട്ടര്‍ നിയമപാലകരോട് ആവശ്യപ്പെട്ടിരുന്നു. 

Tags:    

Similar News