ഒറ്റ ക്ലിക്കിൽ ഇനി എല്ലാ സേവനങ്ങളും; ‘സ്വാറെയില്‍’ സൂപ്പര്‍ ആപ്പ് പുറത്തിറക്കി റെയിൽവെ
എല്ലാ റെയില്‍വേ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കുന്ന 'സ്വാറെയില്‍' സൂപ്പര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. ബീറ്റ ടെസ്റ്റിന്റെ ഭാഗമായുള്ള ആപ്പാണ് പ്ലേ സ്റ്റോറിലും ആപ്പ് സ്‌റ്റോറിലും എത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് നിലവിലുള്ള റെയില്‍ കണക്റ്റ് അല്ലെങ്കില്‍ യുടിഎസ് മൊബൈല്‍ ആപ്പ് ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ആപ്പില്‍ കയറാം. ആപ്പ് പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പ് സ്‌റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നും റെയില്‍വെ മന്ത്രാലയം അറിയിച്ചു.
സൂപ്പര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ അതേ ക്രെഡന്‍ഷ്യല്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള രണ്ട് ആപ്പുകളിലും സൂപ്പര്‍ ആപ്പിലും പ്രവര്‍ത്തിക്കും. swarail.support@cris.org.in എന്ന വിലാസത്തില്‍ ആപ്പിനെ കുറിച്ചുള്ള പ്രതികരണം അറിയിക്കുകയുക ചെയ്യാം.
ഈ ആപ്പിന്റെ സഹായത്തോടെ റിസർവേഷൻ ടിക്കറ്റുകളും റിസർവ് ചെയ്യാത്ത ടിക്കറ്റുകളും ബുക്ക് ചെയ്യാൻ കഴിയും. പ്ലാറ്റ്‌ഫോം ടിക്കറ്റ്, പാഴ്‌സൽ ബുക്കിംഗ്, പിഎൻആർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ നിന്ന് ലഭിക്കും. ചുരുക്കത്തിൽ റെയിൽവേ പൊതുജനങ്ങൾക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഈ ആപ്പിൽ യാത്രക്കാർക്ക് ലഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ഈ പുതിയ സൂപ്പർ ആപ്പ് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസാണ് (CRIS) വികസിപ്പിച്ചെടുത്തത്.