ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റ് അധികാരമേറ്റു
- സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറ്റുമെന്ന് എകെഡി
- റനില്‍ വിക്രമസിംഗെക്ക് തെരഞ്ഞെടുപ്പില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല
- മുന്‍പ് ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ ഇളക്കിവിട്ട ജെവിപിയുടെ നേതാവായിരുന്നു എകെഡി
ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റായി ഇടത് നേതാവ് അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് ലളിതമായിരുന്നു. രാജ്യത്തെ ഒമ്പതാമത് പ്രസിഡന്റാണ് അനുര കുമാര ദിസനായകെ. നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അദ്ദേഹം. അഴിമതിക്കെതിരെ പോരാടുമെന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറ്റുമെന്നും അനുര മാധ്യമങ്ങളോട് പറഞ്ഞു. നൂറ്റാണ്ടുകളായി ശ്രീലങ്കന്‍ ജനത കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ അനുര ദിസനായകെ എക്‌സില്‍ കുറിച്ചിരുന്നു.
ഇന്നലെയായിരുന്നു ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമായ അന്‍പത് ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. ദിസനായകെ ആദ്യഘട്ടത്തില്‍ 42.3 ശതമാനം വോട്ടും സജിത് പ്രേമദാസ 32.7 ശതമാനം വോട്ടുമാണ് നേടിയത്. സ്വതന്ത്രനായി മത്സരിച്ച റനില്‍ വിക്രമസിംഗെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. അദ്ദേഹത്തിന് 17.27 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. തുടര്‍ന്ന് ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെണ്ണല്‍ നടന്നു.
2022 ല്‍ ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രീലങ്കയെ കരകയറ്റാന്‍ അനുര കുമാര ദിസനായകെയ്ക്കാകുമെന്നാണ് പ്രതീക്ഷ.
എകെഡി എന്നറിയപ്പെടുന്ന 55 കാരനായ ഇടതുപക്ഷ നേതാവ് മാര്‍ക്‌സിസ്റ്റ് ചായ്വുള്ള ജനതാ വിമുക്തി പെരമുനയുടെ (ജെവിപി) തലവനാണ്. മുമ്പ് ശ്രീലങ്കയില്‍ ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ ഇളക്കിവിട്ടതിന് ജെവിപി കുപ്രസിദ്ധി നേടിയതാണ്. എകെഡി ഇപ്പോള്‍ ചൈനയുമായി കൂടുതല്‍ അടുത്തതായി പറയപ്പെടുന്നു. ഇന്ത്യക്ക് അനുര കുമാര ദിസനായകെയുടെ തെരഞ്ഞെടുപ്പ് അനുകൂലമാകാന്‍ സാധ്യത കുറവാണ് എന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ ബംഗ്ലാദേശ് ചൈനക്ക് അനുകൂല നിലപാടിലേക്ക് മാറിയിരുന്നു. ഇപ്പോള്‍ ശ്രീലങ്കയും ആ വഴിയേ നീങ്ങുമെന്നാണ് കരുതുന്നത്.