വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 270 ആയി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും
- മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മഴ വെല്ലുവിളി
- സൈന്യത്തിന്റെ പാലം പണി തുടരുകയാണ്
- ഇരുട്ടേറിയതോടെ ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി
വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 270 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ഇരുന്നൂറിലേറെപ്പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മഴ വെല്ലുവിളി ഉയര്‍ത്തി. മുണ്ടക്കൈയിലെ സൈന്യത്തിന്റെ പാലം പണി തുടരുകയാണ്.
കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലം ഇന്ന് മുങ്ങി. മഴയിലും മണ്ണുമാന്തി ഉപയോഗിച്ചുള്ള തിരച്ചില്‍ തുടര്‍ന്നു. രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയായിരുന്നു തിരച്ചില്‍. രാവിലെ ഇവിടെ സൈനികര്‍ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങള്‍ പൂര്‍ണമായി മാറ്റാന്‍ സാധിച്ചിരുന്നില്ല. തെരച്ചിലിന് അതീവ ദുഷ്‌കരമാക്കി ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ് ദുരന്ത ബാധിത പ്രദേശത്ത് ഉള്ളത്. ഇരുട്ടേറിയതോടെ ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. നാളെ രാവിലെ പുനരാരംഭിക്കും.