എഫ്ടിഎ: ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ വിസ യുകെ അനുവദിക്കുമോ?
- നിലവിലെ കുടിയേറ്റത്തോത് വളരെ ഉയര്‍ന്നതെന്ന് സുനക്
- കൂടുതല്‍ വിസകള്‍ ക്കായി ഇന്ത്യ നിര്‍ദ്ദേശം ഉന്നയിച്ചിട്ടില്ല
ഇന്ത്യ-യുകെ വ്യാപാര കരാറില്‍ ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ വിസ അനുവദിക്കുന്നതുസംബന്ധിച്ച നിര്‍ദ്ദേശമുണ്ടോ? ഇക്കാര്യത്തില്‍ യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി കൂടുതല്‍ വ്യക്തത നല്‍കുന്നു. ഇന്ത്യ കൂടുതല്‍ വിസകള്‍ തേടുന്നില്ലെന്നും എന്നാല്‍ ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫറുകള്‍ക്കും പോര്‍ട്ടബിള്‍ പെന്‍ഷനുകള്‍ക്കും വേണ്ടി വാദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ പിന്‍ബലത്തില്‍ വിസയില്‍ ഇളവ് നല്‍കില്ലെന്ന് യുകെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്.
'നിലവിലെ കുടിയേറ്റത്തിന്റെ തോത് വളരെ ഉയര്‍ന്നതാണെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നു' എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വക്താവ് നേരത്തെ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.' വ്യക്തമായി പറഞ്ഞാല്‍, ഈ സ്വതന്ത്ര വ്യാപാര കരാര്‍ നേടുന്നതിന് ഞങ്ങളുടെ ഇമിഗ്രേഷന്‍ നയത്തില്‍ മാറ്റം വരുത്താന്‍ പദ്ധതിയില്ല, അതില്‍ വിദ്യാര്‍ത്ഥി വിസകളും ഉള്‍പ്പെടുന്നു' , അവര്‍ വിശദീകരിക്കുന്നു.
പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട്, ടൈംസ് റേഡിയോയോട് സംസാരിക്കവെ, ദൊരൈസ്വാമി പറഞ്ഞു' കൂടുതല്‍ വിസകള്‍ അനുവദിക്കുന്നതുസംബന്ധിച്ച് ഇന്ത്യ നിര്‍ദ്ദേശമൊന്നും മുന്നോട്ടുവെച്ചിട്ടില്ല'. യുകെ മാധ്യമങ്ങളില്‍ അധിക വിസകള്‍ക്കായി ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന ആവര്‍ത്തിച്ചുവരുന്ന വാര്‍ത്തകള്‍ അദ്ദേഹം നിരാകരിച്ചു.
ഇന്ത്യയില്‍ പ്രതിഭകളെ നിലനിര്‍ത്താനുള്ള ആഗ്രഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ' 'ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഇന്‍ട്രാ-കമ്പനി കൈമാറ്റം സംബന്ധിച്ച പ്രക്രിയ ലളിതമാക്കാനാണ്' എന്ന് ദൊരൈസ്വാമി വിശദീകരിച്ചു. ഇന്ത്യന്‍, ബ്രിട്ടീഷ് കമ്പനികള്‍ തങ്ങളുടെ പൗരന്മാരെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മാറ്റുന്നത് എളുപ്പമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.
കഴിഞ്ഞ വര്‍ഷം, ആഭ്യന്തര മന്ത്രി സുല്ല ബ്രാവര്‍മാന്‍ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ വ്യാപാര ചര്‍ച്ചകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് വിവാദം സൃഷ്ടിച്ചിരുന്നു.
എന്നിരുന്നാലും, ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍, വ്യാപാര മന്ത്രി കെമി ബാഡെനോക്ക്, ഈ വര്‍ഷം ആദ്യം, വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി ബ്രിട്ടന്‍ താല്‍ക്കാലിക ബിസിനസ് വിസകള്‍ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വിശാലമായ ഇമിഗ്രേഷന്‍ പ്രതിബദ്ധതകളോ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ബ്രിട്ടന്റെ തൊഴില്‍ വിപണിയിലേയ്ക്കുള്ള പ്രവേശനമോ ഇത് അര്‍ത്ഥമാക്കുന്നില്ലെന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു.