പയര്‍വര്‍ഗങ്ങളുടെ കൃഷി കുറഞ്ഞതായി കണക്കുകള്‍
- മണ്‍സൂണ്‍ കുറഞ്ഞത് കൃഷിയിറക്കിനെ ബാധിച്ചു
- ഖാരിഫ് വിളകള്‍ കുറയുന്നു, നെല്ലിനുമാത്രം ആശ്വാസം
കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഖാരിഫ് സീസണിന്റെ അവസാന ആഴ്ച വരെ പയര്‍ വര്‍ഗങ്ങള്‍ കൃഷി ചെയ്ത പ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞു. 8.58 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. നിലവില്‍ കൃഷി 119.91 ലക്ഷം ഹെക്ടറില്‍ മാത്രമാണ് ഉള്ളത്. രാജ്യത്ത് മണ്‍സൂണ്‍ മഴയില്‍ ഉണ്ടായ കുറവാണ് ഇതിനുകാരണമായി എടുത്തുകാട്ടുന്നത്. ഇതുവരെ 11ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഖാരിഫ് വിളകളുടെ വിതയ്ക്കല്‍ ആരംഭിക്കുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ തെക്കുപടിഞ്ഞാറന്‍ വേനല്‍ക്കാല മണ്‍സൂണിന്റെ ആരംഭത്തോടെയാണ്.
പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പരുത്തി, കരിമ്പ് എന്നിവ കൂടാതെ നെല്ലാണ് പ്രധാന ഖാരിഫ് വിള.
കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഖാരിഫ് സീസണില്‍ സെപ്റ്റംബര്‍ എട്ട് വരെ നെല്‍വിത്ത് വിതച്ച മൊത്തം വിസ്തൃതി 403.41 ലക്ഷം ഹെക്ടറായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 92.81 ലക്ഷം ഹെക്ടറായിരുന്നു. എന്നിരുന്നാലും, പയറുവര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍, വിതയ്ക്കല്‍ മന്ദഗതിയിലായി. ഒരു വര്‍ഷം മുമ്പ് ഇതേകാലയളവില്‍ പയര്‍വര്‍ഗങ്ങളുടെ കൃഷി 131.17 ലക്ഷം ഹെക്ടറിലായിരുന്നു. ഇതാണ് 119.91 ലക്ഷം ഹെക്ടറായി കുറഞ്ഞത്.
മധ്യപ്രദേശില്‍ പയറുവര്‍ഗങ്ങളുടെ കൃഷിയുടെ വിസ്തൃതി 23.44 ലക്ഷം ഹെക്ടറില്‍ നിന്ന് 19.72 ലക്ഷം ഹെക്ടറായി കുറഞ്ഞു. കര്‍ണ്ണാടകയിലാകട്ടെ 20.07 ലക്ഷം ഹെക്ടറില്‍ നിന്ന് 16.70 ലക്ഷം ഹെക്ടറായാണ് കൃഷിസ്ഥങ്ങള്‍ കുറഞ്ഞത്. മഹാരാഷ്ട്രയിലും കൃഷിയില്‍ ഇടിവ് രേഖപ്പെടുത്തി. ഇക്കുറി 16.15 ലക്ഷം ഹെക്ടറില്‍ മാത്രമാണ് കൃഷിയിറക്കിയത്.
എന്നാല്‍ ഈ ഖാരിഫ് സീസണില്‍ രാജസ്ഥാനില്‍ മാത്രം പയറുവര്‍ഗ്ഗങ്ങളുടെ കൃഷി 35.30 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 33.99 ലക്ഷം ഹെക്ടറായിരുന്നു.
ഉഴുന്നുകൃഷിയും കുറഞ്ഞു. ഇതിന്റെ വിസ്തൃതി 31.89 ലക്ഷം ഹെക്ടറായാണ് കുറഞ്ഞത്. മറ്റ് പയര്‍വര്‍ഗങ്ങളും കുറഞ്ഞ സ്ഥലങ്ങളിലാണ് വിതച്ചത്.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ ആറു വരെ രാജ്യത്ത് മണ്‍സൂണ്‍ മഴയില്‍ 11 ശതമാനം കുറവുണ്ടായി. പ്രസ്തുത കാലയളവില്‍ മധ്യ ഇന്ത്യയില്‍ മണ്‍സൂണില്‍ 12 ശതമാനവും തെക്കന്‍ ഉപദ്വീപില്‍ 11 ശതമാനവും മഴയുടെ കുറവുണ്ടായി. മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഇതുവരെ 182.21 ലക്ഷം ഹെക്ടറില്‍ നാടന്‍ ധാന്യങ്ങള്‍ വിതച്ചിട്ടുണ്ട്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 181.24 ലക്ഷം ഹെക്ടറേക്കാള്‍ നേരിയ തോതില്‍ കൂടുതലാണ്.
എണ്ണക്കുരുക്കള്‍ ഇതുവരെ 191.49 ലക്ഷം ഹെക്ടറില്‍ വിതച്ചു, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് നേരിയ കുറവ് രേഖപ്പെടുത്തി.
നാണ്യവിളകളില്‍, കരിമ്പ് വിതച്ച വിസ്തൃതി മുന്‍വര്‍ഷത്തെ 55.65 ലക്ഷം ഹെക്ടറില്‍ നിന്ന് ഈ ഖാരിഫ് സീസണിലെ സെപ്റ്റംബര്‍ എട്ട് വരെ 59.91 ലക്ഷം ഹെക്ടറായി വര്‍ധിച്ചു.