രത്തന്‍ ടാറ്റയുടെ സംസ്‌കാരം വൈകീട്ട് നാലിന്; മഹാരാഷ്ട്രയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

Update: 2024-10-10 06:21 GMT

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്. ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് നാലിന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. ഔദ്യോ​ഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്.

രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാര്‍ ഇന്നു നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മന്ത്രി ദീപക് കേസര്‍കര്‍ അറിയിച്ചു.

വ്യവസായികള്‍, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രുമുഖര്‍ തുടങ്ങി വന്‍ ജനാവലിയാണ് രത്തന് അന്തിമോപചാരം അര്‍പ്പിക്കാനായി മുംബൈയിലെ കൊളാബയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ളവർ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. അനുശോചന കുറിപ്പിലൂടെ രാഷ്ട്രപതി ദ്രൗപദി മുർമു രത്തൻ ടാറ്റയ്ക്ക് ആദരമർപ്പിച്ചു. ദീർഘവീക്ഷണവും അനുകമ്പയുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യവസായത്തിലും ജീവകാരുണ്യത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

Tags:    

Similar News