ഹൊവാര്‍ഡ് ലുട്നിക്ക് യുഎസ് വാണിജ്യ സെക്രട്ടറി
- ട്രംപിന്റെ വ്യാപാര നയങ്ങളുടെ ശക്തനായ വക്താവ്
- കാന്റര്‍ ഫിറ്റ്സ്ജെറാള്‍ഡ് എന്ന നിക്ഷേപ സ്ഥാപനത്തിന്റെ സിഇഒ ആയിരുന്നു ലുട്നിക്ക്
വാള്‍സ്ട്രീറ്റ് ശതകോടീശ്വരനായ ഹോവാര്‍ഡ് ലുട്നിക്കിനെ പുതിയ യുഎസ് വാണിജ്യ സെക്രട്ടറിയായി സ്ഥിരീകരിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെ പിന്തുണക്കുന്ന വ്യക്തിയാണ് ലുട്നിക്ക്. സെനറ്റ് 51-45 വോട്ടുകള്‍ക്ക് അദ്ദേഹത്തിന്റെ നിയമനം അംഗീകരിച്ചു.
ധനകാര്യ സേവന കമ്പനിയായ കാന്റര്‍ ഫിറ്റ്സ്ജെറാള്‍ഡിന്റെ മുന്‍ സിഇഒ ആയ ലുട്നിക് , അമേരിക്കന്‍ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ താരിഫുകള്‍ ഉപയോഗിക്കുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നു. വിദേശ സര്‍ക്കാരുകളെ വ്യാപാര ഇളവുകള്‍ ലഭിക്കുന്നതിന് സമ്മര്‍ദ്ദത്തിലാക്കുന്ന നയത്തെയും അദ്ദേഹം അനുകൂലിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ സ്ഥാനം അദ്ദേഹത്തെ യുഎസ് സാമ്പത്തിക നയം രൂപപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നിര്‍ത്തുമെന്നാണ് സൂചന. പ്രത്യേകിച്ച് അന്താരാഷ്ട്ര വ്യാപാരം, സാങ്കേതിക കയറ്റുമതി, വ്യാവസായിക സബ്സിഡികള്‍ തുടങ്ങിയ മേഖലകളില്‍.
വാണിജ്യ സെക്രട്ടറി എന്ന നിലയില്‍, ട്രംപിന്റെ വ്യാപാരത്തോടുള്ള സമീപനത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, ലുട്നിക് യുഎസ് വ്യാപാര പ്രതിനിധിയുടെ ഓഫീസുമായി അടുത്ത് പ്രവര്‍ത്തിക്കും.
കഴിഞ്ഞ മാസം നടന്ന സ്ഥിരീകരണ ഹിയറിംഗില്‍, താരിഫുകള്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ആശയം 'അസംബന്ധം' എന്ന് ലുട്‌നിക് തള്ളിക്കളഞ്ഞിരുന്നു. അമേരിക്കന്‍ കയറ്റുമതിക്കുള്ള തടസ്സങ്ങള്‍ കുറയ്ക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ എല്ലാത്തരം താരിഫുകളും വിന്യസിക്കുന്നതിന് അദ്ദേഹം പിന്തുണ പ്രകടിപ്പിച്ചു.
കഴിഞ്ഞ ആഴ്ച ട്രംപ് 'പരസ്പര' താരിഫുകള്‍ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങള്‍ യുഎസില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് ചുമത്തുന്ന ഉയര്‍ന്ന നികുതികള്‍ക്ക് തുല്യമായി യുഎസ് ഇറക്കുമതി നികുതി നിരക്കുകള്‍ ഉയര്‍ത്തുന്നു. ഈ നീക്കം പതിറ്റാണ്ടുകളായി ലോക വ്യാപാരത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെ തകര്‍ക്കും. 1960-കള്‍ മുതല്‍, ഡസന്‍ കണക്കിന് രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ നിന്നാണ് താരിഫ് നിരക്കുകള്‍ കൂടുതലും ഉയര്‍ന്നുവന്നത്.
ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനം തീരുവ ചുമത്തിയ പ്രസിഡന്റ്, വിദേശ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് യുഎസ് നികുതി ഫലപ്രദമായി വര്‍ധിപ്പിച്ചു. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുകയും അത് മാര്‍ച്ച് 4 വരെ വൈകിപ്പിക്കുകയും ചെയ്തു.
2001 സെപ്റ്റംബര്‍ 11-ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കാന്റര്‍ ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ലുട്‌നിക് അതിന്റെ സിഇഒ ആയിരുന്നു. ആ ദിവസം സ്ഥാപനത്തിന്റെ മൂന്നില്‍ രണ്ട് ജീവനക്കാരെയും - ലുട്‌നിക്കിന്റെ സഹോദരന്‍ ഉള്‍പ്പെടെ - 658 പേരെ - നഷ്ടപ്പെട്ടിരുന്നു. സ്ഥാപനത്തിന്റെ വീണ്ടെടുക്കലിന് നേതൃത്വം നല്‍കിയ ഹോവാര്‍ഡ് ലുട്‌നിക് നാഷണല്‍ സെപ്റ്റംബര്‍ 11 മെമ്മോറിയല്‍ & മ്യൂസിയത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.