''ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വം” രത്തന്‍ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി
രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് മോദി എക്ലില്‍ കുറിച്ചു. ടാറ്റ ഗ്രൂപ്പിന് അദ്ദേഹം സ്ഥിരതയാര്‍ന്ന നേതൃത്വം നല്‍കി. ബോര്‍ഡ് റൂമുകള്‍ക്കപ്പുറത്തേക്ക് അദ്ദേഹം സംഭാവനകള്‍ നല്‍കിയതായും മോദി എക്‌സില്‍ കുറിച്ചു.
ഇന്നലെ രാത്രി 11.45-ഓടെയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ച് രത്തന്‍ ടാറ്റ അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991ല്‍ ജെ ആര്‍ ഡി ടാറ്റയില്‍ നിന്നാണ് രത്തന്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. 1991 മുതല്‍ 2012 വരെ 21 വര്‍ഷം ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയൊഴിഞ്ഞത്. 2017 ജനുവരിയില്‍ എന്‍.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയര്‍മാനായി.
1937 ഡിസംബർ 28-നാണ് നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിലായിരുന്നു പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം നേടി. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു.
6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. മാതൃകമ്പനിയായ ടാറ്റ സണ്‍സിലെ ഏതാണ്ട് 66 ശതമാനത്തോളം ഓഹരികള്‍ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ട്രസ്റ്റുകളുടെ കൈവശമാണ്. വ്യവസായ സാമ്രാജ്യം പടുത്തുയർത്തുമ്പോഴും തികഞ്ഞ മനുഷ്യ സ്നേഹിയുമായിരുന്നു. ജീവകാരുണ്യ രംഗത്തും രത്തൻ ശ്രദ്ധ ചെലുത്തി. 2000 ല്‍ പത്മഭൂഷണും 2008 ല്‍ പത്മവിഭൂഷണും അടക്കമുളള പുരസ്കാരങ്ങള്‍ നൽകി രാജ്യം ആദരിച്ചു.