വയനാട് പുനരധിവാസം: രണ്ട് ടൗൺഷിപ്പുകൾ വരുന്നു, നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്
വയനാട്ടിലെ മേപ്പാടി ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ദുരിതബാധിതർക്കായി രണ്ട് ടൗൺഷിപ്പുകൾ നിർമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ടൗൺഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ദുരന്തബാധിതർക്ക് വീടു വെച്ചുനൽകുക എന്നതു മാത്രമല്ല പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള ഉപജീവനമാർഗങ്ങൾ ഉൾപ്പെടെയാണ് പുനരധിവാസം യഥാർത്ഥ്യമാക്കുക. അതിന് സഹായവുമായി മുന്നോട്ടുവരുന്ന എല്ലാവരെയും ചേർത്തു പിടിക്കും. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചായിരിക്കും പുനരധിവാസ പദ്ധതി പൂർത്തിയാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
2005 ലെ ഡിസാസ്റ്റർ മാനേജ്‌മെൻറ് നിയമം വഴിയാണ് ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുക്കാൻ തീരുമാനിച്ചത്. തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനിൽക്കുന്ന വ്യവഹാരങ്ങളിൽ സർക്കാരിനുള്ള നിലപാട് തുടർന്നുകൊണ്ടുതന്നെയാണ് ഇവിടെ പുനരധിവാസം സാധ്യമാക്കുക.
ടൌൺ ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതി സർക്കാരിനനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ടെത്തിയ ഭൂമിയിൽ പുനരധിവാസത്തിനും നിർമ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനു ശേഷം എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റിൽ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയിൽ പ്ലാൻറേഷൻ മുന്നോട്ടു കൊണ്ടുപോകാൻ അനുമതി നൽകും. ഭൂമി കണ്ടെത്തിയത് ഡ്രോൺ സർവേയിലൂടെയാണ്. ഇപ്പോൾ നടക്കുന്ന ഫീൽഡ് സർവേ പൂർത്തിയാകുന്നതോടെ കൂടുതൽ കണിശതയുള്ള കണക്കുകൾ ലഭ്യമാകും.
എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പ് കല്പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗൺഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് വരുന്നത്. അതിനനുസൃതമായി ഭൂമിയുടെ വിലയിൽ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിനു 5 സെൻറും നെടുമ്പാലയിൽ 10 സെൻറും ആയിരിക്കും നൽകുക. ടൗൺഷിപ്പുകളിൽ വീടുകൾക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗൻവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങൾ എന്നിവയെല്ലാം സജ്ജമാക്കും.
ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് 2025 ജനുവരി 25 നകം പുറത്തിറക്കാൻ കഴിയുംവിധമാണ് പ്രവർത്തനങ്ങൾ നീക്കുന്നത്. ദുരന്തത്തിനിരയായവർക്ക് ഉപജീവനമാർഗ്ഗമൊരുക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ മൈക്രോപ്ലാൻ സർവേ നടത്തിയിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ പെടുന്ന 4658 പേർ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തി മൈക്രോ പ്ലാൻ തയാറാക്കിയത്. ഇതിൽ 79 പേർ മൃഗസംരക്ഷണമേഖലയാണ് തെരഞ്ഞെടുത്തത്. 192 പേർ കാർഷികമേഖലയും 1034 പേർ സൂക്ഷ്മസംരംഭങ്ങളും 585 പേർ മറ്റ് വരുമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്.
പ്രത്യേക പരിഗണന നൽകേണ്ടതായ സ്ത്രീകൾ മാത്രമുള്ള 84 കുടുംബങ്ങളേയും വിധവകൾ മാത്രമുള്ള 38 കുടുംബങ്ങളേയും കുട്ടികൾ മാത്രമുള്ള 3 കുടുംബങ്ങളേയും വയോജനങ്ങൾ മാത്രമുള്ള 4 കുടുംബങ്ങളേയും ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളേയും മൈക്രോ പ്ലാൻ സർവേ വഴി കണ്ടെത്തി.
