റഷ്യയിലേക്കുള്ള യാത്ര ഇനി എളുപ്പമാകും

  • ഓഗസ്റ്റ് ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്ക് ഇ-വിസ സൗകര്യം ഏര്‍പ്പെടുത്തുന്നു
  • ഈ സൗകര്യത്തിന് ഈടാക്കുന്ന ഫീസ് 40 ഡോളര്‍
  • വിനോദസഞ്ചാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി

Update: 2023-07-29 11:03 GMT

ഇന്ത്യാക്കാര്‍ക്കായി ഇലക്ട്രോണിക് വിസ (ഇ-വിസ) സൗകര്യങ്ങളുമായി റഷ്യ. ഓഗസ്റ്റ് ഒന്നുമുതല്‍ ഈ സൗകര്യം ആരംഭിക്കും. ഇ-വിസ പരമാവധി നാല് ദിവസത്തിനുള്ളില്‍ പ്രോസസ് ചെയ്യാം. കൂടാതെ ഈ സൗകര്യത്തിന് 40 ഡോളര്‍ കോണ്‍സുലാര്‍ ഫീസ് ഈടാക്കും.

റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഓഗസ്റ്റ് ഒന്നു മുതല്‍ 52 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുതിയ ഇ-വിസ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. ബിസിനസ് യാത്രകള്‍, വിനോദസഞ്ചാരം തുടങ്ങിയവക്കായി റഷ്യയിലേക്ക് പ്രവേശിക്കാന്‍ ഇ-വിസ സൗകര്യം ഉപയോഗിക്കാം.

പുതിയ ഇ-വിസയുടെ സാധുത 60 ദിവസമായിരിക്കും, വിനോദസഞ്ചാരികള്‍ക്ക് ഒരേസമയം 16 ദിവസം രാജ്യത്ത് തങ്ങാന്‍ കഴിയും. ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഹോട്ടല്‍ റിസര്‍വേഷന്‍ നടത്തിയാല്‍ ആറ് മാസം വരെ ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യാക്കാര്‍ക്കുള്ള ഇ-വിസ സൗകര്യം വിപുലമായ ഡോക്യുമെന്റേഷന്‍ പ്രക്രിയ കുറയ്ക്കുകയും പ്രോസസിംഗ് സമയത്തില്‍ ഇളവ് വരുത്തുകയും ചെയ്യും. ഇത് റഷ്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഓപ്ഷന്‍ നല്‍കുന്നു.

ഉക്രെയ്‌നിലെ യുദ്ധം റഷ്യന്‍ വിനോദസഞ്ചാര മേഖലക്ക് പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവിന് വലിയ തിരിച്ചടിയായി. മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഔദ്യോഗിക കണക്കുകള്‍ പ്രകാരം റഷ്യയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2021-ല്‍ 290,000 ആയിരുന്നത് 2022-ല്‍ 190,000 ആയികുറഞ്ഞു. ഏതാണ്ട് 40 ശതമാനം കുറവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയത്.

ആയിരങ്ങളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്ത ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം ഒരു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. ഇതിനെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ കനത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. പിന്നീട് മോസ്‌കോ നിലനില്‍പ്പിനായി ചൈന, ഇന്ത്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയായിരുന്നു.

Tags:    

Similar News