കോടീശ്വരനാകണം, കല്യാണം കഴിക്കണം, കാറ് വാങ്ങണം... വര്‍ത്തമാനകാല തക്കാളി സ്വപ്‌നങ്ങള്‍

  • നിലവില്‍ 100 നും 200 നും ഇടയിലാണ് വില.
  • 800 പെട്ടി തക്കാളി വിറ്റ് 40 ലക്ഷം രൂപയാണ് നേടി
  • കൃഷിയിടങ്ങളിലെ രോഗബാധയും തക്കാളി വിളവിനെ ബാധിച്ചു

Update: 2023-08-09 11:11 GMT

തക്കാളിപ്പെട്ടിക്ക് ഗോദറേജിന്റെ പൂട്ടോ? കാര്യം തമാശയാണെങ്കിലും. തക്കാളി കര്‍ഷകരും, കച്ചവടക്കാരുമൊന്നും ഈ ചോദ്യം നിലവില്‍ അത്ര തമാശയായിട്ട് എടുക്കില്ല. കാരണം തക്കാളിപ്പെട്ടിക്ക് ഗോദ്‌റജിന്റെ പൂട്ട് തന്നെ വേണം. അത്രയ്ക്കാണ് തക്കാളി വിലയിലെ വര്‍ധന. തക്കാളി വില വര്‍ധിക്കുന്നതിനനുസരിച്ച് അതിനെ ചുറ്റിപ്പറ്റി രസകരവും, പേടിപ്പെടുത്തുന്നതുമായ നിരവധി വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഭര്‍ത്താവ് ഭാര്യയോട് ചോദിക്കാതെ കറിയില്‍ രണ്ട് തക്കാളി അധികമിട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവിനോട് പിണങ്ങി വീട് വിട്ടു പോയ ഭാര്യയെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി തിരെ എത്തിച്ച്, സമ്മാനമായി അരക്കിലോ തക്കാളി നല്‍കിയതും, തക്കാളിയുമായി പോയ ട്രക്ക് തട്ടികൊണ്ടു പോയതും, തക്കാളി കൃഷിയിടത്തിന് കാവല്‍ കിടന്ന കര്‍ഷകനെ കൊന്നതും, തക്കാളികള്‍ മോഷ്ടിക്കപ്പെട്ടതുമെല്ലാം ഈ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. അതിനൊപ്പം തക്കാളി വിറ്റ് കോടീശ്വരന്മാരായവരുടെ കഥകളും പുറത്തു വന്നിരുന്നു.

ഇനിയൊരു കല്യാണം കഴിക്കാം

കര്‍ണ്ണാടകയിലെ തക്കാളി കര്‍ഷകനാണ് രാജേഷ് ഇതുവരെ 800 പെട്ടി തക്കാളി വിറ്റ് 40 ലക്ഷം രൂപയാണ് നേടിയത്. പന്ത്രണ്ട് ഏക്കറിലായി തക്കാളി കൃഷി നടത്തുന്ന രാജേഷ് വില ഇങ്ങനെ തുടര്‍ന്നാല്‍ ഈ സീസണില്‍ ഒരു കോടി രൂപ നേടാനാകുമെന്ന പ്രതീക്ഷയിലാണ്. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പണം കയ്യിലെത്തിയതോടെ ഒരു കല്യാണം കഴിക്കണം, ഒരു എസ് യുവി വാങ്ങണം എന്ന ആഗ്രഹം കൂടി രാജേഷിനുണ്ട്. ഇത് രാജേഷിന്റെ മാത്രം കഥയല്ല. കഴിഞ്ഞ മാസമാണ് ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തര്‍ഷകന്‍ മൂന്ന് കോടി രൂപയുടെ തക്കാളി വിറ്റത്. തെലുങ്കാനയിലെ മെഡക്ക് ജില്ലയിലെ ഒരു കര്‍ഷകനും രണ്ട് കോടി രൂപയുടെ തക്കാളി വിറ്റിരുന്നു. അടുത്ത ഒരു കോടി രൂപയുടെ തക്കാളി വിളവെടുപ്പിന് തയ്യാറായികൊണ്ടിരിക്കുകയാണ്.

