വ്യാപാരയുദ്ധം: കാനഡയിലെ ഓഹരി വിപണിയും കൂപ്പുകുത്തുന്നു

  • ഏറ്റവും വലിയ തിരിച്ചടി കാനഡയുടെ സാമ്പത്തിക മേഖലയില്‍
  • വ്യാവസായിക മേഖല 7.4 ശതമാനം ഇടിഞ്ഞു
  • എന്നാല്‍ മെക്‌സിക്കോ വിപണി താരതമ്യേന സ്ഥിരത പുലര്‍ത്തുന്നു
;

Update: 2025-03-15 04:38 GMT

വ്യാപാരയുദ്ധ പ്രതിസന്ധി കാനഡയിലെ സാമ്പത്തിക വിപണികളില്‍ കനത്ത ആഘാതം ഏല്‍പ്പിക്കുന്നതായി റിപ്പോര്‍ട്ട്. വ്യാപാര യുദ്ധം ആരംഭിച്ചതിനുശേഷം, കാനഡയുടെ പ്രധാന ഓഹരി സൂചികയും യുഎസ് സൂചികകളോടൊപ്പം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ സാമ്പത്തിക വിപണികളെ സുസ്ഥിരമാക്കുന്നതിനുള്ള മെക്‌സിക്കന്‍ സര്‍ക്കാരിന്റെ നടപടികളെത്തുടര്‍ന്ന് മെക്‌സിക്കോയുടെ പ്രധാന ഓഹരി സൂചിക താരതമ്യേന സ്ഥിരത പുലര്‍ത്തുന്നുണ്ട്.

ടൊറന്റോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എസ്, പി/ടിഎസ്എക്‌സ് കമ്പോസിറ്റ് സൂചിക ജനുവരി 30 ന് എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. എന്നാല്‍ കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന്റെ ആദ്യ പ്രഖ്യാപനം വന്നതിന് ശേഷം അത് കുറയാന്‍ തുടങ്ങി.

അതിനുശേഷം, ദിവസേനയെന്നോണം താരിഫ് നടപ്പിലാക്കുന്നതിനെക്കുറിച്ചോ കാലതാമസം വരുത്തുന്നതിനെക്കുറിച്ചോ ട്രംപ് തന്റെ മനസ്സ് മാറ്റുന്നത് വിപണികളെ അനിശ്ചിതത്വത്തിലാക്കി.

ജനുവരി 31 ന് ശഷം എസ്, പി/ടിഎസ്എക്‌സ് കമ്പോസിറ്റ് ഏകദേശം 5 ശതമാനം ഇടിഞ്ഞു. ഏറ്റവും കൂടുതല്‍ ബാധിച്ചത് സാമ്പത്തിക മേഖലയാണ്, 8.6 ശതമാനം ഇടിവ്. വ്യാവസായിക മേഖല 7.4 ശതമാനം ഇടിഞ്ഞു, ഊര്‍ജ്ജ മേഖലയാകട്ടെ 5.4 ശതമാനവും ഇടിഞ്ഞു.

യുഎസ് വിപണികളും തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. എസ് ആന്‍ഡ് പി 500, ഫെബ്രുവരിയിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് 10 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കാനഡയില്‍, വളര്‍ച്ചയെ ബാധിക്കുന്ന ആഘാതത്തിലാണ് ആശങ്കകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ആര്‍ബിസിയിലെ ചീഫ് ഇക്കണോമിസ്റ്റ് ഫ്രാന്‍സെസ് ഡൊണാള്‍ഡ് പറഞ്ഞു. പ്രത്യേകിച്ചും, നിക്ഷേപങ്ങള്‍ സ്തംഭിച്ചേക്കാം, തൊഴിലില്ലായ്മ ഉയരാം. യുഎസില്‍ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും വര്‍ധിച്ചുവരികയാണ്.

പലിശ നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ട് വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് സഹായിച്ചിരുന്നു. 2024 അവസാനത്തോടെ നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങി. യുഎസിലെ പണപ്പെരുപ്പ നിരക്ക് സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തിനടുത്ത് കുറഞ്ഞു. എന്നാല്‍ ഈ സ്ഥിതിയില്‍ മാറ്റം വരാമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്.

മിഷിഗണ്‍ സര്‍വകലാശാല വെള്ളിയാഴ്ച പുറത്തിറക്കിയ ഒരു സര്‍വേ കാണിക്കുന്നത്, ഭാവിയിലെ ഉയര്‍ന്ന പണപ്പെരുപ്പത്തിനായി ഉപഭോക്താക്കള്‍ തയ്യാറെടുക്കുന്നുണ്ടെന്നാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പം കഴിഞ്ഞ മാസം പ്രവചിച്ചിരുന്ന 3.5 ശതമാനത്തില്‍ നിന്ന് 3.9 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് സംഭവിച്ചാല്‍ 1993 ന് ശേഷമുള്ള ഏറ്റവും വലിയ ഒരു മാസത്തെ കുതിപ്പായിരിക്കും ഇത്.

എന്നാല്‍ കാനഡയിലെ പണപ്പെരുപ്പ നിരക്ക് ഇതിനകം തന്നെ 2 ശതമാനത്തില്‍ താഴെയാണ്. അതിനാല്‍ അവരുടെ കേന്ദ്ര ബാങ്കിന് വര്‍ധനവ് കൈകാര്യം ചെയ്യുന്നത് എളുപ്പമായിരിക്കും. 

Tags:    

Similar News