എ സ് സി ഒ വെര്‍ച്വല്‍ ഉച്ചകോടി; ഷി ജിന്‍പിംഗ് പങ്കെടുക്കും

  • ഉച്ചകോടി സംബന്ധിച്ച് ചൈനയുടെ ആദ്യ പ്രഖ്യാപനം
  • സ്വാധീനമുള്ള സാമ്പത്തിക, സുരക്ഷാ ബ്ലോക്കാണ് എസ് സി ഒ
  • സംഘടനയില്‍ ഇന്ത്യ സ്ഥിരാംഗമായത് 2017ല്‍

Update: 2023-06-30 06:06 GMT

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ് സി ഒ) അടുത്തയാഴ്ച നടക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പങ്കെടുക്കുമെന്ന് ബെയ്ജിംഗ് ഔദ്യോഗികമായി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജൂലൈ നാലിന് നടക്കുന്ന എസ് സി ഒയുടെ കൗണ്‍സില്‍ ഓഫ് ഹെഡ്സ് മീറ്റിംഗിന്റെ 23-ാമത് യോഗത്തില്‍ ബെയ്ജിംഗില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഷി പങ്കെടുക്കുമെന്നും സുപ്രധാന പരാമര്‍ശങ്ങള്‍ നടത്തുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിംഗ് പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എസ് സി ഒ ഉച്ചകോടിയില്‍ ഷി പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക പ്രഖ്യാപനമാണിത്. എസ് സി ഒ ഒരു സ്വാധീനമുള്ള സാമ്പത്തിക, സുരക്ഷാ ബ്ലോക്കാണ്, മാത്രമല്ല ഇത് ഏറ്റവും വലിയ പ്രാദേശിക അന്തര്‍ദേശീയ സംഘടനകളിലൊന്നായി ഉയര്‍ന്നുവന്നിട്ടുമുണ്ട്.

റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ 2001-ല്‍ ഷാങ്ഹായില്‍ നടന്ന ഉച്ചകോടിയിലാണ് ഇത് സ്ഥാപിച്ചത്. 2017ല്‍ ഇന്ത്യയും പാക്കിസ്ഥാനും ഇതില്‍ സ്ഥിരാംഗങ്ങളായി. ഈ വര്‍ഷം സംഘടനയുടെ പ്രസിഡന്റ്് സ്ഥാനം ഇന്ത്യയാണ് വഹിക്കുന്നത്.

ഇന്ത്യയുടെ പ്രസിഡന്‍സിക്ക് കീഴില്‍ ആദ്യമായി നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി, ബെയ്ജിംഗിലെ എസ് സി ഒ സെക്രട്ടേറിയറ്റില്‍ ന്യൂ ഡല്‍ഹി ഹാള്‍ ഉദ്ഘാടനം ചെയ്തു.

എസ് സി ഒയുടെ ആറ് സ്ഥാപക അംഗങ്ങളായ റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് അവരുടെ സംസ്‌കാരങ്ങളും തനതായ സവിശേഷതകളും ഉയര്‍ത്തിക്കാട്ടുന്ന ഹാളുകള്‍ ഉള്ളപ്പോള്‍, ഇന്ത്യ ആദ്യമായാണ് ഒരു ഹാള്‍ ഒരുക്കുന്നത്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വിവിധ വശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു 'മിനി-ഇന്ത്യ' എന്ന നിലയിലാണ് ന്യൂഡല്‍ഹി ഹാള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഇത് ഉല്‍ഘാടനം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. 'ഇന്ത്യയുടെ കലാപരമായ പാരമ്പര്യത്തിന്റെയും സാംസ്‌കാരിക സ്വത്വത്തിന്റെയും ആഴം ന്യൂഡല്‍ഹി ഹാളില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. ഇന്ത്യയിലുടനീളമുള്ള സമ്പന്നമായ വാസ്തുവിദ്യാ വൈദഗ്ധ്യത്തെ പ്രതിനിധീകരിക്കുന്ന അതിമനോഹരമായ പാറ്റേണുകളും രൂപങ്ങളും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം, ഉസ്ബെക്ക് നഗരമായ സമര്‍ഖണ്ടിലാണ് എസ് സി ഒ ഉച്ചകോടി നടന്നത്. അതില്‍ പ്രധാനമന്ത്രി മോദി, ചൈനീസ് പ്രസിഡന്റ് ഷി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരുള്‍പ്പെടെ ഗ്രൂപ്പിലെ എല്ലാ ഉന്നത നേതാക്കളും പങ്കെടുത്തിരുന്നു.

സെപ്റ്റംബറില്‍, ഇന്ത്യ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും, അതിനായി സംഘത്തിന്റെ മറ്റ് നേതാക്കളെ കൂടാതെ ഷിയെയും പുടിനെയും ഇന്ത്യ ക്ഷണിക്കും.

'സുരക്ഷിത എസ് സി ഒയിലേക്ക്' എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം.

Tags:    

Similar News