ടൗൺ ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവർക്ക് തന്നെയായിരിക്കും. ഉരുൾ പൊട്ടിയ ആ ഭൂമി വന പ്രദേശമായി മാറാതിരിക്കാൻ കലക്റ്റീവ് ഫാമിങ് പോലുള്ള ഉൽപ്പാദനപരമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാധ്യതകൾ പിന്നീട് പരിഗണിക്കും. ആ ഭൂമി അതിന്റെ ഉടമകളിൽ നിന്ന് അന്യം നിന്നുപോകില്ല.
ദുരന്തബാധിതരെ മാതൃകാ ടൗൺഷിപ്പ് സ്ഥാപിച്ച് പുനരധിവസിപ്പിക്കുന്നതാണെന്നും പ്രൊജക്റ്റ് മാനേജ്‌മെൻറ് കൺസൾട്ടൻസിയായി (പി.എം.സി) കിഫ്ബിയെ ചുമതലപ്പെടുത്തുന്നതാണെന്നും നേരത്തെ റൂൾ 300 പ്രകാരം നിയമസഭയിൽ പ്രസ്താവന നടത്തിയപ്പോൾ അറിയിച്ചിരുന്നതാണ്. അതിന്റെ ഭാഗമായി ഒട്ടേറെ തയാറെടുപ്പുകൾ ഇതിനകം പൂർത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ കിഫ്ബി വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് സമർപ്പിക്കുകയും ഇതിൽ നിയമ, ധനകാര്യ വകുപ്പുകളുടെ അഭിപ്രായം തേടിയശേഷം മന്ത്രിസഭ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.
ടൗൺഷിപ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്ത നിവാരണ വകുപ്പിനെ ചുമതലപെടുത്തി
ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ, എഞ്ചിനീയറിംഗ് പ്രൊക്വർമെൻറ് ആൻറ് കൺസ്ട്രക്ഷൻ (ഇ.പി.സി) പ്രകാരം അംഗീകരിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. തൊഴിലുടമയുടെ പ്രതിനിധിയായി കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കിഫ്‌കോണിനെ (കിഫ്‌കോൺ) നെ ചുമതലപ്പെടുത്താനും തീരുമാനമായി. ധന, നിയമ വകുപ്പുകളുടെ അഭിപ്രായപ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കരാറുകാരായി നാമ നിർദ്ദേശം ചെയ്യാൻ തീരുമാനിച്ചു.
ഭരണാനുമതി നൽകുന്നതിന് മുൻപ് ഡി.എസ്.ആർ 2018 പ്രകാരമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കും. സാങ്കേതികാനുമതി നൽകുന്നതിന് മുൻപ് വിശദമായ എസ്റ്റിമേറ്റ് ഡി.എസ്.ആർ 2018 പ്രകാരം തയ്യാറാക്കി ധന വകുപ്പിൻറെ അറിവോടെ നൽകും. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം നൽകിയത്. ത്രിതല സംവിധാനമാണ് പുനരധിവാസ പദ്ധതി നടപ്പാക്കാൻ ഉണ്ടാവുക. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനർനിർമ്മാണ സമിതിക്കായിരിക്കും പദ്ധതിയുടെനേതൃത്വം.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപനസമിതിയും കലക്ടറുടെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെൻറേഷൻ യൂണിറ്റുമാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷനേതാവും പ്രധാന സ്‌പോൺസർമാരും മന്ത്രിമാരും ഉൾപ്പെടുന്ന ഉപദേശക സമിതി രൂപീകരിക്കും. പദ്ധതി നടത്തിപ്പിലെ സുതാര്യതയും ഗുണമേൻമയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഉറപ്പുവരുത്തും. സർക്കാർ, പി.എം.സി പ്രതിനിധികളും മൂന്നാം കക്ഷി എന്നനിലയിൽ ഒരു സ്വതന്ത്ര എഞ്ചിനീയർ, സ്വതന്ത്ര ഓഡിറ്റർ എന്നിവരും അടങ്ങിയ ഗുണനിലവാരം ഉറപ്പാക്കൽ സംവിധാനമായിരിക്കും ഈ സമിതി.പ്രൊജെക്ടുമായി ബന്ധപ്പെട്ട എല്ലാ കരാർ രേഖകളും പരിശോധിച്ച് ശുപാർശ ചെയ്ത് അംഗീകാരത്തിനായി ചീഫ് സെക്രട്ടറിക്കും ഭരണ വകുപ്പിനും നൽകുന്നതിന് ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.