രാജ്യത്ത് തക്കാളി വില രണ്ട് മൂന്ന് മാസമായി ഉയര്‍ന്നുയര്‍ന്ന് പോകുകയാണ്. നിലവില്‍ 100 നും 200 നും ഇടയിലാണ് വില. വില 300 രൂപയിലേക്ക് എത്തുമെന്നുള്ള സൂചനകളുമുണ്ട്. തക്കാളി കൃഷി ചെയ്യുന്ന പ്രധാന മേഖലകളിലെ കനത്ത മഴമൂലം കൃഷി നശിച്ചതാണ് വില ഉയരാന്‍ കാരണം

സര്‍ക്കാരും സമ്മര്‍ദ്ദത്തില്‍

തക്കാളി വില ഉയരുന്നതില്‍ പ്രതിഷേധിച്ച് എഎപിയുടെ എംപി രാജ്യ സഭയിലെത്തിയത് തക്കാളി മാലധരിച്ചാണ്. കേന്ദ്ര സര്‍ക്കാര്‍ ജൂലൈ 14 മുതല്‍ സബ്‌സിഡിയോടു കൂടി തക്കാളി വില്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി കിലോയ്ക്ക് 60 രൂപയ്ക്ക് തക്കാളി വില്‍പ്പന നടത്തുമെന്ന പ്രഖ്യാപനവും വന്നിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ ഭന്‍വാരിലാല്‍ പുരോഹിത് രാജ്ഭവനില്‍ തല്‍ക്കാലം തക്കാളി വാങ്ങണ്ട എന്ന നിലപാടും എടുത്തിരുന്നു. സാധാരണ ജൂലൈ മാസത്തില്‍ തക്കാളി വിലയില്‍ വര്‍ധനയുണ്ടാകാറുണ്ടെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വില കുറയാറുമുണ്ട്. എന്നാല്‍ ഇത്തവണ തക്കാളി വില 100 രൂപയും കടന്ന് മുന്നോട്ട് പോയി.

വിഐപി പരിഗണന

മഹാരാഷ്ട്രയില്‍ ഒരു കര്‍ഷകന്‍ തന്റെ തക്കാളി കൃഷിയെ സംരക്ഷിക്കാനായി സിസിടിവി സ്ഥാപിച്ചിരിക്കുകയാണ്. ശരദ് റാവത്ത് എന്ന കര്‍ഷകനാണ് 22000 രൂപ മുടക്കി സിസിടിവി സ്ഥാപിച്ചത്. ഔറംഗാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഷാപൂര്‍ ബഞ്ചാറിലുള്ള കൃഷിയിടത്തിലാണ് ശരദ് സിസി ടിവി സ്ഥാപിച്ചത്. തക്കാളി മോഷണവുമായി ബന്ധപ്പെട്ട വേദനാജനകമായ അനുഭവമാണ് ഇതിനു പിന്നില്‍. കൂടുതല്‍ തക്കാളി മോഷണം പോയാലുണ്ടാകുന്ന സാമ്പത്തിക നഷ്ടം തങ്ങാനാകില്ലെന്നാണ് റാവത്തിന്റെ അഭിപ്രായം. ഇപ്പോള്‍ 22-25 കിലോ തക്കാളി വിറ്റാല്‍ 3,000 രൂപ ലഭിക്കും. തന്റെ അഞ്ച് ഏക്കര്‍ കൃഷിയിടത്തില്‍ 1.5 ഏക്കര്‍ അദ്ദേഹം തക്കാളി കൃഷിക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഇതില്‍ നിന്നും ആറ് മുതല്‍ ഏഴ് ലക്ഷം രൂപവരെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്തായാലും പ്രതിസന്ധിഘട്ടങ്ങളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ഉദാഹരണം കൂടിയാണ് ശരദ് റാവത്തിന്റെ കൃഷിയിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സോളാറില്‍ പ്രവര്‍ത്തിക്കുന്ന സിസിടി.

ഓണത്തിന് സാമ്പാറില്‍ തക്കാളി വേകുമോ

ഓണമിങ്ങെത്തി, തക്കാളിയില്ലാത്ത സാമ്പാറും, രസവുമൊക്കെയാകുമോ ഇത്തവണത്തെ ഓണത്തിന് എന്ന് സംശയിക്കേണ്ടി വരും. കേരളത്തിലും തക്കാളി വില് കിലോയ്ക്ക് 135-150 രൂപയിലാണ്. സംസ്ഥാനത്ത് മറ്റ് പച്ചക്കറികളുടെയും വില ഉയര്‍ന്നു തന്നെയാണുള്ളത്. അതിശക്തമായ മഴ വില്ലനായതോടെ തക്കാളി കൃഷി നശിച്ചു. ഇതിനെത്തുടര്‍ന്നാണ് വിലയില്‍ ഈ ഉയര്‍ച്ചയുണ്ടായത്. കൂടാതെ തക്കാളി കൃഷിയിടങ്ങളിലെ രോഗബാധയും തക്കാളി വിളവിനെ ബാധിച്ചു. അതോടെ രാജ്യത്ത് ആവശ്യത്തിനുള്ള തക്കാളി വിപണിയിലെത്താതായി. വില ഉയര്‍ന്നതോടെ കൂടുതല്‍ പേര്‍ തക്കാളി കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില്‍ വിപണിയിലേക്ക് ആവശ്യമായ തക്കാളിയെത്തുമെന്നും വില കുറയുമെന്നുമാണ് പ്രതീക്ഷ

Tags:    

Similar News