പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്ന് യുഎസ് പിന്മാറി

  • ഫെഡറല്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം പദ്ധതി നിര്‍ത്തലാക്കി
  • ഫെഡറല്‍ നിയമനം മരവിപ്പിക്കാനും ട്രംപ് ഉത്തരവിട്ടു
  • ബൈഡന്‍ ഭരണകൂടം ഫെഡറല്‍ തൊഴിലുകള്‍ വര്‍ധിപ്പിച്ചിരുന്നു

Update: 2025-01-21 03:49 GMT

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍നിന്നും യുഎസ് പിന്മാറി. യുഎസ് പ്രസിഡന്റായി തിങ്കളാഴ്ച ചുമതലയേറ്റ ഉടന്‍ ഒപ്പിട്ട ആദ്യ റൗണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒന്നാണിത്. ഫെഡറല്‍ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം അവസാനിപ്പിക്കുന്ന ഉത്തരവും ആദ്യ ദിവസം തന്നെ നടപ്പിലായി. ഇത് ഫെഡറല്‍ തൊഴിലാളികള്‍ ആഴ്ചയില്‍ അഞ്ച് ദിവസവും അവരുടെ ഓഫീസുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കും.

കോവിഡ് -19 പാന്‍ഡെമിക് സമയത്ത് സാധാരണമായ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം അവസാനിപ്പിക്കുമെന്ന് മുന്‍പ്തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം, ഫ്‌ലോറിഡയിലെ തന്റെ മാര്‍-എ-ലാഗോ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ഉത്തരവ് പാലിക്കുന്നതിനായി ഓഫീസിലേക്ക് മടങ്ങാത്ത ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ താന്‍ പദ്ധതിയിട്ടതായും അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ ആദ്യ ടേമിന്റെ തുടക്കത്തില്‍ ഗവണ്‍മെന്റിന്റെ വലുപ്പം കുറയ്ക്കന്നതിന്റെ ഭാഗമായി അധികാരത്തില്‍ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ ഫെഡറല്‍ നിയമനം മരവിപ്പിക്കാനും ട്രംപ് ഉത്തരവിട്ടു.

പുതിയ തസ്തികകളിലേക്കും നിരവധി ഓപ്പണ്‍ തസ്തികകളിലേക്കുമുള്ള നിയമനം താല്‍ക്കാലികമായി നിര്‍ത്തിവച്ചാണ് ഉത്തരവ്. ദേശീയ സുരക്ഷ, പൊതു സുരക്ഷ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഈ നടപടി എത്രകാലം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബൈഡന്‍ ഭരണകൂടം ഫെഡറല്‍ തൊഴിലാളികളെ വര്‍ധിപ്പിക്കാനും നിരവധി പേര്‍ക്ക് ശമ്പള വര്‍ധനവ് നല്‍കാനും നടപടികള്‍ സ്വീകരിച്ചിരുന്നു.

പാരീസ് ഉടമ്പടിയില്‍നിന്നുളള പിന്മാറ്റം ആഗോള താപനത്തെ ചെറുക്കാനുള്ള ലോകമെമ്പാടുമുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. ഈ നടപടി അവരുടെ അടുത്ത സഖ്യകക്ഷികളില്‍ നിന്നുപോലും യുഎസിനെ അകറ്റാം. പാരീസ് ഉടമ്പടി യുഎസ് ഉപേക്ഷിക്കുമെന്ന് 2017ല്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആഗോളതാപനം കുറയ്ക്കുക എന്നതാണ് കരാര്‍കൊണ്ട് ഉദ്ദേശിക്കുന്നത്. 

Tags:    

Similar News