23.08.2019 ലെ ഉത്തരവ് പ്രകാരം സ്ഥിരമായ പുനരധിവാസത്തിനുള്ള നിലവിലെ നിരക്ക് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ്. വയനാട് ഉരുൾപൊട്ടൽ ബാധിതരുടെ കാര്യത്തിൽ ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് പതിനഞ്ച് ലക്ഷം രൂപ നൽകും. ഇതേ തുക തന്നെ വിലങ്ങാട്ടെ പുനരധിവസിപ്പിക്കേണ്ട ദുരന്ത ബാധിതർക്കും അനുവദിക്കും. ഈ രണ്ട് ഉരുൾപൊട്ടലുകളുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ തീരുമാനം.
പുരധിവാസം വേണ്ട അഞ്ച് ട്രൈബൽ കുടുംബങ്ങൾ ആണ് ഉള്ളത്. അവരുടെ താൽപര്യപ്രകാരമുള്ള പുനരധിവാസം ഏർപ്പെടുത്തും. ധനവകുപ്പ് അംഗീകരിച്ച പ്രകാരമുള്ള സ്‌പോൺസർഷിപ്പ് ഫ്രയിം വർക്ക് അംഗീകരിക്കും. സ്‌പോൺസർഷിപ് പ്രകാരം ലഭിക്കുന്ന തുക സ്വീകരിക്കാനും അത് വയനാട് പുനരധിവാസ പദ്ധതിക്കായി ഉപയോഗിക്കാനും ഒരു ഡെഡിക്കേറ്റഡ് ബാങ്ക് അക്കൗണ്ട് തുറക്കും.
വയനാട് പുനരധിവാസ പദ്ധതിക്കായി സി.എം.ഡി.ആർ.എഫ്, എസ്ഡി.ആർ.എഫ്, സ്‌പോൺസർഷിപ്, സി.എസ്.ആർ ഫണ്ട്, പി.ഡി.എൻ.എ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഭ്യമാകുന്ന കേന്ദ്ര സഹായം എന്നിവ വയനാട് ടൗൺഷിപ് പ്രൊജക്റ്റിനായി വിനിയോഗിക്കും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടമായിട്ടാണെങ്കിലും പുനരധിവാസം ഒരുമിച്ച് നടപ്പിലാക്കും.
പുനരധിവാസവുമായി ബന്ധപ്പെട്ട് വീടുകൾ വാഗ്ദാനം ചെയ്ത സ്‌പോൺസർമാരുടെ യോഗം ചേരുകയുണ്ടായി. 100 ലധികം വീടുകൾ നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനംചെയ്ത 38 സ്‌പോൺസർമാരുടെ യോഗമാണ് ചേർന്നത്. നിർമിക്കാൻ ഉദ്ദേശിക്കുന്ന ടൗൺഷിപ്പിന്റെ മോഡൽ യോഗത്തിന് മുൻപാകെ അവതരിപ്പിച്ചു.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി, രാഹുൽ ഗാന്ധി എം പിയുടെ പ്രതിനിധി,കർണാടക സർക്കാർ പ്രതിനിധി, ഡിവൈഎഫ്‌ഐ, കെസിബിസി, നാഷണൽ സർവ്വീസ് സ്‌കീം, ശോഭ സിറ്റി, ഉൾപ്പെടെയുളള സംഘടനകളുടെ.യും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവരാണ് പങ്കെടുത്തത്. പുനരധിവാസ പദ്ധതികൾക്ക് എല്ലാ പിന്തുണയും പ്രതിനിധികൾ വാഗ്ദാനം ചെയ്തു. സ്‌പോൺസർമാർക്ക് പ്രത്യേക വെബ് പോർട്ടൽ നിലവിൽ വരും. ഒരോ സ്‌പോൺസർമാർക്കും നൽകുന്ന പ്രത്യേക ഐ ഡി നമ്പർ ഉപയോഗിച്ച് നിർമാണപ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയും.