മൊത്തവില പണപ്പെരുപ്പം 34 മാസത്തെ താഴ്ചയില്‍

  • ഡബ്ല്യുപിഐ 11 മാസമായി കുറയുന്ന പ്രവണതയില്‍
  • ഭക്ഷ്യ, ഇന്ധന സൂചികകളില്‍ കാര്യമായ ഇടിവ്
  • റീട്ടെയില്‍ പണപ്പെരുപ്പം 18 മാസത്തെ താഴ്ചയില്‍

Update: 2023-05-15 08:17 GMT

രാജ്യത്തെ മൊത്തവില പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 34 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ (-) 0.92 ശതമാനത്തിലേക്ക് ഇടിഞ്ഞു. മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായി 11 മാസമായി കുറയുന്ന പ്രവണതയിലാണ്, ഏപ്രിലിൽ ഇത് പണച്ചുരുക്കത്തിലേക്ക് കടക്കുകയും ചെയ്തു. ഭക്ഷണം, ഇന്ധനം, മാനുഫാക്ചേര്‍ഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ കാര്യമായ ഇടിവാണ് ഡബ്ല്യുപിഐ കണക്കുകളില്‍ പ്രതിഫലിക്കുന്നത്.

2020 ജൂണിൽ രേഖപ്പെടുത്തിയ (-) 1.81 ശതമാനത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഡബ്ല്യുപിഐ നിരക്കാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ 1.34 ശതമാനവും ഏപ്രിലിൽ 15.38 ശതമാനവുമായിരുന്നു ഡബ്ല്യുപിഐ പണപ്പെരുപ്പം.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാർച്ചിൽ 5.48 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 3.54 ശതമാനമായി കുറഞ്ഞു.

അടിസ്ഥാന ലോഹങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, മിനറൽ ഓയിലുകൾ, തുണിത്തരങ്ങൾ, ഭക്ഷ്യേതര വസ്തുക്കൾ, രാസ, രാസ ഉൽപന്നങ്ങൾ, റബ്ബർ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പേപ്പർ, പേപ്പർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വ്യക്തമാക്കുന്നു. വിലയിടിവാണ് പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് പ്രധാന കാരണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം തിങ്കളാഴ്ച പറഞ്ഞു.

ഇന്ധന, വൈദ്യുതി മേഖലയിലെ പണപ്പെരുപ്പം മാർച്ചിലെ 8.96 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 0.93 ശതമാനമായി കുറഞ്ഞു. മാനുഫാക്ചേര്‍ഡ് ഉൽപ്പന്നങ്ങളിൽ, പണപ്പെരുപ്പ നിരക്ക് മാർച്ചിലെ 0.77 ശതമാനത്തിൽ നിന്ന് (-) 2.42 ശതമാനത്തിലേക്ക് ഇടിഞ്ഞു.

ഏപ്രിലിലെ റീട്ടെയിൽ പണപ്പെരുപ്പം 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.70 ശതമാനത്തിൽ എത്തിയതിനോട് ഒത്തുപോകുന്ന കണക്കാണ് ഡബ്ല്യുപിഐയിലെ ഇടിവ് നല്‍കുന്നത്. ധനനയ അവലോകന യോഗത്തില്‍ പലിശ നിരക്കുകള്‍ നിര്‍ണയിക്കുന്നതില്‍ റിസര്‍വ് ബാങ്ക് പ്രധാനമായും കണക്കിലെടുക്കുന്നത് റീട്ടെയില്‍ പണപ്പെരുപ്പ നിരക്കാണ്. ഇത് നിയന്ത്രണവിധേയമാകുന്നതു കൂടി കണക്കിലെടുത്ത് പലിശ നിരക്ക് വര്‍ധനയ്ക്ക് വിരാമമിടാന്‍ കഴിഞ്ഞ ധനനയ അവലോകന യോഗത്തില്‍ കേന്ദ്ര ബാങ്ക് നിശ്ചയിച്ചിരുന്നു. 

Tags:    

Similar News