ശ്രീലങ്ക ആര്‍സിഇപിയില്‍ ചേരുമെന്ന് വിക്രമസിംഗെ
- സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള നടപടിയുടെ ഭാഗമാണ് ഈ നീക്കം
- ആര്‍സിഇപി രാജ്യങ്ങള്‍ കൈവരിക്കുന്ന അതിവേഗ വികസനം ശ്രീലങ്കയെ ആകര്‍ഷിക്കുന്നു
- സ്വതന്ത്ര വ്യാപാരകരാറുകളും കൊളംബോ ലക്ഷ്യമിടുന്നു
ചൈനയും ജപ്പാനും ഉള്‍പ്പെടുന്ന പ്രാദേശിക സമഗ്ര സാമ്പത്തി പങ്കാളിത്തത്തില്‍ (ആര്‍സിഇപി) ശ്രീലങ്ക അംഗമാകുമെന്നു പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പറഞ്ഞു. കൊളംബോയിലെ ഇന്തോനേഷ്യയുടെ എംബസിയില്‍ നടന്ന അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിന്റെ (ആസിയാന്‍) 56-ാം വാര്‍ഷികത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്ക ആസിയാന്‍ രാഷ്ട്രങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്നും വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയുടെ സാമ്പത്തിക ശ്രദ്ധ ഇപ്പോള്‍ കിഴക്കോട്ട് തിരിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം ആ മേഖലയിലെ രാജ്യങ്ങള്‍ കൈവരിക്കുന്ന ദ്രുതഗതിയിലുള്ള വികസനം കണക്കിലെടുക്കേണ്ടതുണ്ട്. ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പാക്കാന്‍ എല്ലാ മേഖലകളിലും ഒരുമിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് ഇപ്പോള്‍ ശ്രീലങ്ക ചെയ്യേണ്ടതെന്നും വിക്രമസിംഗെ പറഞ്ഞു. ഈ വിശാലമായ വ്യാപാര ബ്ലോക്കിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ആര്‍സിഇപിയില്‍ ചേരാന്‍ ശ്രീലങ്ക അപേക്ഷ നല്‍കിയിട്ടുണ്ട്.
ആസിയാന്‍ അംഗരാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനും രാജ്യം താല്‍പ്പര്യപ്പെടുന്നു. ശ്രീലങ്ക ഇതിനകം തന്നെ സിംഗപ്പൂരുമായി ഒരു വ്യാപാര കരാര്‍ ഒപ്പുവെക്കുകയും , തായ്‌ലാൻഡുമായി സജീവമായി ചർച്ചകൾ നടത്തികൊണ്ടിരിക്കുകയുമാണ്. .
വിശാലമായ ഏഷ്യന്‍ മേഖലയ്ക്കുള്ളില്‍ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തിന് അടിവരയിടുന്നതാണ് വിക്രമസിംഗെയുടെ പ്രസ്താവന.
ശ്രീലങ്ക 2022ലാണ് അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ കടുത്ത ദൗര്‍ലഭ്യമാണ് ഈ കാലയളവില്‍ ശ്രീലങ്ക നേരിട്ടത്.
ഇന്ത്യന്‍ മഹാസമുദ്ര രാഷ്ട്രമെന്ന നിലയില്‍ ശ്രീലങ്കക്ക് സൈനിക ഇടപെടലുകളില്ലാത്ത പ്രദേശമാകാനുള്ള ആഗ്രഹമാണുള്ളത്. ആ നയം ഇന്ത്യന്‍ മഹാസമുദ്ര മേഖലയെ സംബന്ധിച്ച ആസിയാന്‍ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമാണ്.
ആര്‍സിഇപിയില്‍ 15 അംഗ രാജ്യങ്ങളാണ് ഉള്ളത്.