രണ്ടാം പാദത്തിൽ ടി സി എസ് ന്റെ അറ്റാദായത്തില്‍ 9% വര്‍ധന
ഒമ്പത് രൂപ നിരക്കില്‍ ഇടക്കാല ലഭവിഹിത൦
രാജ്യത്തെ മുന്‍നിര ഐടി സേവന ദാതാവായ ടിസി എസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്)ന്റെ അറ്റാദായത്തില്‍ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഒമ്പത് ശതമാനം വളര്‍ച്ച. വാര്‍ഷികാടിസ്ഥാനത്തില്‍ സംയോജിത (കണ്‍സോളിഡേറ്റഡ്) അറ്റാദായം ഒമ്പത് ശതമാനം വര്‍ധിച്ച് 11,342 കോടി രൂപയിലെത്തി.
സംയോജിത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ എട്ട് ശതമാനം വര്‍ധിച്ച് 59,692 കോടി രൂപയുമായി.
എന്നാല്‍, പാദാടിസ്ഥാനത്തില്‍ വരുമാനത്തില്‍ 0.5 തമാനവും ലാഭത്തില്‍ 2.4 ശതമാനവും വര്‍ധനയെ രേഖപ്പെടുത്തിയിട്ടുള്ളു.
ഒരു ഓഹരിക്ക് ഒമ്പത് രൂപ നിരക്കില്‍ ഇടക്കാല ലഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഒരു ഓഹരിക്ക് 4,150 രൂപ നിരക്കില്‍ 17,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങാനും ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
കമ്പനിയുടെ പ്രധാന വിഭാഗങ്ങളായ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ വരുമാനം തുടര്‍ച്ചയായി ഒരു ശതമാനത്തില്‍ താഴെ വളര്‍ച്ചയോടെ 22,840 കോടി രൂപയായി.
പലിശയ്ക്കും നികുതിയ്ക്കും മുമ്പുള്ള (എബിറ്റ്) വരുമാനം അതായത് പ്രവര്‍ത്തന ലാഭത്തില്‍ പാദാടിസ്ഥാനത്തില്‍ 1.1 ശതമാനം ഉയര്‍ന്ന് 24.3 ശതമാനമായി. വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്ന് ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി.