പുതിയ സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

  • ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്
  • മൊബൈല്‍ ഫോണോ ടാബ്ലെറ്റോ സമ്മാനമായി നല്‍കി ബാങ്ക് വിശദാംശങ്ങള്‍ ചോര്‍ത്തിയെടുക്കും

Update: 2025-01-20 11:02 GMT

പാഴ്‌സല്‍ തട്ടിപ്പിനും ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിക്കും പിന്നാലെ പുതിയ സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ നല്‍കി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി.

മൊബൈല്‍ ഫോണോ ടാബ്ലെറ്റോ സമ്മാനമായി നല്‍കി ബാങ്ക് വിശദാംശങ്ങള്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പുനടത്തുന്ന രീതി രാജ്യത്ത് റിപ്പോര്‍ട്ട്ചെയ്തു. ഇത്തരത്തില്‍ ബെംഗളുരുവില്‍ ഐടി ജീവനക്കാരന് 2.8 കോടി രൂപ നഷ്ടപ്പെട്ടതായി വൈറ്റ്ഫീല്‍ഡ് സിഇഎന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു.

സ്വകാര്യ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തിയ ആള്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി പണം തട്ടുകയായിരുന്നുവെന്ന് വൈറ്റ്ഫീല്‍ഡ് സി.ഇ.എന്‍. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശിവകുമാര്‍ ഗുണാരെ പറഞ്ഞു.

ക്രെഡിറ്റ് കാര്‍ഡ് അപ്രൂവായിട്ടുണ്ടെന്നും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ സമ്മാനമുണ്ടെന്നും പറഞ്ഞായിരുന്നു മൊബൈല്‍ ഫോണ്‍ കൈമാറിയത്.

ക്ലോണിങ് സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണില്‍ സിം കാര്‍ഡ് ഇട്ടതോടെ ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങളും ഇമെയിലുകളും ഡിവൈസില്‍ ബ്ലോക്കായി. തട്ടിപ്പ് നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം പരാതിക്കാരന്‍ അറിയുന്നത്.

ഫോണ്‍ ക്ലോണ്‍ ചെയ്തതിനാല്‍, ബാങ്ക് അയച്ച ഒടിപികള്‍ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് റീഡയറക്ട് ചെയ്തായിരുന്നു തട്ടിപ്പ്. ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്. സംഭവത്തില്‍ ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.   

Tags:    

Similar News