ആദ്യ വനിതാ ചീഫ് ഓഫ് സ്റ്റാഫിനെ നിയമിച്ച് ട്രംപ്
- തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന നിയമനമാണിത്
- യുഎസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈല്‍സ്
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രചാരണ മാനേജര്‍ സൂസന്‍ സമ്മറല്‍ വൈല്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന നിയമനമാണിത്.
നിയമനം യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാന്‍സ് സ്ഥിരീകരിച്ചു.
യുഎസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് ആയി വൈല്‍സ് പ്രവര്‍ത്തിക്കുമെന്ന് വാന്‍സ് പറഞ്ഞു.
'അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാന്‍ സൂസി വൈല്‍സ് എന്നെ സഹായിച്ചു, 2016-ലെയും 2020-ലെയും വിജയകരമായ പ്രചാരണങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു അത്,' പ്രസിഡന്റ് ട്രംപ് പറഞ്ഞു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ സൂസി അശ്രാന്തപരിശ്രമം തുടരും. സൂസിയെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫ് ആക്കിയത് അര്‍ഹമായ ബഹുമതിയാണ്- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപിനെ അഭിനന്ദിക്കുകയും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തെത്തുടര്‍ന്ന് അധികാര പരിവര്‍ത്തനം ഉറപ്പാക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ജനാധിപത്യത്തില്‍ ജനങ്ങളുടെ ഇച്ഛാശക്തിയാണ് നിലനില്‍ക്കുന്നതെന്നും സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കാന്‍ ട്രംപിന്റെ ടീമിനൊപ്പം തന്റെ ഭരണകൂടം പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ ഊന്നിപ്പറഞ്ഞു.