പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ഇടിയുന്നു; പ്രിയം ' യൂസ്ഡ് ഫോണിന് '
151 ദശലക്ഷം പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞ വര്‍ഷം വില്‍പ്പന നടത്തി;

പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള വില്‍പ്പന 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഇടിയുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഉപയോഗിച്ച ഫോണുകളുടെ (യൂസ്ഡ് ഫോണ്‍) വില്‍പ്പന മുന്നേറുകയാണ്.
റിസര്‍ച്ച് ഏജന്‍സിയായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്ക്പ്രകാരം ഈ വര്‍ഷം ഇതുവരെയായി 35-45 ദശലക്ഷം യൂസ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ വിറ്റഴിച്ചെന്നാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചതായും കണക്ക് പറയുന്നു.
അതേസമയം, പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 5 ശതമാനം കുറയുമെന്നാണു കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് കണക്കുകള്‍ പറയുന്നത്. 151 ദശലക്ഷം പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞ വര്‍ഷം വില്‍പ്പന നടത്തിയിരുന്നു.
2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സ്മാര്‍ട്ട് ഫോണ്‍ ഷിപ്പ്‌മെന്റ് മൂന്ന് ശതമാനമാണു കുറഞ്ഞത്. എങ്കിലും 2023 ജനുവരി-മാര്‍ച്ച് കാലയളവിനേക്കാള്‍ ഭേദമാണ്. ജനുവരി-മാര്‍ച്ചില്‍ 19 ശതമാനമാണു ഷിപ്പ്‌മെന്റില്‍ ഇടിവുണ്ടായത്.
ഉപഭോക്താക്കളുടെ വാങ്ങല്‍ രീതിയിലെ മാറ്റം
യൂസ്ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന കുതിച്ചുയരാനുള്ള കാരണം താങ്ങാവുന്ന വിലയായതു കൊണ്ടു മാത്രമല്ല, മറിച്ച് ഉപഭോക്താക്കളുടെ വാങ്ങല്‍ രീതിയിലുണ്ടായ പ്രകടമായ മാറ്റമാണ്.
ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ അതില്‍നിന്നും അപ്‌ഗ്രേഡ് ചെയ്ത് സ്മാര്‍ട്ട്‌ഫോണിലെത്താന്‍ ശ്രമിക്കുന്നു.
6000-7000 രൂപ വിലയുള്ള എന്‍ട്രി ലെവലിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉള്ളവര്‍ അടുത്ത ശ്രേണിയിലുള്ള അപ്‌ഗ്രേഡിനായും ശ്രമിക്കുന്നു.
മൊബൈല്‍ ഫോണ്‍ വിപണി പൊതുവേ മൂന്ന് തരത്തിലാണ് തരം തിരിച്ചിരിക്കുന്നത്.
ഒന്നാമത്തെ വിഭാഗം 2ജി, 4ജി ഫോണുകള്‍ ഉള്‍പ്പെടുന്നവ. 700 രൂപ മുതല്‍ വിലയുള്ള ഫോണുകള്‍ ഈ വിഭാഗത്തിലുണ്ട്.
രണ്ടാമത്തെ വിഭാഗം 6,000- 7,000 രൂപ വില നിലവാരമുള്ളവയാണ്. മൂന്നാമത്തെ വിഭാഗം 12,000-13,000 രൂപ വില വരുന്ന 5ജി ഫോണുകളാണ്.
മൂന്ന് വര്‍ഷം പഴക്കമുള്ള ഫോണിന് ഡിമാന്‍ഡ്
10,000-15,000 രൂപ വിലയുള്ള, മൂന്ന് വര്‍ഷം വരെ പഴക്കമുള്ള 4ജി സ്മാര്‍ട്ട്‌ഫോണിന് വിപണിയില്‍ നല്ല ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്.
എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് ഇത്തരം ഫോണുകള്‍ വളരെ ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകളും മികച്ച ബാറ്ററി ലൈഫും, ക്യാമറയും, കൂടുതല്‍ സ്റ്റോറേജും, ശക്തമായ ചിപ്‌സെറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. പല ഉപഭോക്താക്കളും പുതിയ ഫോണ്‍ വാങ്ങുന്നതിനു പകരം ഈ യൂസ്ഡ് ഫോണിലേക്കാണ് ആകര്‍ഷിക്കപ്പെടുന്നത്.