പണപ്പെരുപ്പത്തിനെതിരായ യുദ്ധം ഇനിയും തീര്‍ന്നിട്ടില്ല: ആര്‍ബിഐ ഗവര്‍ണര്‍
- എല്‍നിനോ പ്രഭാവത്തിന്‍റെ ആഘാതം കണ്ടറിയണം
- 2022 -23 ലെ ജിഡിപി വളര്‍ച്ച 7%ന് മുകളില്‍ രേഖപ്പെടുത്തിയേക്കാം
- ഈ മാസത്തെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് 4.7 ആകുമെന്ന് പ്രതീക്ഷ
പണപ്പെരുപ്പം മിതമായ അളവിലേക്ക് എത്തിയെങ്കിലും, അതിനെതിരായ ഇന്ത്യയുടെ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. പണപ്പെരുപ്പത്തിനെതിരായ ജാഗ്രതയും നിരീക്ഷണവും തുടരേണ്ടതുണ്ടെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാർഷിക സെഷനിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആഗോള കാലാവസ്ഥയിലെ എല്‍നിനോ പ്രഭാവം സമ്പദ് വ്യവസ്ഥയെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്രോപരിതലത്തെ ചൂടു പിടിപ്പിക്കുന്ന എല്‍നിനോ ഈ വർഷം വലിയ ഉഷ്ണക്കാറ്റുകള്‍ക്കും വരള്‍ച്ചയും കാരണമാകുമെന്നും ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്ന് 3 ട്രില്യണ്‍ ഡോളര്‍ വരെ തുടച്ചുനീക്കിയേക്കും എന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അടുത്തതായി പ്രഖ്യാപിക്കപ്പെടുന്ന റീട്ടെയിൽ പണപ്പെരുപ്പം 4.7 ശതമാനത്തിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദാസ് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന്റെയും ബാങ്കിംഗ് സംവിധാനത്തിന്റെ പ്രതിരോധശേഷിയുടെയും പശ്ചാത്തലത്തിൽ, 2022-23 ലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച 7 ശതമാനത്തിൽ കൂടുതലായാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.5 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ കാർഷിക മേഖല നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതായാണ് ശക്തികാന്ത ദാസ് വിലയിരുത്തുന്നത്. സാധാരണ മൺസൂൺ ലഭിക്കുമെന്നാണ് കേന്ദ്രബാങ്ക് പ്രതീക്ഷിക്കുന്നു. മാത്രമല്ല, സേവന മേഖലയും കുതിച്ചുയർന്നു. പ്രത്യേകിച്ച് സിമന്റ്, സ്റ്റീൽ മേഖലകളിൽ സ്വകാര്യ നിക്ഷേപം കാര്യമായി നടന്നു. എന്നിരുന്നാലും, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, ചരക്ക് കയറ്റുമതിയിലെ പ്രതിസന്ധികള്‍, എൽ നിനോ സംബന്ധിച്ച പ്രവചനങ്ങൾ എന്നിവ വെല്ലുവിളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശക്തമായ മൂലധനം, മികച്ച ലിക്വിഡിറ്റി, ആസ്തി നിലവാരം മെച്ചപ്പെടുത്തൽ എന്നിവയിലൂടെ ഇന്ത്യൻ ബാങ്കിംഗ് സംവിധാനം സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമാണെന്ന് ദാസ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ ഉൽപാദന ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായ പണലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 ഡിസംബർ 31 വരെ, ഇന്ത്യൻ ബാങ്കുകളിലെ മൊത്ത നിഷ്‌ക്രിയ ആസ്തി 4.4 ശതമാനമാണ്. പലിശ നിരക്ക് സംബന്ധിച്ച തീരുമാനം തന്റെ മാത്രം കൈയിലല്ലെന്നും യഥാര്‍ത്ഥ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.