സെലന്‍സ്‌കി ട്രംപുമായി ഏറ്റുമുട്ടി; കൂടിക്കാഴ്ച അലസിപ്പിരിഞ്ഞു

  • നിര്‍ണായകമായ ധാതു കരാറില്‍ ഒപ്പുവെക്കാതെ നേതാക്കള്‍
  • ക്യാമറകള്‍ക്കുമുന്നിലായിരുന്നു നേതാക്കള്‍ കൊമ്പുകോര്‍ത്തത്
;

Update: 2025-03-01 10:01 GMT

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച തര്‍ക്കങ്ങള്‍ക്കിടെ അലസിപ്പിരിഞ്ഞു.വാദപ്രതിവാദങ്ങള്‍ അരങ്ങേറിയ ചര്‍ച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. ഇതോടെ നിര്‍ണായകമായ ധാതു കരാറില്‍ ഒപ്പുവെക്കുന്നതില്‍ യുഎസും ഉക്രെയ്‌നും പരാജയപ്പെടുകയും ചെയ്തു.

റഷ്യയുമായി കരാര്‍ ഉണ്ടാക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ ശ്രമങ്ങള്‍ ശാശ്വത സമാധാനത്തിലേക്ക് നയിക്കുമെന്ന സെലെന്‍സ്‌കിയുടെ സംശയത്തെ ട്രംപ് പരിഹസിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് ഉക്രേനിയന്‍ നേതാവ് വൈറ്റ് ഹൗസ് വിട്ടു. ഇതിനെത്തുടര്‍ന്ന് കരാര്‍ ഒപ്പിടല്‍ ചടങ്ങും പത്രസമ്മേളനവും റദ്ദാക്കി.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനു പ്രത്യുപകാരമായാണ് ട്രംപ് ധാതു ഇടപാട് സെലന്‍സ്‌കിയുടെ മുന്നില്‍ വെച്ചത്. അപ്പോള്‍ പ്രത്യുപകാരമായി അമേരിക്കന്‍ പിന്തുണ തിരികെ നല്‍കുമെന്ന് സെലന്‍സ്‌കിയെ ട്രംപ് അറിയിച്ചിരുന്നു. ഈ കരാറാണ് നടക്കാതെ പോയത്.

'പ്രിയപ്പെട്ട ഓവല്‍ ഓഫീസില്‍ അദ്ദേഹം അമേരിക്കയെ അനാദരിച്ചു. സമാധാനത്തിന് തയ്യാറാകുമ്പോള്‍ അദ്ദേഹത്തിന് മടങ്ങിവരാം, ''സെലന്‍സ്‌കി വൈറ്റ് ഹൗസ് വിടുന്നതിന് തൊട്ടുമുമ്പ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.

ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നിലാണ് നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്.

ട്രംപുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച അമേരിക്കന്‍ പ്രസിഡന്റുമായുള്ള ബന്ധം സുഗമമാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സെലന്‍സ്‌കി യുഎസില്‍ എത്തിയത്. ചര്‍ച്ച അലസിപ്പിരിഞ്ഞത് സെലെന്‍സ്‌കിക്ക് വലിയ തിരിച്ചടിയാണ്.

ഇപ്പോഴും യുഎസ് സൈനിക സഹായത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യമാണ് ഉക്രെയ്ന്‍. ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ റഷ്യയുടെ ആക്രമണത്തെ ചെറുക്കാനുള്ള ഉക്രെയ്‌നിന്റെ കഴിവിനെക്കുറിച്ച് കൂടുതല്‍ സംശയം വിതയ്ക്കാന്‍ സാധ്യതയുണ്ട്.

''പുടിന്‍ ഒരിക്കലും യുദ്ധം നിര്‍ത്തില്ല, അത് കൂടുതല്‍ മുന്നോട്ട് പോകും,'' റഷ്യന്‍ നേതാവ് ഉക്രെയ്ന്‍ ജനതയെ വെറുക്കുന്നു എന്നും രാജ്യത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സെലെന്‍സ്‌കി പറഞ്ഞു.

യുഎസ് വൈസ് പ്രസിഡന്റുമായും സെലന്‍സ്‌കി കൊമ്പുകോര്‍ത്തശേഷമാണ് വൈറ്റ് ഹൗസ് വിട്ടത്. 

Tags:    

Similar News